ബെറ്റെക്ക് മുന്നില്‍ ഡല്‍ഹിക്ക് സമനില
text_fieldsന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ ഗംഭീരമായി കളിച്ച ഡല്‍ഹി ഡൈനാമോസിന് ഫിനിഷിങ്ങില്‍ പിഴക്കുകയും പുണെ സിറ്റി എഫ്.സി ഗോളി ഏദല്‍ ബെറ്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തതോടെ ഐ.എസ്.എല്ലിലെ ആവേശകരമായ മത്സരം സമനിലയില്‍. ഡല്‍ഹിയും പുണെയും 1-1നാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യപകുതിയില്‍ നിറഞ്ഞു കളിച്ച ഡല്‍ഹിക്കെതിരെ കിട്ടിയ അവസരം മുതലെടുത്ത പുണെയുടെ ജൗസസ് റോഡ്രിഗ്വസ് ടാറ്റോയാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കാനിരിക്കെയായിരുന്നു ഈ ഗോള്‍. 79ാം മിനിറ്റില്‍ മിലാന്‍ സിങ് ഡല്‍ഹിക്കായി തിരിച്ചടിച്ചു. ആറ് സേവുകളാണ് പുണെ ഗോളി ബെറ്റെ നടത്തിയത്. ആറ് കളികളില്‍ നിന്ന് ഏഴ് പോയന്‍റുള്ള ഡല്‍ഹി ആറാം സ്ഥാനത്തും ആറ് പോയന്‍റുള്ള പുണെ അഞ്ചാം സ്ഥാനത്തും തുടരുകയാണ്.
ഡല്‍ഹി ഡൈനാമോസിനെതിരെ അഞ്ചാം മത്സരവും ജയിക്കാനാവാതെയാണ് പുണെ മടങ്ങിയത്. ലീഗില്‍ ഡല്‍ഹിയുടെ14ാം സമനിലയാണിത്. ഡല്‍ഹി സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗംഭീരമായാണ് തുടങ്ങിയത്. എന്നാല്‍, ആദ്യ പകുതിയുടെ അവസാനം ഗോളടിച്ച് പുണെ ഞെട്ടിക്കുകയായിരുന്നു. തുടക്കത്തില്‍ മാഴ്സലീന്യോയും മിലാന്‍ സിങ്ങും റിച്ചാര്‍ഡ് ഗാഡ്സെയുമെല്ലാം പുണെ ഗോളി ഏദല്‍ ബെറ്റെക്ക് പിടിപ്പത് പണിയുണ്ടാക്കി.
നാല് മത്സരങ്ങളില്‍ പരിക്കുകാരണം വിശ്രമിക്കുകയായിരുന്ന മലയാളിതാരം അനസ് എടത്തൊടിക ഡല്‍ഹി പ്രതിരോധത്തില്‍ തിരിച്ചത്തെിയിരുന്നു. മാര്‍ക്വീതാരമായ ഫ്രഞ്ച ുകാരന്‍ ഫ്ളോറന്‍റ് മലൂദ മധ്യനിരയില്‍ മികച്ച ഫോമിലായിരുന്നു. 12ാം മിനിറ്റില്‍ മലൂദയുടെ മനോഹരമായ ഫ്ളിക്കില്‍നിന്നുള്ള പാസ് സ്വീകരിച്ച് മിലാന്‍ സിങ് ഷോട്ടുതിര്‍ത്ത് ബെറ്റെ കുത്തിയകറ്റി. പുണെയുടെ പ്രത്യാക്രമണത്തില്‍ ടാറ്റോ കുതിച്ചെങ്കിലും ഫലമുണ്ടായില്ല. വീണ്ടും ഗാഡ്സെയും സൗവിക് ചക്രവര്‍ത്തിയും പുണെയെ വിറപ്പിച്ചെങ്കിലും പുണെ ഗോളി ബെറ്റെ നെടുങ്കോട്ട കെട്ടി. കളി അരമണിക്കൂറിനടുത്തത്തെിയപ്പോള്‍ ഡല്‍ഹി തുടര്‍ച്ചയായി മൂന്ന് കോര്‍ണര്‍ കിക്കെടുത്ത് സമ്മര്‍ദം ശക്തമാക്കി. ഡല്‍ഹി ആക്രമിച്ച് തളര്‍ന്നതിനൊടുവിലാണ് പുണെ ലീഡ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് രാഹുല്‍ ബെക്കെയുടെ നെടുങ്കന്‍ ക്രോസിന് തലവെച്ചാണ് ടാറ്റോ ഗോളടിച്ചത്.
സൗവിക്കിനെ മറികടന്നുള്ള ടാറ്റോയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടിയപ്പോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഡല്‍ഹി പ്രതിരോധം. എന്നാല്‍, പന്ത് ‘മനസ്സുമാറി’ വലയിലേക്കാണ് പോയത്.രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബെറ്റെയെ പരീക്ഷിക്കാന്‍ ഡല്‍ഹി ശ്രമിച്ചത് പാഴായി. മാഴ്സലീന്യോയും റോച്ചയും ബെറ്റെക്ക് മുന്നില്‍ കീഴടങ്ങി. മാഴ്സലീന്യോയുടെ ഫ്രീകിക്കില്‍ നിന്നുള്ള പന്താണ് മിലാന്‍ സിങ് ബെറ്റെയെ കബളിപ്പിച്ച് വലയിലാക്കിയത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.