മൈതാനം നിശ്ചലം; രണ്ടറ്റം കൂട്ടിമുട്ടാതെ ജീവിതങ്ങൾ
text_fieldsമലപ്പുറം: കോവിഡ് വ്യാപനം മൂലം ഉടലെടുത്ത പ്രതിസന്ധിയിൽ കായികമേഖലയുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പേരുടെ ജീവിതവും വഴിമുട്ടി. അവധിക്കാല ക്യാമ്പുകളും മത്സരങ്ങളും ഉപേക്ഷിച്ചതോടെ ഇതുവഴി ഉപജീവനം നടത്തിയിരുന്നവർ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ്. സെവൻസ് ഫുട്ബാൾ ജീവിതോപാധിയാക്കിയ താരങ്ങൾ മുതൽ കായിക സാമഗ്രികളുടെ വിൽപനക്കാർവരെ കൂട്ടത്തിലുണ്ട്.
സെവൻസ് ഫുട്ബാൾ അസോസിയേഷെൻറ അംഗീകാരമുള്ള 20ലധികം ടൂർണമെൻറുകൾ ജില്ലയിൽ നടക്കാറുണ്ട്. ഫൈവ്സ് ഉൾപ്പെടെ പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന നൂറുകണക്കിന് ടൂർണമെൻറുകൾ വേറെയും. താരങ്ങളെ സംബന്ധിച്ച് കളിച്ച് ലഭിക്കുന്ന പ്രതിഫലമാണ് ഉപജീവനമാർഗം.
മാനേജർമാർ, റഫറിമാർ, അനൗൺസർമാർ, ഗ്രൗണ്ട് പരിപാലകർ, ഗാലറി നിർമിക്കുന്നവർ, ടിക്കറ്റ് വിൽപന ചുമതലയുള്ളവർ തുടങ്ങിയവരെല്ലാം ഈ മേഖലയിൽവരുന്നു. ഗ്രൗണ്ടിന് സമീപം കച്ചവടം നടത്തുന്നവരും ലൈറ്റ് ആൻഡ് സൗണ്ടുകാരുമുൾപ്പെടെ ഏറെപ്പേർ അനുബന്ധമായുണ്ട്. ടർഫുകൾ വ്യാപകമായതോടെ ഇവിടങ്ങളിലും രാപ്പകലില്ലാതെ മത്സരങ്ങൾ നടന്നിരുന്നു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ടർഫുകളും അടച്ചിട്ടു.
ബാൾ, ബാറ്റ്, ബൂട്ട്, ഷൂസ്, ജഴ്സി, ഗ്ലൗസ് തുടങ്ങിയവ വലിയോതിൽ വിറ്റുപോവുന്ന സമയമാണ് വേനലവധിക്കാലം. എന്നാൽ, ലോക്ഡൗൺ വന്നതോടെ ആവശ്യക്കാർ നാലിലൊന്നായി ചുരുങ്ങിയതായി മലപ്പുറത്ത് സ്പോർട്സ് സാമഗ്രികളുടെ ഷോപ്പ് നടത്തുന്ന ഷക്കീൽ പുതുശ്ശേരി പറയുന്നു. ഉൽപാദനവും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ആളുകൾ വീട്ടിലേക്ക് ഒതുങ്ങിയതോടെ കാരംബോർഡ്, ചെസ്ബോർഡ്, ഷട്ടിൽ ബാറ്റ് തുടങ്ങിയവക്ക് ചെറിയതോതിൽ ഡിമാൻഡുണ്ടായിരുന്നു. പിന്നീട് അതും നിലച്ചു.
ജിംനേഷ്യങ്ങളും പ്രവർത്തിക്കാത്തതിനാൽ വ്യായാമസാമഗ്രികളുടെ കച്ചവടവും മന്ദഗതിയിലായി. സ്കൂളുകൾ തുറക്കാത്തതും കായികമേഖലയിൽ പ്രവർത്തിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നവരെ ബാധിച്ചിട്ടുണ്ട്. ഇത്തവണ ഗെയിംസ്, അത്ലറ്റിക് മീറ്റുകൾ നടക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.