യുവൻറസിനെ പിടിച്ച് അയാക്സ്
text_fieldsആംസ്റ്റർഡാം: പേരിലല്ല, കളിയിലാണ് കാര്യമെന്ന് ഒരിക്കലൂടെ മൈതാനത്ത് തെളിയിച്ച് ഡച്ച് ടീമായ അയാക്സ് ആംസ്റ്റർഡാം. താരസാന്നിധ്യമായ ക്രിസ്റ്റ്യാനോ റൊണാൾേഡായുടെ ഹെഡർ ഗോളിൽ മുന്നിലെത്തിയ ഇറ്റാലിയൻ കരുത്തരായ യുവൻറസിനെ അടുത്ത മിനിറ്റിൽ അതിലേറെ മനോഹരമായ ഗോളുമായി ഒപ്പം പിടിച്ചാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഒന്നാംപാദ പോരാട്ടം അയാക്സ് അവിസ്മരണീയമാക്കിയത്. ഇതോടെ, അടുത്ത മത്സരം ഇരുടീമുകൾക്കും നിർണായകമായി.
തുടയിലേറ്റ പരിക്കുമായി ഒരു മാസത്തോളം വിശ്രമത്തിലായിരുന്ന റൊണാൾേഡാ തിരിച്ചുവരവ് അവിസ്മരണീയമാക്കിയാണ് ഇന്നലെ യുവൻറസ് നേടിയ ഏക ഗോൾ സ്വന്തം പേരിൽ കുറിച്ചത്. ആദ്യപകുതിയുടെ അവസാനത്തിൽ മധ്യനിരയിൽനിന്ന് ലഭിച്ച ത്രോബാൾ പല കാൽ മറിഞ്ഞ് പെനാൽറ്റി ബോക്സിൽ എതിർ പ്രതിരോധത്തിെൻറ കത്രികപ്പൂട്ടിൽനിന്ന് രക്ഷപ്പെട്ടുനിന്ന റോണോയെ കണക്കാക്കി എത്തുന്നു.
മുഴുനീളെ ചാടി തല വെച്ച പന്ത് അയാക്സ് ഗോളി ആന്ദ്രെ ഒനാനയെയും മറികടന്ന് പോസ്റ്റിലേക്ക്. കളിയുടെ ഒഴുക്കിനെതിരെയായിരുന്നു ഇറ്റാലിയൻ സംഘം നേടിയ ഗോൾ. ഇതോടെ, ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ നേടുന്ന ഗോളുകളുടെ എണ്ണം 125 ആയി. ക്വാർട്ടർ പോരാട്ടങ്ങളിൽ മാത്രം 41 തവണ വല ചലിപ്പിച്ച റെക്കോഡും അദ്ദേഹത്തിനു സ്വന്തം.
രണ്ടാം പകുതിയുടെ വിസിൽ മുഴങ്ങി നിമിഷങ്ങൾക്കകം അയാക്സ് ഗോൾ മടക്കി. ചുറ്റും വട്ടമിട്ട യുവൻറസ് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിെൻറ വലതുമൂലയിലേക്ക് ഡേവിഡ് നെറെസ് പായിച്ച ലോങ് റേഞ്ചറായിരുന്നു അയാക്സിന് ആശ്വാസം സമ്മാനിച്ചത്. അതിനിടെ, അയാക്സിനായി യുർഗൻ എക്കലൻകാമ്പും മറുവശത്ത് ഡഗ്ലസ് കോസ്റ്റയും പായിച്ച ഷോട്ടുകൾ നിർഭാഗ്യത്തിന് ലക്ഷ്യം പിഴച്ചു.
ഏപ്രിൽ 16നാണ് ഇരു ടീമുകളുടെയും രണ്ടാംപാദ മത്സരം. വിജയികൾ മാഞ്ചസ്റ്റർ സിറ്റി- ടോട്ടൻഹാം മത്സരവിജയികളെ സെമിയിൽ നേരിടും. യുവനിര പന്തുതട്ടുന്ന അയാക്സിലെ പ്രമുഖരൊക്കെയും അടുത്ത സീസണോടെ കൂടൊഴിയാൻനിൽക്കെ വിജയം അവർക്ക് അവസാന മധുരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.