ഐ.എസ്.എല്‍ കലാശപ്പോരാട്ടം കൊച്ചിയില്‍
text_fieldsകൊച്ചി: ഫുട്ബാള്‍ ആരാധകര്‍ക്ക് ആവേശംപകര്‍ന്ന് മറ്റൊരു വാര്‍ത്ത കൂടി. ഐ.എസ്.എല്‍ മൂന്നാം പതിപ്പിന്‍െറ ഫൈനലിന് കൊച്ചി ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകാന്‍ സാധ്യതയേറുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന ഐ.എസ്.എല്‍ സംഘാടക യോഗത്തിലാണ് കൊച്ചിയെ പരിഗണിക്കാന്‍ തീരുമാനമുണ്ടായത്. കൊച്ചിയിലെ താമസസൗകര്യം സംബന്ധിച്ച അനിശ്ചിതത്വമാണ് ഒൗദ്യോഗിക പ്രഖ്യാപനത്തിനുള്ള തടസ്സം. ഇത് പരിഹരിച്ചാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാവും. താരങ്ങള്‍, ഒഫീഷ്യലുകള്‍, സ്പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ക്ക് സ്റ്റേഡിയം പരിസരത്ത് താമസിക്കാന്‍ ഹോട്ടല്‍ ലഭ്യത ഇതുവരെ ഉറപ്പായിട്ടില്ല. ഡിസംബര്‍ 18നാണ് ഫൈനല്‍.
അന്നേദിവസം ഏതെങ്കിലും പ്രധാന ഹോട്ടല്‍ ലഭ്യമാവുന്നതോടെ ഫൈനല്‍ വേദി ഉറപ്പാകും. കൊച്ചി സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്കാണ് ഫൈനലിന് പരിഗണിക്കാന്‍ കാരണം. മുംബൈയും ഗോവയുമായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളിലെ ഫൈനല്‍ വേദി. ഇത്തവണ കൊച്ചിയോ കൊല്‍ക്കത്തയോ കലാശപ്പോരിന് സാക്ഷിയാവുമെന്ന് ടൂര്‍ണമെന്‍റ് തുടങ്ങിയ സമയത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ സീസണുകളില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായിരുന്ന സാള്‍ട്ട്ലേക് സ്റ്റേഡിയം അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് നവീകരണം നടക്കുന്നതിനാല്‍ ഐ.എസ്.എല്ലിന് വിട്ടുനല്‍കിയിരുന്നില്ല. നിലവില്‍ കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ രബീന്ദ്ര സരോബര്‍ സ്റ്റേഡിയത്തില്‍ 12,000 പേര്‍ക്ക് മാത്രമാണ് കളി കാണാന്‍ സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.