ഹ്യൂമടിച്ചു; വിവാ ബ്ലാസ്റ്റേഴ്സ്
text_fieldsമുംബൈ: 23ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് തന്ത്രപൂർവ്വം ഗോളാക്കി മാറ്റിയ സൂപ്പർതാരം ഇയാൻ ഹ്യൂമിെൻറ കരുത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിക്കെതിരെ ഒരു ഗോൾ ജയം. കറേജ് പെകുസൻ നൽകിയ കിടിലൻ പാസ് മിന്നൽ വേഗത്തിൽ ഗോളാക്കിയ ഇയാൻ ഹ്യൂമിലൂടെ ഒന്നാം പകുതിയിൽ ലീഡ് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതെ സൂക്ഷിച്ച് കളിച്ച് നിർണായക ജയം സ്വന്തമാക്കി. രണ്ടാം എവേ മാച്ച് ജയവും സീസണിലെ മൂന്നാം ജയവുമായി പോയിൻറ് പട്ടികയിലും കുതിച്ച് ബ്ലാസ്റ്റേഴ്സ്. 10 കളികളിൽ 14 പോയിേൻറാടെ ആറാം സ്ഥാനത്താണ് ഡേവിഡ് ജെയിംസിെൻറ മല്ലുപ്പട.
ആദ്യ പകുതിയുടെ മധ്യത്തിൽ വഴങ്ങിയ ഫ്രീകിക്ക് പൊടുന്നനെ എടുത്ത് പെകുസൻ ഹ്യൂമിന് നീട്ടി നൽകുന്നത് കണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ച് നിന്ന മുംബൈ താരങ്ങളുടെ നടുവിലൂടെ മഞ്ഞ ജഴ്സിക്കാരുടെ ആഹ്ലാദ പ്രകടനം. പ്രതീക്ഷ കൈവിടാതെ റഫറിക്ക് ചുറ്റും കൂടി പ്രതിഷേധമറിയിച്ച മുംബൈ താരങ്ങളെ നിരാശരാക്കി, റഫറി തീരുമാനം മാറ്റിയതുമില്ല. മാർകോസ് സിഫിനിയോസിനെ ടാക്കിൾ ചെയ്ത് ബൽവന്താണ് കേരളത്തിന് ഭാഗ്യമായ ആ ഫ്രീകിക്ക് സമ്മാനിച്ചത്. െഎ.എസ്.എല്ലിലെ ടോപ് സ്കോററായ ഹ്യൂം ഇൗ സീസണിലെ നാലാം ഗോളാണ് കുറിച്ചിരിക്കുന്നത്.
ആദ്യ പകുതിയുടെ ആരംഭത്തിൽ ആക്രമിച്ച് കളിച്ച ഇരു ടീമുകൾക്കും ഗോളൊന്നും സ്കോർ ചെയ്യാനായിരുന്നില്ല. മുംബൈയാണ് കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. കേരളത്തിെൻറ പോസ്റ്റിലേക്ക് നിരന്തരം പ്രഹരിച്ച മുംബൈയുടെ മുന്നേറ്റ നിരയെ കീഴ്പെടുത്താൻ പ്രതിരോധനിര കഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു. ഒമ്പതാം മിനിറ്റിൽ ആതിഥേയർ നടത്തിയ മികച്ച മുന്നേറ്റം നായകൻ ജിങ്കനാണ് രക്ഷപ്പെടുത്തിയത്. സീസണിൽ അഞ്ച് ഗോളടിച്ച ബൽവന്ത് സിങ് നേട്ടം ആറാക്കുമെന്ന് തോന്നിച്ച ഹെഡർ പോസ്റ്റിന് പുറത്തുകൂടി മാറിപ്പോയതും ആശ്വാസമായി. 41ാം മിനിറ്റിൽ തിയാഗോ സാേൻറാസ് വെസ് ബ്രൗണിനെ വെട്ടിച്ച് കടത്തിയ പന്ത് സുഭാഷിഷ് റോയി പിടിച്ചു. ഹ്യൂമിനും സിഫ്നിയോസിനും പെകുസനും ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നുപോലും ഗോളാക്കിമാറ്റാനായില്ല. 23ാം മിനിറ്റിൽ ഹ്യൂമടിച്ച ഗോളിലൂടെ ഒന്നാം പകുതി ബ്ലാസ്റ്റേഴ്സിന് സ്വന്തം.
രണ്ടാം പകുതിയിൽ സിഫ്നിയോസിനെ പിൻവലിച്ച് വിനീതിനെ ഇറക്കി കളിയാരംഭിച്ച ബ്ലാസ്റ്റേഴ്സിെൻറ പോസ്റ്റിൽ ഒന്നാം പകുതിയിലുണ്ടാക്കിയതിനേക്കാൾ പ്രതിസന്ധി മുംബൈ രണ്ടാം പകുതിയിൽ സൃഷ്ടിച്ചു. തുടക്കത്തിൽ തന്നെ ലാൽ റുവാത്താര രക്ഷകനായി അവതരിച്ച് മറ്റൊരു വിരസ സമനിലയിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു. 47ാം മിനിറ്റിൽ സാേൻറാസ് ഒരുക്കിയ അവസരത്തിൽ ബൽവന്ത് ഒരു ഗോളടി ശ്രമം നടത്തിയെങ്കിലും വിഫലമായി. 50ാം മിനിറ്റിൽ ബൽവന്ത് നൽകിയ പാസ് ഇമാന ഗോളാക്കിയെങ്കിലും റഫറി ഒാഫ് വിളിച്ച് കേരളത്തിെൻറ ശ്വാസം തിരിച്ച് നൽകുകയായിരുന്നു.
54ാം മിനിറ്റിൽ പരിക്കേറ്റ് റിനോ ആേൻറാ പുറത്ത് പോവുകയും നെമാഞ്ച ലാകിച് പെസിച്ച് വരികയും ചെയ്തു. കാലിൽ നിയന്ത്രണത്തിലുണ്ടായിരുന്ന പന്ത് പല തവണ അനാവശ്യമായി വിട്ട് കളിച്ച ബ്ലാസ്റ്റേഴ്സിന് വേണ്ടി പെകുസൻ 65ാം മിനിറ്റിൽ ഒരു മികച്ച മുന്നേറ്റം നടത്തിയെങ്കിലും പുറത്തടിച്ച് കളയുകയായിരുന്നു. വിനീതിന് പാസ് നൽകണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിനിടക്ക് നീട്ടിയടിച്ച് കളഞ്ഞ മുന്നേറ്റം മുംബൈ ഗോളിക്ക് പ്രാണവേദനയുണ്ടാക്കി എന്ന് പറയാം. 79ാം മിനിറ്റിൽ വിനീതിനെ ഫൗൾ ചെയ്തതിലൂടെ ലഭിച്ച ഫ്രീകിക്ക് ഹ്യൂം ഗോളാക്കുമെന്ന് തോന്നിച്ചെങ്കിലും തെൻറ ഇടത് ഭാഗത്ത് വീണ് കിടന്ന് ഗോളി രക്ഷപ്പെടുത്തി. 81ാം മിനിറ്റിലും ഗോളാക്കാവുന്ന ഒരു അവസരം വിനീതിന് ലഭിച്ചിരുന്നു. ഇഞ്ചുറി സമയങ്ങളിൽ ആരാധകരുടെ നെഞ്ചിൽ നിന്നും പാളിയ പല മുഹൂർത്തങ്ങളും ബ്ലാസ്റ്റേഴ്സിെൻറ പോസ്റ്റിനുള്ളിൽ അരങ്ങേറിയെങ്കിലും പ്രാർഥനകൾ രക്ഷിച്ചു എന്ന് പറയാം.
സി.കെ വിനീതിനെ പുറത്ത് ഇരുത്തിയാണ് ബ്ലാസ്റ്റേഴ്സിന്ന് ആദ്യ പകുതിയിൽ കളിക്കാനിറങ്ങിയത്. ബെർബക്ക് പകരമായി സിഫ്നോസിനെയും ഇറക്കി. സിയാം ഹാങ്കലിന് പകരക്കാരനായി മിലൻ സിങ്ങും ടീമിലെത്തി. ജംഷഡ്പൂർ എഫ്സിയുമായുള്ള എവേ മാച്ചാണ് കേരള നിരക്ക് അടുത്ത കടമ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.