മറാത്ത ഡെർബിയിൽ പുണെ; ചെന്നൈയിന് സമനിലക്കുരുക്ക്
text_fieldsമുംബൈ: മഹാരാഷ്ട്ര െഡർബിയിൽ കരുത്ത് തെളിയിച്ച് പുണെ എഫ്.സിയുടെ കുതിപ്പ്. െഎ.എസ്.എല്ലിലെ കരുത്തുറ്റ പോരാട്ടത്തിൽ മുംബൈയെ 2-0ത്തിന് തോൽപിച്ച് സൂപ്പർ താരം മാർസലീന്യോയും സംഘവും ആദ്യ നാലിെല ടിക്കറ്റിനരികെ. 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ, ഒന്നാമതുള്ള ബംഗളൂരുവിന് (33 പോയൻറ്) പിന്നിൽ, പുണെ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇതോടെ, കണക്കിലെ കളിയിലെ ഭാഗ്യവും പ്രതീക്ഷിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ആധികൂടുന്നു. ബംഗളൂരു ഏറക്കുറെ സെമിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കെ, പുണെ, ജാംഷഡ്പുർ, ചെന്നൈയിൻ, ഗോവ ടീമുകളുടെ പ്രകടനം പോലെയിരിക്കും ബ്ലാസ്റ്റേഴ്സിെൻറ വിധി.
നിർണായക മത്സരത്തിൽ അങ്കം ജയിക്കാനുറച്ചായിരുന്നു ഇരു ടീമുകളും െഡർബിക്കെത്തിയത്. അൽഫാരോയെ കരക്കിരുത്തിയ പുണെ കോച്ച് പൊപോവിച്ച്, പ്രതിരോധം ശക്തിപ്പെടുത്തിയാണ് ടീമിനെ വിന്യസിച്ചത്. ഗോളടിക്കാനേൽപിക്കപ്പെട്ട സൂപ്പർ താരം മാർസലീന്യോയെ പൂട്ടി മുംബൈ മനോഹരമായി പന്തുതട്ടിത്തുടങ്ങിയെങ്കിലും 18ാം മിനിറ്റിൽ വലിയ പിഴവുവരുത്തി. വലതുവിങ്ങിൽനിന്ന് ഗോലോയ് സർതാക് നീട്ടിനൽകിയ ക്രോസ് ക്ലിയർ ചെയ്യാനുള്ള മുംബൈ ബാക്ക് രാജു ഗെയ്ക്ക് വാദിെൻറ ശ്രമം പിഴച്ചു. അപ്രതീക്ഷിതമായി പന്ത് കാലിൽ തട്ടി വലയിലേക്ക്. സെൽഫ് ഗോളിെൻറ ആശ്വാസം ആദ്യത്തിൽതന്നെ തുണയായതോടെ പുണെ കളി പിടിച്ചെടുത്തു. ലീഡ് നേടുമെന്നറിയിച്ച് മാർസലീന്യോ മുംബൈ ഗോൾമുഖത്ത് അങ്കലാപ്പ് തീർത്തുകൊണ്ടിരുന്നു. 83ാം മിനിറ്റിൽ മാർസലീന്യോ മനോഹര ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കുകയും ചെയ്തു.
ചെന്നൈയിന് സമനിലക്കുരുക്ക്
ദുർബലരായ ഡൽഹിക്കു മുന്നിൽ ചെന്നൈയിന് സമനിലക്കുരുക്ക്. ഡൽഹിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 1-1നാണ് ചെന്നൈ സമനിലയിലായത്. കാലു ഉച്ചെയുടെ പെനാൽറ്റി ഗോളിൽ ഡൽഹി (59) ആദ്യം മുന്നിലെത്തി. എന്നാൽ, 81ാം മിനിറ്റിൽ മെയിൽസണിലൂടെ ചെന്നൈയിൻ തിരിച്ചടിച്ചു. വിജയഗോളിന് ശ്രമിച്ചെങ്കിലും ഡൽഹി പ്രതിരോധനിര ജെജെയുടെ സംഘത്തെ സമനിലയിൽ പൂട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.