ബ്ലാസ്റ്റേഴ്സ് Vs നോർത്ത് ഈസ്റ്റ്; കൊച്ചിയിൽ ഇന്ന് 'ഫൈനൽ'
text_fieldsകൊച്ചി: സ്വപ്നങ്ങളിലേക്കാണിന്ന് മഞ്ഞക്കടലിരമ്പുന്നത്. പ്ലേഓഫെന്ന നിറവാർന്ന പ്രതീക്ഷകൾ കേവലം ഒരു സമനിലക്കപ്പുറത്താണ്. നിലനിൽപിെൻറ ഈ നൂൽപാലത്തിൽ പിടിവിട്ടുപോയാൽ ചിതറിത്തെറിക്കുന്നത് നാളുകളേറെയായി മലയാളം കാത്തുവെച്ച മോഹങ്ങളായിരിക്കും. ഏതു തിരിച്ചടിയിലും തളരാത്ത തിരയിളക്കവുമായി ഈ സന്ദിഗ്ധ ഘട്ടത്തിലും നാടുമുഴുവൻ ഒപ്പമുണ്ടെന്നതാണ് കരുത്ത്.
ജീവന്മരണ പോരാട്ടത്തിൽ തലകുനിക്കാതിരിക്കാൻ ബ്ലാസ്റ്റേഴ്സിനെ പ്രചോദിപ്പിക്കുന്നതും ലോകത്തെ അതിശയിപ്പിച്ച ഈ ആരാധകക്കൂട്ടം തന്നെ. ഐ.എസ്.എൽ ഫുട്ബാളിൽ അതിനിർണായകമായ അവസാന റൗണ്ട് പോരാട്ടത്തിൽ കൊച്ചിയുടെ പച്ചപ്പിൽ ഞായറാഴ്ച നോർത്ത് ഈസ്റ്റിനെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കണം. ഏറ്റവും ചുരുങ്ങിയ പക്ഷം, തോൽക്കാതിരിക്കുകയെങ്കിലും വേണം.
യോഗ്യത നേടിക്കഴിഞ്ഞ ഡൽഹി, മുംബൈ, കൊൽക്കത്ത ടീമുകൾക്കു പുറമെ പ്ലേഓഫിലേക്ക് ഒരു സ്പോട്ട് മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. ബ്ലാസ്റ്റേഴ്സിന് 19ഉം നോർത്ത് ഈസ്റ്റിന് 18ഉം പോയൻറാണ് സമ്പാദ്യം. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയോട് 1–2ന് ജയിച്ചുകയറിയതിെൻറ മേനിയുമായാണ് വടക്കു കിഴക്കുകാർ തെക്കൻ മണ്ണിലെത്തുന്നത്. എന്നാൽ, ഉദ്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഏകപക്ഷീയമായ ഒരു ഗോളിെൻറ പരാജയം പിണഞ്ഞ ബ്ലാസ്റ്റേഴ്സിനിത് കണക്കുതീർക്കലിനുള്ള സുവർണാവസരമാണ്.
‘കളി സമനിലക്കല്ല, ജയിക്കാൻതന്നെ’
സെമിഫൈനലിൽ ഇടം പിടിക്കാൻ തോൽക്കാതിരുന്നാൽ മതിയെന്ന ഘട്ടത്തിൽ സമനില ലക്ഷ്യമിട്ട് തന്ത്രം മെനയുമെന്ന വാദങ്ങളെ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പൽ ഖണ്ഡിക്കുന്നു. ‘സമനിലക്കുവേണ്ടി കളിക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല. മത്സരം പുരോഗമിക്കുമ്പോൾ തന്ത്രങ്ങളിൽ ചില മാറ്റങ്ങൾ കോച്ചുമാർ വരുത്താറുണ്ട്. എന്നാൽ, കളിയിൽ പരമമായി ഉന്നമിടുന്നത് വിജയംതന്നെയാണ്’ –വാർത്തസമ്മേളനത്തിൽ കോപ്പൽ വ്യക്തമാക്കി.
ഹൊസു കളിക്കില്ല, മെഹ്താബിന് സസ്പെൻഷൻ
വമ്പൻ പോരാട്ടത്തിന് കച്ചമുറുക്കുമ്പോൾ ചില തിരിച്ചടികളുടെ നടുവിലാണ് ബ്ലാസ്റ്റേഴ്സ്. ഹൊസു പ്രീറ്റോയെന്ന ക്രിയേറ്റിവ് പ്ലെയറുടെ അഭാവമാണ് അതിൽ പ്രധാനം. പരിശീലനത്തിനിടെ പരിക്കേറ്റ ഹൊസു ഞായറാഴ്ച കളിക്കാൻ സാധ്യത തീരെ കുറവാണ്. കാണികളുടെ ഓമനയായ മുൻ ബാഴ്സലോണ അക്കാദമി താരം ഇടതു വിങ്ങിൽ പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും വലിയ സംഭാവനകൾ നൽകിയിരുന്നു. ഹൊസുവിെൻറ അഭാവത്തിൽ റിനോ ആേൻറായെ കളത്തിലിറക്കാനാണ് സാധ്യത.
സസ്പെൻഷനിലായ മെഹ്താബ് ഹുസൈെൻറ സേവനം മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് ലഭ്യമാവില്ല. ഹൊസുവിെൻറ അഭാവത്തിൽ മിഡ്ഫീൽഡിൽ ഒരു വിദേശ താരത്തെ അധികം കളിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും. ദിദിയർ കാഡിയോക്കൊപ്പം എൻഡോയോയോ അസ്റാക്ക് മഹമതോ ബൂട്ടുകെട്ടിയേക്കും. അേൻറാണിയോ ജെർമെയ്നെ ആദ്യ ഇലവനിലിറക്കണമെന്ന മുറവിളി ശക്തമാണെങ്കിലും കെർവൻസ് ബെൽഫോർട്ടിനൊപ്പം സി.കെ. വിനീതും റാഫിയും തന്നെ അണിനിരക്കുമെന്നാണ് സൂചനകൾ.
കോട്ട കാക്കണം, ഭദ്രമായി
വടക്കുകിഴക്കിെൻറ ചുറുചുറുക്കിനെ കാവലാളുകളുടെ മിടുക്കിൽ പ്രതിരോധിക്കുകയെന്ന അജണ്ടയുമായാകും ബ്ലാസ്റ്റേഴ്സ് അതിനിർണായക പോരിനിറങ്ങുന്നത്. ആരോൺ ഹ്യൂസും സെഡ്രിക് ഹെങ്ബർട്ടും സെൻട്രൽ ഡിഫൻസിൽ അചഞ്ചലരായി കോട്ടകെട്ടിയാൽ കാര്യങ്ങൾ ഏറക്കുറെ ആതിഥേയരുടെ വഴിക്കുവരും. വിങ്ബാക്കിെൻറ റോളിൽ ഈർജസ്വലനായി കളം നിറയുമ്പോഴും ഇടക്ക് പൊസിഷൻ വിട്ടുമാറിയുള്ള ആപത്കരമായ അമാന്തം സന്ദേശ് ജിങ്കാൻ ആവർത്തിക്കാതെ നോക്കേണ്ടത് അനിവാര്യമാണ്.
ഇരമ്പിക്കയറാൻ നോർത്ത് ഈസ്റ്റ്
ഒന്നും നഷ്ടപ്പെടാനില്ലെന്ന തിരിച്ചറിവിലാണ് വടക്കു കിഴക്കൻ സംഘം. അവർക്ക് ജയിച്ചേ തീരൂ. അതുകൊണ്ടുതന്നെ സർവശക്തിയും സംഭരിച്ചുള്ള ആക്രമണമായിരിക്കും സന്ദർശകരുടെ ഉന്നം. കഴിഞ്ഞ രണ്ടു സീസണുകളിലും പ്ലേഓഫിലേക്ക് കടന്നുകയറാനാകാതെ പോയ സംഘം രണ്ടും കൽപിച്ചാണ് കൊച്ചിയിലിറങ്ങുന്നതെന്ന് കോച്ച് നെലോ വിൻഗാഡ പറയുന്നു. ഇരുടീമിനും മത്സരം ‘ലോകകപ്പ് ഫൈനൽ’ പോലെ പ്രധാനമെന്ന് പറയുന്ന വിൻഗാഡ, ബ്ലാസ്റ്റേഴ്സിന് 60,000ത്തോളം കാണികളുടെ പിന്തുണയുണ്ടാകാമെങ്കിലും കളി ജയിപ്പിക്കുന്നത് കളത്തിൽ ബൂട്ടുകെട്ടുന്ന കളിക്കാരാണെന്നും ഒളിയമ്പെയ്യുന്നു.
പരിക്കേറ്റ സുബ്രതാ പോളിനു പകരം നോർത്ത് ഈസ്റ്റ് ക്രോസ്ബാറിനു കീഴിൽ വീണ്ടും മലയാളി താരം ടി.പി. രഹനേഷ് ഗ്ലൗസണിയും. നികളസ് വെലെസ്, എമിലിയാനോ അൽഫാരോ, ഹോളിചരൺ നർസാരി എന്നിവരടങ്ങിയ മുൻനിരക്ക് മധ്യനിരയിൽ കാത്സുമി യൂസയും റൗളിൻ ബോർഗെസും ദിദിയർ സകോറയുമൊക്കെ നൽകുന്ന പിന്തുണയാകും ആതിഥേയരെ അലോസരപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.