രക്ഷകനായി വീണ്ടും വിനീത്; ബ്ലാസ്റ്റേഴ്സ് സെമിയിൽ
text_fieldsകൊച്ചി: മരണപ്പോരിലും മലയാളത്തിന്‍െറ മുത്ത് രക്ഷകവേഷം കെട്ടിയപ്പോള്‍ സെമി സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി മഞ്ഞപ്പട. സി.കെ. വിനീതെന്ന ഗോളടിയന്ത്രം വടക്കുകിഴക്കിന്‍െറ കോട്ടകൊത്തളങ്ങള്‍ ഭേദിച്ച് തൊടുത്തുവിട്ട ചാട്ടുളിയില്‍ കേരള ബ്ളാസ്റ്റേഴ്സ് വെട്ടിപ്പിടിച്ചത് വിലപ്പെട്ട വിജയം. പ്ളേഓഫിലേക്ക് സമനില ദൂരം മാത്രമിരിക്കേ നിര്‍ണായകമായ അവസാന റൗണ്ട് പോരിനിറങ്ങിയ ബ്ളാസ്റ്റേഴ്സ് 66ാം മിനിറ്റില്‍ വിനീത് നേടിയ ഗോളില്‍ 1-0ത്തിനാണ് നോര്‍ത്ത് ഈസ്റ്റിനെ അടിയറവു പറയിച്ചത്. മൂന്നു പോയന്‍റ് അക്കൗണ്ടിലത്തെിച്ചതോടെ ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടുമായാണ് സ്റ്റീവ് കോപ്പലിന്‍െറ കുട്ടികള്‍ പ്ളേഓഫില്‍ ഇടംപിടിച്ചത്. കളിയിലെ കേമനായ വിനീത് ഗോള്‍സമ്പാദ്യം അഞ്ചായി ഉയര്‍ത്തി.
സെമിഫൈനലില്‍ ഡല്‍ഹിയാണ് കേരളത്തിന്‍െറ എതിരാളികള്‍. ഇരുടീമുകളുടെയും തട്ടകത്തിലായി രണ്ടു പാദ മത്സരങ്ങളായാണ് പ്ളേഓഫ്. ആദ്യപാദം 11ന് കൊച്ചിയില്‍ നടക്കും. ഒന്നാം സ്ഥാനക്കാരായ മുംബൈയും നാലാം സ്ഥാനക്കാരായ കൊല്‍ക്കത്തയും തമ്മിലാണ് മറ്റൊരു സെമി. കാണികളല്ല, കളിക്കാരാണ് ജയം തീരുമാനിക്കുന്നതെന്നു പറഞ്ഞ നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിന്‍ഗാഡക്ക് നിറഞ്ഞുകവിഞ്ഞ ഗാലറി ഒരുക്കിയത് ആരവങ്ങളാല്‍ തീര്‍ത്ത മറുപടി. ഹോം ഗ്രൗണ്ടില്‍ ബ്ളാസ്റ്റേഴ്സ് ഒരിക്കല്‍ക്കൂടി വിശ്വരൂപം കാട്ടിയപ്പോള്‍ മഞ്ഞലയില്‍ മുങ്ങിയ ഗാലറി തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം. ഉദ്ഘാടന മത്സരത്തില്‍ ഗുവാഹതിയിലേറ്റ തോല്‍വിക്ക് ടീം ഒന്നാന്തരമായി കണക്കുതീര്‍ക്കുകയും ചെയ്തു.
ആക്രമണത്താല്‍ തുടക്കം,
പതിയെ പ്രതിരോധത്തിലേക്ക്
ആദ്യനിമിഷങ്ങളില്‍ ബ്ളാസ്റ്റേഴ്സിന്‍െറ ആക്രമണങ്ങള്‍ക്കായിരുന്നു കരുത്തു കൂടുതല്‍. എതിര്‍ബോക്സില്‍ ചെറുപാസുകളുമായി കയറിയത്തെിയെങ്കിലും വല ലക്ഷ്യമിട്ട് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല. നാലാം മിനിറ്റില്‍ സുവര്‍ണാവസരമാണ് ബ്ളാസ്റ്റേഴ്സിന് ലഭിച്ചത്. എതിര്‍ ഡിഫന്‍ഡര്‍ മാലിസണ്‍ ആല്‍വെസിന്‍െറ പക്കല്‍നിന്ന് പന്തുതട്ടിയെടുത്ത നാസോണ്‍ ഇടതുവിങ്ങിലൂടെ ബോക്സില്‍ കടന്നശേഷം തൊടുത്ത നിലംപറ്റെയുള്ള ആംഗുലര്‍ ഷോട്ട് സന്ദര്‍ശകരുടെ മലയാളി ഗോളി ടി.പി. രഹനേഷ് ആയാസപ്പെടാതെ തട്ടിയകറ്റി. കളി പത്തു മിനിറ്റ് പിന്നിടവേ, നോര്‍ത്ത് ഈസ്റ്റ് സ്വത$സിദ്ധമായ ചുറുചുറുക്കുമായി ആതിഥേയ ഗോള്‍മുഖത്തേക്ക് കയറിയത്തെിത്തുടങ്ങി. വലതുവിങ്ങില്‍ റിനോ ആന്‍േറായുടെ പ്രതിരോധം ഭേദിച്ച് നിരന്തരം ഗോള്‍മുഖം റെയ്ഡ് ചെയ്യാനിറങ്ങിയ സീത്യാസെന്‍ സിങ് ആണ് മുന്നേറ്റങ്ങള്‍ക്ക് ചടുലത പകര്‍ന്നത്. ഇടതുവിങ്ങില്‍ കറ്റ്സുമി യൂസയുടെ പിന്തുണയും ചേര്‍ന്നതോടെ ഇരുപാര്‍ശ്വങ്ങളില്‍നിന്ന് ബ്ളാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്ക് നിരന്തരം പന്തത്തെിത്തുടങ്ങി. സെന്‍ട്രല്‍ ഡിഫന്‍സില്‍ ഹ്യൂസിന്‍െറയും ഹെങ്ബര്‍ട്ടിന്‍െറയും ചങ്കുറപ്പാണ് ആതിഥേയരുടെ രക്ഷക്കത്തെിയത്.
പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞതുപോലെ തോന്നിച്ച ബ്ളാസ്റ്റേഴ്സ് സമീപനം എതിരാളികളുടെ ഇരച്ചുകയറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. കളി അരമണിക്കൂറായതിനു പിന്നാലെ മലയാളി താരങ്ങളായ വിനീതും റിനോയും മഞ്ഞക്കാര്‍ഡു കണ്ടു. ഇടവേളക്കു പിരിയാനിരിക്കേ പ്രത്യാക്രമണം കനപ്പിച്ച് ബ്ളാസ്റ്റേഴ്സ് പതിയെ തിരിച്ചുവരാന്‍ തുടങ്ങി. ഇടതുവിങ്ങിലൂടെ കയറിയത്തെിയ ജിങ്കാന്‍ മുന്‍നിരക്ക് പിന്തുണ നല്‍കിയതാണ് ഉണര്‍വിന് സഹായകമായത്.
കരുത്തുകാട്ടി രണ്ടാം പകുതി
ഇടവേളക്കുശേഷം ആക്രമണനീക്കങ്ങളിലേക്കാണ് ബ്ളാസ്റ്റേഴ്സ് ബൂട്ടുകെട്ടിയിറങ്ങിയത്. മധ്യനിരയില്‍ നേരംപോക്കുന്ന വിരസ സമീപനങ്ങളില്‍നിന്ന് വിങ്ങുകളിലൂടെ മുന്നേറാനുള്ള ബ്ളാസ്റ്റേഴ്സ് നീക്കങ്ങള്‍ കാണികള്‍ക്കും ആവേശം പകര്‍ന്നു. പ്രത്യാക്രമണങ്ങള്‍ ശക്തമാക്കി നോര്‍ത്ത് ഈസ്റ്റും ഒപ്പംപിടിച്ചപ്പോള്‍ രണ്ടാം പകുതി കൂടുതല്‍ ചടുലമായി. കളി ഒരു മണിക്കൂറാകവേ, ആല്‍ഫാരോയുടെ നീക്കം ഉജ്ജ്വലമായി കൈകളിലൊതുക്കി ഗോളി ഗ്രഹാം സ്റ്റാക്ക് ആതിഥേയരുടെ രക്ഷക്കത്തെി. അക്ഷമരായി കാത്തുകാത്തിരുന്ന കാണികള്‍ക്ക് ആഘോഷമായി ഒടുവില്‍ വിനീതിന്‍െറ തകര്‍പ്പന്‍ ഗ്രൗണ്ടര്‍ പിറന്നത് 66ാം മിനിറ്റില്‍. മുന്നേറ്റ നിരയില്‍നിന്നു മാറി മിഡ്ഫീല്‍ഡില്‍ ആക്രമണത്തിനും പ്രതിരോധത്തിനും പ്രശംസനീയമായ രീതിയില്‍ സഹായം ചൊരിഞ്ഞ റാഫി നല്‍കിയ പാസാണ് ആവേശഗോളിന് വിത്തിട്ടത്.
ആവേശത്തില്‍ അന്ത്യനിമിഷങ്ങള്‍
നിലക്കാത്ത ആരവങ്ങളായിരുന്നു പിന്നീട് അവസാന നിമിഷം വരെ. ടീമിന്‍െറ മുന്നേറ്റ നീക്കങ്ങള്‍ക്കൊപ്പം പ്രതിരോധശ്രമങ്ങള്‍ക്കും അകമഴിഞ്ഞ പിന്തുണ നല്‍കി ഗാലറി അതിരില്ലാത്ത ഊര്‍ജം പ്രദാനം ചെയ്തു. നാസോണിനു പകരം അന്‍േറാണിയോ ജെര്‍മെയ്നെയും ബെല്‍ഫോര്‍ട്ടിനു പകരം കാഡിയോയെയും രംഗത്തിറക്കി ബ്ളാസ്റ്റേഴ്സ് ആക്രമണം കൊഴുപ്പിക്കുകയും ചെയ്തു. അവസാന കാല്‍മണിക്കൂറില്‍ ആക്രമണ പരമ്പരകളില്‍ ഇരുഗോള്‍മുഖവും വിറകൊണ്ടെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ആല്‍ഫാരോയുടെ ഷോട്ട് ബ്ളാസ്റ്റേഴ്സ് പോസ്റ്റിനെ പിടിച്ചുലച്ച് വഴിമാറിയപ്പോള്‍ മറുവശത്ത് ജെര്‍മെയ്ന്‍ പന്ത് വലക്കുള്ളിലത്തെിച്ച് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍, റഫറി ഫൗളിന് വിസില്‍ മുഴക്കിയതോടെ ആവേശം അസ്തമിച്ചു. വിനീത് ഗോളിലേക്ക് തൊടുത്തതിന് സമാനമായൊരു ഗ്രൗണ്ടര്‍ അതേ ആംഗിളില്‍നിന്ന് ജെര്‍മെയ്നും തൊടുത്തെങ്കിലും ഇക്കുറി രഹനേഷ് പറന്നുവീണ് വഴിമാറ്റിവിട്ടു. വലതു വിങ്ങില്‍നിന്നുയര്‍ന്നുവന്ന ക്രോസില്‍ റാഫിയുടെ പൊള്ളുന്ന ഹെഡര്‍ രഹനേഷിനെ കീഴടക്കിയെങ്കിലും ക്രോസ്ബാറിനിടിച്ച് നിലത്തുകുത്തിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ക്ളിയര്‍ ചെയ്ത് അപകടമൊഴിവാക്കി. ഒടുവില്‍ അന്തിമ വിസില്‍ മുഴങ്ങിയപ്പോള്‍ ആര്‍ത്തലച്ച കാണികള്‍ 20 മിനിറ്റിലധികം സ്റ്റേഡിയത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്താണ് മടങ്ങിയത്. ഹൊസു, മെഹ്താബ്, എന്‍ഡോയെ എന്നിവരുടെ സ്ഥാനത്ത് റിനോ, നാസോണ്‍, അസ്റാക്ക് എന്നിവരെ അണിനിരത്തിയാണ് കോപ്പല്‍ തന്ത്രം മെനഞ്ഞത്.
.@KeralaBlasters' @ckvineeth opens the scoring in Kochi, driving it low past Rehenesh!
— Indian Super League (@IndSuperLeague) December 4, 2016
KER 1-0 NEU#KERvNEU #LetsFootball pic.twitter.com/CS1U7gl049
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.