ബ്ലാസ്റ്റേഴ്സിന് ഗോളടിക്കണം, ജയിക്കണം
text_fieldsകൊച്ചി: ക്ലീൻ ഷീറ്റ്, വിലപ്പെട്ട രണ്ട് പോയൻറ്, പരിക്കേൽക്കാതെ താരങ്ങൾ, കഴിഞ്ഞ സീസണുകളിൽ വൈകി നേടിയ ജയം. ഹോം ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് പറയാൻ ന്യായീകരണങ്ങളേറെ. എന്നാൽ, ഗാലറിയിൽ ആർത്തലക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ അതൊന്നും പോരാ. ഗോളടിക്കണം, ജയിക്കണം. ഞായറാഴ്ച രാത്രി എട്ടിന് കലൂർ സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്.സിയെ നേരിടുമ്പോൾ അതിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. ടീമുകൾ ഗോളടിക്കാൻ മത്സരിക്കുന്ന സീസണിൽ ആരാധകരെ പിടിച്ചുനിർത്താനും മുന്നോട്ടുള്ള പ്രയാണം സുഗമമാക്കാനും ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.
മുന്നേറാൻ ജയം അനിവാര്യം
ഗോൾരഹിത മത്സരങ്ങളിൽ സമനില പാലിച്ച് തോൽവിയറിയാതെയാണ് ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരെ ഇറങ്ങുന്നത്. ജാംഷഡ്പുർ എഫ്.സിയും ബ്ലാസ്റ്റേഴ്സുമാണ് ഇതുവരെ തോൽവിയറിയാത്ത ടീമുകൾ. ക്ലീൻ ഷീറ്റോടെ രണ്ട് മത്സരങ്ങളിൽ സമനില നേടിയ ബ്ലാസ്റ്റേഴ്സ് രണ്ട് പോയൻറുമായി എട്ടാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ കൊൽക്കത്തയും രണ്ടാം മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയുമായിരുന്നു എതിരാളികൾ. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരം. അടുത്ത മത്സരം ഗോവക്കെതിരെ എവേ ഗ്രൗണ്ടിലായതിനാല് പരമാവധി പോയൻറ് നേടാനുറച്ചാകും കേരളത്തിെൻറ കൊമ്പന്മാർ കളത്തിലിറങ്ങുക. അതേസമയം, മൂന്ന് കളിയിൽ ഒരു ജയവും രണ്ട് തോൽവിയുമായാണ് മുംബൈ കൊച്ചിയിലെത്തുന്നത്. മൂന്നു പോയൻറുമായി പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള മുംബൈ മൂന്ന് ഗോൾ നേടിയപ്പോൾ അഞ്ച് ഗോൾ വഴങ്ങി. വിജയം തേടി ഇരു ടീമുകളും കളത്തിലിറങ്ങുമ്പോൾ കൊച്ചിയിൽ പോരാട്ടം തീപാറും.
ഗോളിലേക്ക് വഴിതുറക്കണം
ആദ്യ മത്സരത്തിലെ പോരായ്മകൾ പരിഹരിച്ചാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ പന്ത് തട്ടിയത്. പന്തടക്കത്തിൽ മുന്നിട്ടുനിന്ന ടീമിൽനിന്ന് മികച്ച ചില മുന്നേറ്റങ്ങളുമുണ്ടായി. അതേസമയം, ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിന്നാക്കം പോ യി. മുന്നേറ്റനിരയും മധ്യനിരയും കൂടുതൽ മെച്ചപ്പെടണം. മധ്യനിരയിൽനിന്ന് മികച്ച നീക്കങ്ങളുണ്ടാകണം. ഗോളവസരങ്ങൾ പ്രയോജനപ്പെടുത്താൻ മുന്നേറ്റനിരയും ഉണർന്നുകളിക്കണം. പ്രതിരോധനിരയും ഗോൾകീപ്പർ പോൾ റഹുബ്കയും രണ്ട് മത്സരങ്ങളിലും തിളങ്ങി. പരിക്കിൽനിന്ന് മോചിതനായ വെസ് ബ്രൗണിെൻറ അരങ്ങേറ്റമാകും ഞായറാഴ്ചത്തെ കളിയുടെ പ്രത്യേകത. സന്ദേശ് ജിങ്കാൻ, ലാൽറുതാര, റിനോ ആേൻറാ, നെമാഞ്ച പെസിച്ച് എന്നിവരായിരുന്നു പ്രതിരോധം കാത്തിരുന്നത്. പ്രതിരോധത്തിൽ വെസ് ബ്രൗൺ ഇറങ്ങിയാൽ ഇവരിലാരെങ്കിലും മാറിനിൽക്കേണ്ടിവരും. കഴിഞ്ഞ മത്സരത്തിലെ പോലെ സ്ട്രൈക്കറുടെ റോളിൽ ഇയാൻ ഹ്യൂം ഇറങ്ങിയാൽ സെൻറർ ഫോർവേഡ് പൊസിഷനിൽ സ്വതന്ത്രമായി കളിക്കാനുള്ള ചുമതലയാകും ബെർബറ്റോവിന് ലഭിക്കുക.
പ്രതിരോധിച്ചു ജയിക്കാൻ മുംബൈ
ഹോം ഗ്രൗണ്ടിെൻറ ആനുകൂല്യത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സിനെതിരെ പ്രതിരോധിച്ചു കളിക്കാനാകും മുംബൈയുടെ ശ്രമം. മധ്യനിരയും പ്രതിരോധവും ശക്തിപ്പെടുത്തി കളിക്കുന്ന മുംബൈയുടെ ഏക സ്ട്രൈക്കറായി ഇന്ത്യൻ താരം ബൽവന്ത് സിങ് കളിച്ചേക്കും. ബ്രസീലിയൻ താരം എവർട്ടൺ സാേൻറാസ്, കാമറൂൺ താരം എമാന അച്ചില, ഇന്ത്യൻ താരങ്ങളായ സഞ്ജു പ്രധാൻ, അഭിനാസ് റുയിഡാസ്, സെഹ്നാജ് എന്നിവർ മധ്യനിരയിലിറങ്ങും. ബ്രസീൽ താരങ്ങളായ മാർസിയോ റൊസാരിയോ, ജേഴ്സൺ വിയേര, റുമേനിയൻ താരവും ക്യാപ്റ്റനുമായ ലൂസിയൻ ഗോയൻ, മെഹ്റാജുദ്ദീൻ വാദു എന്നിവർക്കായിരിക്കും പ്രതിരോധനിരയുടെ ചുമതല. ഗോൾകീപ്പർ അമരീന്ദർ സിങ് മിന്നുന്ന ഫോമിലാണ്. മലയാളിതാരം സക്കീർ മുണ്ടംപാറ പരിക്കിെൻറ പിടിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.