ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ; എതിരാളി ജംഷഡ്പുർ എഫ്.സി
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പുർ എഫ്.സിയും ഇന്ന് കൊച്ചിയുടെ കളിമുറ്റത്ത് പോരിനിറങ്ങും. രാത്രി എട്ടിനാണ് മത്സരം. ആദ്യ മത്സരത്തിൽ ഇരുടീമുകളും സമനില പാലിക്കുകയായിരുന്നു. ഹോം ഗ്രൗണ്ടിലെ ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ കൊൽക്കത്തയോടാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. അതേസമയം നോർത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ കുരുക്കിയാണ് ജംഷഡ്പുർ കൊച്ചിയിലെത്തുന്നത്. കലിപ്പടക്കി കപ്പ് നേടാനും ആദ്യ മത്സരഫലത്തിനും കലിപ്പടങ്ങാത്ത ആരാധകരുടെ അപ്രീതി നേടാതിരിക്കാനും ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ജംഷഡ്പുർ എഫ്.സിയും പന്ത് തട്ടുമ്പോൾ കൊച്ചിയിൽ മികച്ച കളി ഉറപ്പ്.
ഈ കളി മാറണം
ബെർബറ്റോവ്, ഹ്യൂം, ഇസുമി, വിനീത്, ജിങ്കാൻ, റിനോ, മിലൻ സിങ്, നെമാഞ്ച എന്നിങ്ങനെ മികച്ച താരനിരയാണ് ബ്ലാസ്റ്റേഴ്സിെൻറ ശക്തി. പക്ഷേ, ഒത്തിണക്കത്തോടെ കളി മെനയുന്നതിൽ ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ടു. 4--2-3-1 ഫോർമേഷനിലാണ് കളിച്ച് തുടങ്ങിയത്. ബെർബറ്റോവിനും ഹ്യൂമിനുമായിരുന്നു ഗോളടിക്കാനുള്ള ചുമതല. തന്ത്രങ്ങൾ ഫലം കാണാതെ വന്നപ്പോൾ 60ാം മിനിറ്റിൽ ഹ്യൂമിന് പകരക്കാരനായി മാർക്ക് സിഫ്നോയിസിനെ ഇറക്കേണ്ടിവന്നു. 4-4--2 ശൈലിയിലേക്ക് കളി മാറിയെങ്കിലും ഗോൾ അകന്നുനിന്നു. മധ്യനിരയിൽ പ്ലേമേക്കറുടെ അഭാവം മുഴച്ചുനിന്നു. ബെർബറ്റോവ് പന്ത് കിട്ടാതെ വലഞ്ഞു. കറേജ് പെകൂസണൂം മിലൻ സിങ്ങും പകരക്കാരനായി ഇറങ്ങിയ സിഫ്നിയോസും തിളങ്ങി. പന്തടക്കത്തിലും കൃത്യതയുള്ള പാസിലും കൊൽക്കത്തക്കൊപ്പം എത്താൻ ടീമിന് കഴിഞ്ഞില്ല. തർക്കമോ പരിക്കോ ഇല്ലാതെയും ഗോൾ വഴങ്ങാതെയും കളി പൂർത്തിയാക്കിയത് മാത്രമാണ് നേട്ടം. വിദേശ ഗോൾകീപ്പർ പോൾ റച്ചൂബ്ക അവസരത്തിനൊത്തുയർന്നു. പ്രതിരോധനിരയിൽ ജിങ്കനും നെമാഞ്ചയും തിളങ്ങി. പക്ഷേ, ഹോം ഗ്രൗണ്ടിെൻറ ആനുകൂല്യങ്ങൾ മുതലെടുത്ത് ഗോൾ നേടാനും വിലപ്പെട്ട മൂന്ന് പോയൻറ് കരസ്ഥമാക്കാനും കഴിഞ്ഞില്ലെന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ വീഴ്ചയാണ്.
കോപ്പലാശാനും സംഘവും
എട്ട് വർഷത്തോളം മാഞ്ചസ്റ്ററിെൻറ കുപ്പായമണിഞ്ഞ സ്റ്റീവ് കോപ്പലാണ് മാഞ്ചസ്റ്റർ ശൈലി പരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്സിനെതിരെ ജംഷഡ്പുർ എഫ്.സിയെ അണിയിച്ചൊരുക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെയെത്തിച്ചതിെൻറ ക്രെഡിറ്റും കോപ്പലിന് സ്വന്തം. ബ്ലാസ്റ്റേഴ്സ് താരവും അസി. കോച്ചുമായിരുന്ന ഇഷ്ഫാഖ് അഹ്മദ്, കളിക്കാരായ മെഹ്താബ് ഹുസൈൻ, ബെൽഫോർട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിെൻറ ശക്തിയും ദൗർബല്യവുമൊക്കെ തിരിച്ചറിഞ്ഞിട്ടുള്ള കോപ്പലും ഇഷ്ഫാഖും അതിനൊത്ത തന്ത്രങ്ങളോടെയാകും ജംഷഡ്പുരിനെ പടക്കിറക്കുക.
4-4-2 എന്ന ഫോർമേഷനിലാണ് ജംഷഡ്പുർ ആദ്യമത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ കളിച്ചത്. ഇസു അസുക്ക, മാത്യൂസ് ട്രിൻഡാഡെ എന്നിവർക്കായിരുന്നു ഗോളടിക്കാനുള്ള ചുമതല. കളിയുടെ സമസ്ത മേഖലയും കൈയടക്കിയ നോർത്ത് ഈസ്റ്റിനായി ആർത്തുവിളിച്ച ഗുവാഹതിയിൽ ഗോൾ വഴങ്ങാതെ ചെറുത്തുനിന്നത് മാത്രമാണ് ജംഷഡ്പുരിെൻറ നേട്ടം. ദക്ഷിണാഫ്രിക്കൻ താരം സമീഗ് ദൗതി മികച്ച കളി പുറത്തെടുത്തു. രണ്ട് മഞ്ഞക്കാർഡും ഒരു ചുവപ്പ് കാർഡും വാങ്ങി. പത്ത് പേരായി ചുരുങ്ങിയപ്പോഴും നോർത്ത് ഈസ്റ്റിന് ഗോൾവഴി തുറക്കാനായില്ലെന്നതും ശ്രദ്ധേയം. ബ്ലാസ്റ്റേഴ്സിനെതിരെ ബെൽഫോർട്ട് ആദ്യ പതിനൊന്നിൽ ഇടം കണ്ടേക്കും.ഗുവാഹതിയേക്കാൾ ഒട്ടും വ്യത്യസ്തമല്ല കൊച്ചി. ബ്ലാസ്റ്റേഴ്സിെൻറ പന്ത്രണ്ടാമനാണ് ഗാലറി. സാഹചര്യങ്ങൾ നന്നായി അറിയാവുന്ന കോപ്പലിെൻറ തന്ത്രങ്ങൾക്കൊപ്പം ജംഷഡ്പുർ എഫ്.സിയുടെ കളിക്കാർ ചുവടുറപ്പിച്ചാൽ വിജയത്തിനായി ഹോംഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിന് വിയർപ്പൊഴുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.