ചാമ്പ്യൻസ്പൂൾ; ക്ലോപിൻെറ ചെമ്പടക്ക് ചാമ്പ്യൻസ് ലീഗ് കിരീടം
text_fieldsമഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജകിരീടം സ്വന്തമാക്കി ലിവർപൂൾ എഫ്.സി. യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടനം ഹോട്ട്സ്പറിനെ ക്ലോപിൻെറ ചെമ്പട കെട്ടുകെട്ടിച്ചത്. മുഹമ്മദ് സലാ, ഡീവോക് ഒറിഗി എന്നിവർ ലിവർപൂളിന് വേണ്ടി വലകുലുക്കി. കഴിഞ്ഞ തവണ ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയം രുചിച്ചതിനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൈയ്യെത്തും ദൂരത്ത് നിന്ന് കൈവിട്ടതിനുമുള്ള മധുര പ്രതികാരമായി സാലക്കും ടീമിനും ഇന്നത്തെ വിജയം.
അത്ലറ്റികോ മഡ്രിഡിെൻറ തട്ടകമായ എസ്റ്റേഡിയോ മെട്രോപൊളിറ്റാനോയിൽ രാത്രി 12.30ന് കിക്കോഫ് വിസിലുയർന്ന സമയത്ത് എല്ലാം പ്രവചനാതീതമായിരുന്നു. അഞ്ച് തവണ കിരീടം നേടിയ കരുത്തിൽ പന്തു തട്ടാനെത്തിയ ലിവർപൂളിന് വിജയക്കുതിപ്പ് നടത്തി കലാശപ്പോരിനെത്തിയ ടോട്ടൻഹാം വലിയ വെല്ലുവിളിയിൽ കുറഞ്ഞതൊന്നുമായിരുന്നില്ല. എന്നാൽ മത്സരത്തിൻെറ രണ്ടാം മിനിറ്റിൽ തന്നെ കളി ലിവർപൂളിൻെറ വരുതിയിലാകുന്ന കാഴ്ചയായിരുന്നു.
സൂപ്പർതാരം മുഹമ്മദ് സാലയുടെ ഗോൾ പിറന്നത് ഒരു പെനാൽട്ടി കിക്കിലൂടെ. ബോക്സിനുള്ളിൽ വെച്ച് സൂപ്പർതാരം സാദിയോ മാനെ എടുത്ത കിക്ക് ടോട്ടനത്തിൻെറ മൂസ്സ സിസോകോ കെെകൊണ്ട് തടഞ്ഞു. കിക്കെടുത്ത സലാ എളുപ്പം അത് വലയിലാക്കുകയും ചെയ്തു. ആരാധകരെ വിഭ്രാന്തിയിലാക്കിയ ടോട്ടനം, കളിയിൽ എത്രയും പെട്ടന്ന് തിരിച്ചുവരാനുള്ള നെട്ടോട്ടത്തിലായിരുന്നു പിന്നീട്.
ഒന്നാം പകുതിയിൽ പന്തടക്കത്തിൽ ഏറെ മുന്നിൽ നിന്ന ടോട്ടനത്തിന് പക്ഷെ ലിവർപൂൾ പ്രതിരോധം പൊളിക്കാനുള്ള മാന്ത്രിക വിദ്യ ഇല്ലാതെ പോയി. ഗോൾ വഴങ്ങാതിരിക്കാനുള്ള പെടാപാടിനിടെ വല്ലപ്പോഴും കാലിൽ കിട്ടുന്ന പന്ത് ടോട്ടനം ഗോൾമുഖത്തെത്തിച്ച് ഞെട്ടിക്കാൻ ലിവർപൂളിനും സാധിച്ചില്ല. ആദ്യ പകുതി വിരസമാകുന്ന കാഴ്ചയായിരുന്നു.
രണ്ടാം പകുതിയിൽ ടീമിൽ ചില മാറ്റങ്ങൾ വരുത്തിയ യുർഗൻ ക്ലോപ്പ് ദിവോക് ഒറിജിയെ റോബർട്ടോ ഫെർമീഞ്ഞോക്ക് പകരക്കാരനായി കൊണ്ടു വന്നു. ഇരുടീമുകളിലും കോച്ചുമാർ വരുത്തിയ മാറ്റം ആദ്യപകുതിയിലെ ആവേശച്ചോർച്ചക്ക് പരിഹാരമായി എന്നുവേണം പറയാൻ. ഇരു ടീമുകളും മികച്ച മുന്നേറ്റം നടത്തി. എന്നാൽ ടോട്ടനത്തിന് വേണ്ടി ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിൻ പല തവണ പന്തുമായി കുതിച്ച് ലിവർപൂൾ പ്രതിരോധത്തിന് ഉൾക്കിടിലം സമ്മാനിച്ചു.
കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കേ പകരക്കാരനായി എത്തിയ ഒറിജി ടോട്ടനത്തിൻെറ പരാജയം കൂടുതൽ കടുപ്പിച്ചു. കോർണറിൽ നിന്നെത്തിയ പന്ത് തട്ടിയകറ്റാൻ ലിവർപൂൾ താരങ്ങൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒറിജിക്ക് മുമ്പിൽ അത് വിഫലമായി. കാലിലേക്ക് വന്ന പന്ത് പോസ്റ്റിൻെറ വലത് മൂലയിലേക്ക് അടിച്ചു കയറ്റി. അതോടെ ചെമ്പടക്ക് ആറാം ചാമ്പ്യൻസ് ലീഗ് കിരീടം. കോച്ച് യുർഗൻ ക്ലോപിൻെറ കന്നി കിരീടമാണിത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മികച്ച റെക്കോഡുള്ള ടീമാണ് ലിവർപൂൾ. ഈ വർഷത്തെ കിരീടമടക്കം ആറ് തവണ ചാമ്പ്യന്മാരായിട്ടുള്ള (1977, 1978, 1981, 1984, 2005) ടീം മൂന്നു വട്ടം റണ്ണറപ്പുകളുമായി (1985, 2007, 2018). അതേസമയം, ടോട്ടൻഹാമിൻെറ ആദ്യ ഫൈനലായിരുന്നു ഇത്. ഏഴു വർഷമായി കിരീടവരൾച്ചയിലായിരുന്നു ലിവർപൂൾ. എന്നാൽ ടോട്ടൻഹാം ലക്ഷ്യമിട്ടത് 11 വർഷത്തിനിടയിലെ ആദ്യ ട്രോഫിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.