ലാ ലിഗക്ക് പച്ചക്കൊടി
text_fieldsമാഡ്രിഡ്: ജർമൻ ബുണ്ടസ് ലീഗക്കു പിന്നാലെ സ്പെയിനിലും കളിക്കളമുണരുന്നു. കോവിഡ് കാരണം നിശ്ചലമായ സ്പാനിഷ് ലാ ലിഗ പുനരാരംഭിക്കാൻ സർക്കാറിെൻറ അനുമതി. ജൂൺ എട്ടിന് ശേഷം കിക്കോഫ് കുറിക്കാമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് രാജ്യത്തെ ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളെല്ലാം റദ്ദാക്കിയത്.
കോവിഡ് വ്യാപനം നിയന്ത്രിതമായതോടെയാണ് ഫുട്ബാൾ തിരിച്ചുവരവിന് അനുമതി നൽകിയത്. ആരോഗ്യ മന്ത്രാലയത്തിെൻറ കർശന സുരക്ഷ നിയന്ത്രങ്ങളിലാവും കളി. ഗാലറിയിലേക്ക് കാണികൾക്ക് പ്രവേശനമുണ്ടാവില്ല. പരിശീലനത്തിനിടയിലും കളിയിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം.
കളിക്കാർ തമ്മിലും ഒഫീഷ്യലുകളുമായും ഹസ്തദാനം, ആലിംഗനം എന്നിവ പാടില്ല. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിൽ കളിക്കാർ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.
സർക്കാർ തീരുമാനത്തെ ലാ ലിഗ പ്രസിഡൻറ് യാവിയർ ടെബാസ് സ്വാഗതം ചെയ്തു. ജൂൺ 12ഓടെ സീസൺ പുനരാരംഭിക്കാനാണ് ആലോചന. 27 മത്സരം പൂർത്തിയാക്കിയ ലീഗിൽ ബാഴ്സലോണയും (58) റയൽ മാഡ്രിഡും (56) തമ്മിലാണ് കിരീടപ്പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.