കളി കഴിഞ്ഞ് പറന്നുയർന്നത് ദുരന്തത്തിലേക്ക്
text_fieldsലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച ആകാശ ദുരന്തത്തിൽ മുൻ പ്രീമിയർ ലീഗ് ചാ മ്പ്യൻ ക്ലബ് ലെസ്റ്റർ സിറ്റി ഉടമ വിചയ് ശ്രിവദ്ധനപ്രഭ കൊല്ലപ്പെട്ടു. പ്രീമിയർ ലീഗിൽ ശനിയാഴ്ച രാത്രി ലെസ്റ്റർ സിറ്റിയും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മിലെ മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം സ്വന്തം ഹെലികോപ്ടറിൽ ലണ്ടനിലേക്ക് മടങ്ങവെയാണ് ദുരന്തം. ലെസ്റ്ററിെൻറ ഹോം ഗ്രൗണ്ടായ കിങ്പവർ സ്റ്റേഡിയത്തിൽനിന്ന് പറന്നുയർന്ന ഹെലികോപ്ടർ മിനിറ്റുകൾക്കകം പൊട്ടിത്തെറിച്ച് തീഗോളമായി മാറി. സ്റ്റേഡിയത്തിനു പുറത്തെ കാർ പാർക്കിങ് മേഖലയിലാണ് കോപ്ടർ തകർന്നുവീണത്. ശ്രിവദ്ധനപ്രഭക്കൊപ്പം രണ്ടു ജീവനക്കാരും പൈലറ്റും ഒരു യാത്രക്കാരനും കൊല്ലപ്പെട്ടു.
ലെസ്റ്ററിെൻറ മത്സരങ്ങൾക്കു ശേഷം ക്ലബ് ഉടമയും സംഘവും എന്നും സ്വന്തം ഹെലികോപ്ടറിലാണ് ലണ്ടനിലേക്ക് മടങ്ങുന്നത്. ശനിയാഴ്ചത്തെ കളി കഴിഞ്ഞ് കാണികളും എതിർ ടീമും ഗ്രൗണ്ട് വിട്ട ശേഷം പതിവുപോലെ ശ്രിവദ്ധന കോപ്ടറിൽ കയറുകയായിരുന്നുവെന്നാണ് സൂചന. ഏതാനും മീറ്റർ ഉയരത്തിൽ പറന്നുയർന്ന ശേഷം ഹെലികോപ്ടറിെൻറ ശബ്ദം നിലച്ചതായും പൊടുന്നനെ പൊട്ടിത്തെറിയോടെ തീഗോളമായി നിലംപതിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തായ്ലൻഡിലെ കോടീശ്വരനായ ശ്രിവദ്ധനപ്രഭ 2010ലാണ് ലെസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. മികച്ച കളിക്കാരെയും പരിശീലകരെയും എത്തിച്ചതോടെ, ലെസ്റ്റർ 2014ൽ ലീഗ് ചാമ്പ്യൻഷിപ് ജയിച്ച് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടി ചരിത്രം കുറിച്ചതോടെ ഇംഗ്ലണ്ടിലെ ചെറുനഗരത്തിന് തായ് കോടീശ്വരൻ ആരാധ്യനായി മാറി. അപകടവാർത്ത കേട്ടയുടൻ ആയിരങ്ങളാണ് ക്ലബ് ആസ്ഥാനത്ത് കണ്ണീരുമായി ഒത്തുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.