ബംഗളൂരുവിന് സെമിയുടെ സന്തോഷം; ഐ.എസ്.എല്‍ ടീമുകള്‍ക്ക് സങ്കടം
text_fieldsകോഴിക്കോട്: കരുത്തരായ ഐ ലീഗ് ടീം ബംഗളൂരു എഫ്.സിയുടെ ചുണക്കുട്ടന്മാര്‍ എ.എഫ്.സി കപ്പിന്‍െറ സെമി ഫൈനലില്‍ കടന്നപ്പോള്‍ ചങ്കിടിപ്പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐ.എസ്.എല്‍) പ്രമുഖ ടീമുകള്‍ക്ക്. മലേഷ്യന്‍ ടീമായ ജോഹര്‍ ദാറുല്‍ ടാസിമിനെതിരെ സെപ്റ്റംബര്‍ 28നും ഒക്ടോബര്‍ 19നുമാണ് ബംഗളൂരുവിന്‍െറ സെമി പോരാട്ടങ്ങള്‍. ഐ.എസ്.എല്ലില്‍ എഫ്.സി ഗോവ ഒഴികെയുള്ള ടീമുകളിലെ നിര്‍ണായക സാന്നിധ്യമാണ് ബംഗളൂരു എഫ്.സി താരങ്ങള്‍. അടുത്ത മാസം 20 വരെയുള്ള മത്സരങ്ങള്‍ ഐ.എസ്.എല്ലില്‍ ഇവര്‍ക്ക് നഷ്ടമാകും. 13 ബംഗളൂരു താരങ്ങളാണ് വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ കളിക്കുന്നത്. സുനില്‍ ഛേത്രിയടക്കം പലരും ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യവുമാണ്.
എ.എഫ്.സി കപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ ഗോള്‍ നേടി രക്ഷകനായ മലയാളി താരം സി.കെ. വിനീതിനെയും റിനോ ആന്‍േറായെയുമാണ് കേരള ബ്ളാസ്റ്റേഴ്സിന് നഷ്ടമാവുക. അഞ്ച് മത്സരങ്ങളില്‍ ഈ മലയാളി താരങ്ങളില്ലാതെയാകും മഞ്ഞപ്പട കളിക്കാനിറങ്ങുക. ഒക്ടോബര്‍ 17ന് എഫ്.സി പുണെ സിറ്റിക്കെതിരായ എവേ മത്സരം വരെ റിനോക്കും വിനീതിനും കളിക്കാനാവില്ല.മുംബൈ സിറ്റി എഫ്.സിക്കാണ് കനത്ത നഷ്ടം. സുനില്‍ ഛേത്രി, ഉദാന്ത സിങ്, അംറിന്ദര്‍ സിങ്, ലാല്‍ചുന്‍മാവായ് ഫനായ് എന്നിവരാണ് മുംബൈയുടെ ബംഗളൂരു താരങ്ങള്‍. അഞ്ച് മത്സരങ്ങളില്‍ ഇവര്‍ക്ക് കളിക്കാനാവില്ല. ഡല്‍ഹി ഡൈനാമോസ് നിരയിലെ ആല്‍വിന്‍ ജോര്‍ജും മാല്‍സ്വാംസുവലയും നാല് മത്സരങ്ങള്‍ക്കുണ്ടാവില്ല.
പുണെ സിറ്റിയുടെ മിടുക്കനായ യൂജിന്‍സണ്‍ ലിങ്ദോക്കും ചെന്നൈയുടെ ഡാനിയല്‍ ലാലിമ്പുയിയക്കും അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ കീഗന്‍ പെരേരക്കും നാല് മത്സരങ്ങള്‍ നഷ്ടമാകും. നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന്‍െറ സലാം രഞ്ജന്‍ സിങ്ങിന് അഞ്ച് കളികള്‍ക്ക് ശേഷമാണ് ടീമിനൊപ്പം ചേരാനാവുക.
സെമി കഴിഞ്ഞത്തെിയാലും താരങ്ങള്‍ക്ക് ഇനിയും വെല്ലുവിളികളുണ്ട്. പലരും തങ്ങളുടെ ഐ.എസ്.എല്‍ ടീമുകള്‍ക്കൊപ്പം പരിശീലനം നടത്താത്തവരാണ്. സഹതാരങ്ങളുമായി ഇണങ്ങിച്ചേരാന്‍ സമയമെടുക്കുമെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.