ലാലിഗ സമാപിച്ചു; റയലിന് സമനില; ബാഴ്സക്ക് ജയം
text_fieldsമഡ്രിഡ്: മഹാമാരിയും കാണികളില്ലാത്ത കളിക്കളവും കോവിഡ് പ്രോേട്ടാകോളിെൻറ നാടകീയതകളുംകൊണ്ട് സംഭവബഹുലമായ ലാ ലിഗ സീസണിന് കൊടിയിറക്കം. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സീസൺ എന്ന റെക്കോഡുമായി സമാപിച്ചപ്പോൾ റയൽ കിരീടാവകാശിയായിമാറി.
കോവിഡ് ഇടവേളക്കുശേഷം തുടർച്ചയായി 10 കളി ജയിച്ച് ചാമ്പ്യൻഷിപ് സ്വന്തമാക്കിയ റയൽ മഡ്രിഡിനെ തരംതാഴ്ത്തപ്പെട്ട ലെഗാനസ് 2-2ന് സമനിലയിൽ തളച്ചപ്പോൾ, ബാഴ്സലോണ ഡിപോർടിവോ അലാവസിനെ 5-0ത്തിന് തരിപ്പണമാക്കി. അത്ലറ്റികോ മഡ്രിഡും ഗെറ്റാഫെയും 1-1ന് സമനില വഴങ്ങി.
റയലിെൻറ പെർഫക്ട് റൺ എന്ന ലക്ഷ്യത്തിനാണ് തരംതാഴ്ത്തൽ എന്ന മരണവെപ്രാളത്തിൽ പിടയുന്ന ലെഗാനസ് അള്ളുവെച്ചതെങ്കിലും കാര്യമുണ്ടായില്ല. 17ാം സ്ഥാനത്തുള്ള സെൽറ്റ വിഗോ (37 പോയൻറ്) ഏറ്റവും പിൻനിരയിലുള്ള എസ്പാന്യോളിനോട് ഗോൾരഹിത സമനില പാലിച്ചതോടെ റയലിനെതിരെ ജയിച്ചിട്ടും ലെഗാനസ് (36) ഒരു പോയൻറ് വ്യത്യാസത്തിൽ പുറംതള്ളപ്പെട്ടു. സെർജിയോ റാേമാസും (9ാം മിനിറ്റ്), മാർകോ അസൻസിയോ (52) യും റയലിനായി ഗോളടിച്ചു.
റയൽ കളത്തിലിറങ്ങും മുമ്പായിരുന്നു ബാഴ്സലോണയുടെ മത്സരം. ലയണൽ മെസ്സി ഇരട്ട ഗോൾ (34,75 മിനിറ്റ്) നേട്ടവുമായി ടീമിെൻറ പടയോട്ടം മുന്നിൽനിന്ന് നയിച്ചു. അൻസു ഫാതി (24ാം മിനിറ്റ്), ലൂയി സുവാരസ് (44), നെൽസൺ സെമീഡോ (57) എന്നിവർ ശേഷിച്ച ഗോളും വലയിലാക്കി.
റയൽ, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, സെവിയ്യ എന്നിവർ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചപ്പോൾ, വിയ്യാറയലിനും റയൽ സോസിഡാഡിനും യൂറോപ ലീഗ് യോഗ്യത. ലെഗാനസ്, മയോർക്ക, എസ്പാന്യോൾ ടീമുകൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.