ബംഗളൂരു എഫ്.സി x എയര്‍ഫോഴ്സ് ക്ളബ് ഇറാഖ് പോരാട്ടം ഇന്ന്
text_fieldsദോഹ: കടലിനക്കരെ, അറേബ്യന്‍ മണ്ണില്‍ മലയാളികളടക്കമുള്ള കാണികളെ സാക്ഷിയാക്കി ഇന്ത്യന്‍ ഫുട്ബാള്‍ ഉണരുന്ന മുഹൂര്‍ത്തം. എ.എഫ്.സി കപ്പ് ഫുട്ബാള്‍ ചരിത്രത്തിലാദ്യമായി ഒരിന്ത്യന്‍ ക്ളബ് ഫൈനലില്‍ പന്തുതട്ടാനിറങ്ങുമ്പോള്‍ പ്രാര്‍ഥനകളും ആവേശവുമായി ഇന്ത്യ ഖത്തര്‍ സ്പോര്‍ട്സ് ക്ളബ് സ്റ്റേഡിയത്തിലെ നീലക്കടലായി മാറും. ദേശീയ ടീം നായകന്‍ സുനില്‍ ഛേത്രിയും മലയാളിതാരങ്ങളായ സി.കെ. വിനീതും റിനോ ആന്‍േറായും പടനയിക്കുന്ന ബംഗളൂരു എഫ്.സി ഏഷ്യയുടെ പുതു ചാമ്പ്യന്മാരാവുന്ന മുഹൂര്‍ത്തത്തിനായി രാജ്യവും കാത്തിരിക്കുന്ന നിമിഷം. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കലാശപ്പോരാട്ടം. എതിരാളികള്‍ ഇറാഖ് എയര്‍ഫോഴ്സ് ക്ളബ്.
വന്‍കരയിലെ 23 രാജ്യങ്ങളില്‍നിന്നുള്ള 40 ക്ളബുകളുടെ മാസങ്ങള്‍ നീണ്ടു നിന്ന ബലപരീക്ഷണത്തിനൊടുവിലാണ് ശനിയാഴ്ചത്തെ ഫൈനല്‍ പോരാട്ടം. പ്രഫഷനല്‍ ഫുട്ബാളില്‍ മൂന്നുവര്‍ഷത്തെ മാത്രം ആയുസ്സുള്ള ബംഗളൂരു ഇന്ത്യയെന്ന വികാരവുമായി 2022 ലോകകപ്പ് വേദിയില്‍ പന്തുതട്ടുമ്പോള്‍ ചരിത്രനേട്ടമാണ് സ്വപ്നം നിറയെ. ഏഴര ലക്ഷത്തോളം ഇന്ത്യക്കാരുള്ള ഖത്തറില്‍ വിമാനമിറങ്ങിയ നിമിഷം മുതല്‍ സ്വന്തം മണ്ണിലത്തെിയ ആവേശത്തിലാണ് ബംഗളൂരു എഫ്.സി. സ്വീകരണവും ആശംസകളുമായി വിമാനത്താവളത്തിലും പരിശീലന വേദിയിലും താമസ സ്ഥലങ്ങളിലുമത്തെിയ ആരാധകപ്പട ഗാലറിയിലുമത്തെുമെന്ന ഉറച്ചവിശ്വാസം ക്യാപ്റ്റന്‍ ഛേത്രിയും പങ്കുവെക്കുന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ആരാധകര്‍ കൂട്ടമായത്തെുമെന്നാണ് പ്രതീക്ഷ. സ്വന്തം നാട്ടിലെന്നപോലെയാണ് സ്വീകരണമെന്നായിരുന്നു കോച്ച് ആല്‍ബര്‍ട്ട് റോകയുടെ പ്രതികരണം.
ചരിത്രത്തിനൊപ്പം ബംഗളൂരു
ഫൈനല്‍ പ്രവേശനത്തോടെ തന്നെ ഇന്ത്യന്‍ ഫുട്ബാളില്‍ പുതുചരിത്രം കുറിച്ചാണ് ബംഗളൂരുവിന്‍െറ വരവ്. സെമിയില്‍വന്ന് മടങ്ങിയ ഡെംപോക്കും (2008), ഈസ്റ്റ് ബംഗാളിനും (2013) അവകാശപ്പെട്ട റെക്കോഡ് ബംഗളൂരുവിന്‍െറ കുതിപ്പോടെ തകര്‍ന്നു. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ മലേഷ്യന്‍ ക്ളബ് ജൊഹര്‍ ദാറുല്‍തസിമിനെയാണ് 4-2ന്‍െറ അഗ്രിഗേറ്റില്‍ വീഴ്ത്തിയത്. മലേഷ്യയില്‍ നടന്ന ആദ്യ പാദത്തില്‍ 1-1ന് സമനില. സ്വന്തം മണ്ണില്‍ 3-1ന്‍െറ തകര്‍പ്പന്‍ ജയം.
ടൂര്‍ണമെന്‍റില്‍ ആറ് കളിയില്‍ ജയിച്ച ബംഗളൂരു മൂന്നെണ്ണത്തില്‍ തോല്‍വി വഴങ്ങി. രണ്ട് കളിയില്‍ സമനിലയും. പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തി ഇതുവരെ നടത്തിയ കുതിപ്പ് കാലശപ്പോരാട്ടത്തിലും കരുത്താവുമെന്നാണ് പ്രതീക്ഷ.
ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങിന് സസ്പെന്‍ഷനായതിനാല്‍ ലാല്‍തുംമാവിയ റാല്‍തെയാവും വലകാക്കുക. പരിക്കില്‍നിന്ന് മോചിതനായ യുവതാരം ഉദാന്ത സിങ്ങിന്‍െറ വരവ് റിസര്‍വ് ബെഞ്ചിനെ ശക്തമാക്കും. പ്രതിരോധത്തില്‍ വിശ്വസ്തരായ സ്പാനിഷ് താരം യുവാന്‍ അന്‍േറാണിയോ, ഇംഗ്ളീഷ് ഡിഫന്‍ഡര്‍ ജോണ്‍ ജോണ്‍സണ്‍, മലയാളിതാരം റിനോ ആന്‍േറാ എന്നിവരാവും. മധ്യനിരയില്‍ യൂജിന്‍സണ്‍ ലിങ്ദോ, അല്‍വാറോ റോബിയോ, ആല്‍വിന്‍ ജോര്‍ജ് എന്നിവരും. മുന്നേറ്റത്തില്‍ സി.കെ. വിനീത്, സുനില്‍ ഛേത്രി. ടൂര്‍ണമെന്‍റില്‍ മൂന്നുഗോള്‍ നേടിയ സുനില്‍ ഛേത്രി തന്നെയാണ് നീലപ്പടയുടെ തുറുപ്പുശീട്ട്.
റാകിപ്പറക്കാന്‍ എയര്‍ഫോഴ്സ്
ആദ്യമായാണ് ഇറാഖ് ക്ളബിന്‍െറ ഫൈനല്‍ പ്രവേശനമെങ്കിലും രാജകീയമാണ് വരവ്. ഓരോ കളിയിലും ഗോള്‍ പെരുമഴ തീര്‍ത്ത് നടത്തിയ കുതിപ്പില്‍ വമ്പന്‍ ക്ളബുകളും കടപുഴകി. സെമിയില്‍ ലെബനാന്‍െറ അല്‍ അഹദിനെ 4-3നായിരുന്നു കീഴടക്കിയത്.
ഫിഫ റാങ്കിങ്ങില്‍ 113ാം സഥാനത്തുള്ള ഇറാഖ് ദേശീയ ടീമിലെ നാലുപേരുമായാണ് എയര്‍ഫോഴ്സ് കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ കളിച്ച 11ല്‍ എട്ടും ജയിച്ചവര്‍ രണ്ട് സമനിലയും വഴങ്ങി. ഒരു മത്സരത്തില്‍ മാത്രമേ തോറ്റുള്ളൂ. ടീം അടിച്ചുകൂട്ടിയ 26ല്‍ 15 ഗോളും ദേശീയതാരം ഹമ്മാദി അഹമ്മദിന്‍െറ ബൂട്ടില്‍നിന്നായിരുന്നു. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ ഹമ്മാദിയുടെ നീക്കങ്ങളാവും ബംഗളൂരുവിന് ഏറെ തലവേദന സൃഷ്ടിക്കുക. രണ്ടുതവണ ഇറാഖി പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടിനുടമയായ അംജദ് റാദി, 20കാരന്‍ ഹുമാം താരിഖ്, പ്രതിരോധത്തില്‍ മുഹമ്മദ് അബ്ദുല്‍ സഹ്റ, സാദ് അതിയ എന്നിവരും നിര്‍ണായക സാന്നിധ്യങ്ങള്‍.
അതേസമയം, മധ്യനിരയിലെ നിര്‍ണായക സ്വാധീനമായ ബഷര്‍ റസാനും സെന്‍റര്‍ബാക്ക് സമല്‍ സാഇദലനും സസ്പെന്‍ഷന്‍ കാരണം ഫൈനലില്‍ കളിക്കാനാവില്ല. 19കാരനായ ബഷര്‍ ദേശീയ ടീമില്‍ അടുത്തിടെയാണ് അരങ്ങേറ്റം കുറിച്ചത്.
ലൈസന്‍സ് പ്രശ്നത്തെച്ചൊല്ലി അയോഗ്യരാക്കപ്പെട്ട ഇറാഖി ക്ളബ് പ്രത്യേക അനുമതിയോടെയാണ് എ.എഫ്.സി കപ്പില്‍ പന്തുതട്ടുന്നത്. കിരീടം നേടിയാല്‍ മധുരപ്രതികാരവും കൂടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.