െഎ.എസ്.എൽ: ബ്ലാസ്റ്റേഴ്സിന് ഇന്ന് മുംബൈ വെല്ലുവിളി
text_fieldsമുംബൈ: രണ്ട് പേരും ചില്ലറക്കാരല്ല. വീഴ്ചകളില്‍നിന്ന് കേരളത്തിെൻറ സ്വന്തം മഞ്ഞപ്പട മികവിെൻറ മിന്നലാട്ടം കാട്ടിത്തുടങ്ങി. ആദ്യ പാദത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടി സമനിലയില്‍ തളച്ച ബ്ലാസ്റ്റേഴ്സല്ല ഞായറാഴ്ച തങ്ങൾക്കെതിരെ മുംബൈ ഫുട്ബാള്‍ അരീനയില്‍ ഇറങ്ങുന്നതെന്ന് മുംബൈ എഫ്.സി തിരിച്ചറിഞ്ഞിരിക്കുന്നു. ഡേവിഡ് െജയിംസിെൻറ വരവ് വലിയ ഉണര്‍വ് വരുത്തിയെന്ന് മുംബൈ കോച്ച് അലക്സാന്ദ്രെ ഗ്വിമറസ് പറയുന്നു. ഇതുവരെ ബെഞ്ചിലിരുന്ന കളിക്കാരില്‍ വരെ അത് പ്രകടമാണെന്നും അദ്ദേഹം പറയുന്നു. ഡേവിഡ് െജയിംസ് പറന്നിറങ്ങിയതോടെ മഞ്ഞപ്പട തോല്‍വി അറിഞ്ഞിട്ടില്ല. മാത്രമല്ല, ഐ.എസ്.എല്ലിലെ പരിചയസമ്പന്നനായ ഇയാന്‍ ഹ്യൂം കരുത്തുകാട്ടി തുടങ്ങിയിരിക്കുന്നു. പുതിയ കോച്ചിെൻറ ആശീര്‍വാദത്തോടെ കളത്തിലിറങ്ങിയ കിസിറ്റോ കെസിറോണ്‍ സൂക്ഷിക്കേണ്ടുന്ന താരമാണെന്നും ഗ്വിമറസ് പറയുമ്പോള്‍ വലിയ തന്ത്രങ്ങള്‍ ഒരുക്കിയാണ് മുംബൈയുടെ കാത്തിരിപ്പെന്ന് വ്യക്തം.
കഴിഞ്ഞ സീസണുകളില്‍ മുംബൈയോട് ജയിക്കാന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ. 2016 ല്‍ ഇതേ മൈതാനത്ത് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ, ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. അതൊക്കെ പഴങ്കഥ. ഇന്ന് കളിക്കാരും കോച്ചും മാറി. പുണെയെ ഒരു ഗോള്‍ സമനിലയില്‍ തളച്ചും ഡല്‍ഹിയെ 3-1ന് തരിപ്പണമാക്കിയും ആത്മ ധൈര്യത്തോടെയാണ് കറുപ്പണിഞ്ഞ മഞ്ഞപ്പട മുംബൈയെ നേരിടാന്‍ എത്തുന്നത്. സ്വന്തം തട്ടകത്തിെൻറ അനുകൂല ഘടകങ്ങളില്‍ മുംബൈ വിശ്വാസമര്‍പ്പിക്കുമ്പോള്‍ എവിടെച്ചെന്നാലും പറന്നെത്തുന്ന ആരാധകരാണ് ബ്ലാസ്റ്റേഴ്സിെൻറ കരുത്ത്. ‘‘ഡല്‍ഹിയെ പോലെയല്ല മുംബൈ. മത്സരം വെല്ലുവിളിയാണ്. വിജയം തന്നെയാണ് ലക്ഷ്യം. മുംബൈയുടെ ശൈലിക്കൊത്ത് തങ്ങളുടെയും കേളീശൈലി മാറും’’ -ഡേവിഡ് ജെയിംസ് പറഞ്ഞു.
റുമേനിയക്കാരന്‍ ലൂസിയാന്‍ ഗൊയിയാെൻറ നേതൃത്വത്തിലുള്ള മുംബൈയുടെ പ്രതിരോധമതില്‍ തന്നെയാകും മഞ്ഞപ്പടയുടെ വെല്ലുവിളി. സി.കെ. വിനീത് കളത്തിലിറങ്ങുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി കോച്ച് നല്‍കിയിട്ടില്ല. കേരളത്തിെൻറ പ്രതിരോധം കടുത്തതാണെന്ന് മുംബൈ കോച്ച് പറയുന്നു. അത് പിളര്‍ക്കല്‍ വലിയ ദൗത്യമാണ്. മൂന്ന് പോയൻറ് വിട്ടുകൊടുത്താല്‍ അത് പോയൻറ് പട്ടികയില്‍ തങ്ങള്‍ക്ക് വലിയ ഭീഷണിയാകുമെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. സന്ദേഷ് ജിങ്കാെൻറ നേതൃത്വത്തിലുള്ള പ്രതിരോധപ്പടയും പെകുസൺ, കെസിറോണ്‍, ഹ്യൂം ത്രയം കളത്തിലിറങ്ങുകയും ചേരുമ്പടി ചേരുകയും ചെയ്താല്‍ മുംബൈക്ക് നന്നായി വിയര്‍ക്കേണ്ടിവരും. കാലിലെ ചോര്‍ച്ചയാണ് കേരളത്തിെൻറ പ്രതികൂല വിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.