എല്ലാം കെട്ടുകഥ കാംബ മരിച്ചിട്ടില്ല
text_fieldsബെർലിൻ: നാലുവർഷം മുമ്പ് വാഹനാപകടത്തിൽ ‘മരിച്ച’ ഫുട്ബാൾ താരം ജീവനോടെ. ജർമനിയിൽ നിന്നാണ് ആരാധകലോകത്തെ ഞെട്ടിച്ച വാർത്ത. ബുണ്ടസ് ലിഗ മുൻനിര ക്ലബ് ഷാൽകെയുടെ മുൻ യൂത്ത് ടീം അംഗവും, എട്ടാം ഡിവിഷൻ ക്ലബ് വി.എഫ്.ബി ഹുൾസ് താരവുമായിരുന്ന ഹിയാനിക് കാംബയാണ് ‘മരണത്തിെൻറ’ നാലുവർഷത്തിനു ശേഷം ജീവനോടെ പ്രത്യക്ഷപ്പെട്ടത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കാംബയുടെ മുൻഭാര്യ മെനഞ്ഞ കഥയാണ് വാഹനാപകട മരണമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
2016 ജനുവരി ഒമ്പതിനായിരുന്നു ജർമൻ ഫുട്ബാളിനെ ഞെട്ടിച്ച ആ വാർത്തയെത്തുന്നത്. തെൻറ മാതൃരാജ്യമായ കോങ്കോയിലേക്ക് കൂട്ടുകാർക്കൊപ്പം യാത്രപോയ കാംബ വാഹനാപകടത്തിൽ മരിച്ചുവെന്നായിരുന്നു സന്ദേശം. കോങ്കോയിലെ ആഭ്യന്തര സംഘർഷത്തെത്തുടർന്ന് 1980കളിൽ ജർമനിയിലേക്ക് കുടിയേറിയതായിരുന്നു കാംബയുടെ കുടുംബം. 2005ൽ അവരെ കോങ്കോയിലേക്ക് നാടുകടത്തിയെങ്കിലും 19കാരനായ കാംബയെ ഷാൾകെ ക്ലബുമായുള്ള കരാർ പരിഗണിച്ച് ജർമനിയിൽ തുടരാൻ അനുവദിച്ചു. അവിടെ, മാനുവൽ നോയർ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം കളിച്ച കാംബക്ക് ക്ലബ് സീനിയർ ടീമിലേക്ക് കരാർ ഓഫർ ചെയ്തെങ്കിലും ധാരണയായില്ല. പിന്നീട് ഹൂൾസിനായി കളിച്ച താരം വൈകാതെ നാട്ടിലേക്ക് മടങ്ങി. ഫുട്ബാൾ ബഹളങ്ങളിൽനിന്നും മിടുക്കനായ റൈറ്റ്ബാക്കിനെ കാണാതായി. ഇതിനിടെയാണ് 2016ൽ മരണവാർത്തയെത്തുന്നത്. വിടരുംമുേമ്പ കൊഴിഞ്ഞുപോയ താരത്തെ അനുസ്മരിച്ച് ഷാൾകെയും ഹൂൾസും അനുശോചന കുറിപ്പിറക്കുകയും ദുഃഖമാചരിക്കുകയും ചെയ്തു. പിന്നാലെ, കാംബയുടെ മരണ സർട്ടിഫിക്കറ്റും സംസ്കാര വിവരങ്ങളും സമർപ്പിച്ച് ആദ്യ ഭാര്യ ലക്ഷക്കണക്കിന് ഡോളർ ഇൻഷുറൻസ് തുക സ്വന്തമാക്കി.
പുനർജന്മം
കഥയുടെ രണ്ടാം ഭാഗം കാംബയാണ് പറയുന്നത്. കോങ്കോയിൽ ഒരു യാത്രക്കിടെ കൂട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട് രേഖകളും പണവും മൊബൈൽ നമ്പറുകളും നഷ്ടപ്പെട്ട് വഴിതെറ്റിപ്പോയി. ആരുമായും ബന്ധപ്പെടാൻ കഴിയാതെ നീണ്ടകാലം അലഞ്ഞുതിരിഞ്ഞു. പിന്നീട് കോങ്കോയിലെ ജർമൻ എംബസിയെ സമീപിച്ചാണ് താൻ മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയത്. ശേഷം ജർമനിയിൽ തിരിച്ചുവരവിന് ശ്രമം ആരംഭിച്ചു. 2018 ജർമനിയിലെത്തിയ ശേഷവും തെൻറ ഫുട്ബാൾ ജീവിതം ഓർമപ്പെടുത്തി കാംബ മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തലായി. ഇപ്പോൾ ഗെൽസൻ കിർചനിൽ കെമിക്കൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. തെൻറ ജീവിതവും കരിയറും നശിപ്പിച്ചവർക്കെതിരായ നിയമപോരാട്ടത്തിലാണ് ഇദ്ദേഹം. കാംബയെ സാക്ഷിയാക്കിയാണ് കേസ് നടപടി മുന്നോട്ട് പോവുന്നതെന്ന് അഭിഭാഷകൻ അനീറ്റ് മിൽക് ജർമൻ പത്രത്തോട് പറഞ്ഞു. തിരിച്ചുവരവിൽ സന്തോഷിക്കുേമ്പാഴും കഥമുഴുവൻ വിശ്വസിക്കാൻ ആരും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.