കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ
text_fieldsമുംബൈ: ഇത് ഒരു മാസം മുമ്പ് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട മുംബൈ സിറ്റി എഫ്.സി അല്ല. നീലപ്പടയുടെ പേരും പെരുമയുമെല്ലാം ആഗോളതലത്തിലേക്കുയർന്നു കഴിഞ്ഞു. ഫുട്ബാളിലെ വമ്പൻ ടീമുകളുടെ ഉടമസ്ഥരായ സിറ്റി ഗ്രൂപ്പിെൻറ ഇന്ത്യൻ പതിപ്പ്. ഇംഗ്ലണ്ടിലെ ചാമ്പ്യൻ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സഹോദര സംഘം. ഒരു മാസത്തിലേറെ നീണ്ട ഇടവേളക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടുേമ്പാൾ എതിരാളിയുടെ മട്ടും ഭാവവുമെല്ലാം മാറിക്കഴിഞ്ഞു. ആ തലയെടുപ്പിനൊത്ത വിജയം തേടിയാണ് ജോർജ് കോസ്റ്റിയുടെ ടീം പുതിയ ഉടമസ്ഥരുടെ കീഴിൽ ഹോം മത്സരത്തിനിറങ്ങുന്നത്.
കണക്കുപുസ്തകത്തിൽ ഒരു ജയം മാത്രം സമ്പാദ്യമുള്ള രണ്ട് ടീമുകളുടെ ഏറ്റുമുട്ടലാണിത്. ആറു കളിയിൽ ആറു പോയൻറുമായി മുംബൈ ഏഴാമതും അഞ്ചു പോയൻറുമായി ബ്ലാസ്റ്റേഴ്സ് എട്ടാമതുമാണ്. രണ്ടുപേർക്കും ജയത്തോടെ പുതു തുടക്കം അനിവാര്യം. ആദ്യ മത്സരത്തിൽ എ.ടി.കെയെ വീഴ്ത്തി സീസണിന് ഉദ്ഘാടനംകുറിച്ച ബ്ലാസ്റ്റേഴ്സിെൻറ സ്വപ്നങ്ങൾക്ക് സഡൻ ബ്രേക്ക് നൽകിയാണ് മുംബൈ ഏക ജയം നേടിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിൽ അമിനി ഷെർമിറ്റിയുടെ ഒരു ഗോളിലായിരുന്നു അന്ന് മുംബൈയുടെ ജയം. അതിനുശേഷം ബ്ലാസ്റ്റേഴ്സും മുംബൈയും ജയിച്ചിട്ടില്ല. മുംബൈക്ക് മൂന്നു സമനിലയും രണ്ട് തോൽവിയും ബ്ലാസ്റ്റേഴ്സിന് രണ്ട് സമനിലയും മൂന്നു തോൽവിയും.
ഷറ്റോറി നിരാശനാണ്
ആവനാഴി കാലിയായ പടനായകെൻറ അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷറ്റോറി. ഒരുവശത്ത് പരിക്ക് അലട്ടുേമ്പാൾ, ഉള്ള ടീമുമായി പൊരുതിയിട്ടും ജയിക്കാനാവുന്നില്ല. ഗോവക്കെതിരെ കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ കണ്ട കാഴ്ച അതായിരുന്നു. സിഡോഞ്ച-മെസ്സിബൗളി-ഒഗ്ബച്ചെ ത്രയം ട്രാക്കിലായി രണ്ട് ഗോളടിച്ച് മുന്നിലെത്തിയിട്ടും ഇഞ്ചുറി ടൈമിൽ ഡിഫൻസിവ് സോണിലെ പിഴവിൽ പിറന്ന ഗോളിൽ ജയംകൈവിട്ട് സമനിലയായി. ജയിക്കാനാവാത്തതിെൻറ എല്ലാ നിരാശയും പങ്കുവെക്കുന്നതായിരുന്നു ബുധനാഴ്ച മുംബൈയിൽ ഷറ്റോറിയുടെ വാക്കുകൾ. ടീമിെൻറ വീഴ്ചയും പോരായ്മയും തുറന്നുസമ്മതിച്ച ഷറ്റോറി, ‘ബ്ലാസ്റ്റേഴ്സിെൻറത് ഒരു മോശം കോച്ചാണ്, എങ്ങനെ ജയിക്കണമെന്ന് അദ്ദേഹത്തിനറിയില്ല’ എന്ന മുഖവുരയോടെയാണ് മാധ്യമങ്ങളുമായി സംസാരം തുടങ്ങിയത്. പരിക്ക് ടീമിനെ അലട്ടുന്നുണ്ടെങ്കിലും ബംഗളൂരുവിനും ഗോവക്കുമെതിരെ ടീം ഏറെ മെച്ചപ്പെട്ടു. പക്ഷേ, അവയൊന്നും ജയത്തിലെത്തിക്കാനായിട്ടില്ല. അവസാന മിനിറ്റിൽ ഗോൾ വഴങ്ങുന്നതിനും പോയൻറ് നഷ്ടപ്പെടുത്തുന്നതിനും ഞങ്ങൾതന്നെയാണ് ഉത്തരവാദികൾ. ഓരോ കളിയിലും ഒരു ചുവട് മുന്നോട്ട് വെക്കാൻ ശ്രമിക്കുേമ്പാൾ രണ്ട് ചുവട് പിന്നോട്ടായാണ് മത്സരം അവസാനിക്കുന്നത്. പരിക്കിനെ സൂചിപ്പിച്ചുകൊണ്ട് കോച്ച് പറയുന്നു.
ഗോവയെ നേരിട്ട ഫോർമേഷനിൽ തന്നെയാവും ഇന്ന് മുംബൈക്കെതിരെ ഇറങ്ങുക. പ്രതിരോധത്തിൽ ഡ്രൊബറോവ്-രാജു ഗെയ്ക്വാദ് സംഘം കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടിവരും. സിഡോഞ്ച-മെസ്സി ബൗളി- ഒഗ്ബച്ചെ കൂട്ടിൽ തന്നെയാവും ആക്രമണം.
മുംബൈക്കും ജയിക്കണം
തുല്യ ദുഃഖിതരാണ് മുംബൈയും. മികച്ച നിരയുണ്ടായിട്ടും ജയിക്കാനാവുന്നില്ലെന്ന നിരാശ കോച്ച് കോസ്റ്റയുടെ സീറ്റിനും ഭീഷണിയാവുന്നു. ഏറ്റവും ഒടുവിൽ ഒഡിഷയോട് 4-2നായിരുന്നു തോറ്റത്. അമിൻ ഷർമീറ്റി, മുഡോ സുഗോ മധ്യനിരയിൽ പൗലോ മച്ചാഡോ, റൗളിൻ ബോർജസ്, ഡീഗോ കാർലോസ് എന്നിവർ അണിനിരന്നിട്ടും കളി ജയിക്കാനാവുന്നില്ലെന്ന തലവേദനയിലാണ് ടീം. ഇതിനിടയിലാണ് പുതിയ ഉടമസ്ഥരുടെ വരവ്. ആഘോഷത്തോടെ നടന്ന പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഒഡിഷക്കെതിരെ വൻ തോൽവി പിണഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.