പ്രീമിയർ ലീഗ് കിരീടം നഷ്ടമാകില്ലെന്ന പ്രതീക്ഷയിൽ ലിവർപൂൾ
text_fieldsലണ്ടൻ: 1990ൽ പ്രീമിയർ ലീഗ് പിറവിയെടുക്കുംമുമ്പ് ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടം മാറോടു ചേർത്ത പഴയ നിര ഇപ്പോഴുമുണ്ട് ലിവർപൂൾ പ്രതാപത്തിെൻറ ഓർമകളിൽ നിറഞ്ഞ് രാജ്യത്തിനകത്തും പുറത്തും. ഇംഗ്ലീഷ് മുൻനിര ലീഗിൽ തുടരെ കിരീടങ്ങളണിഞ്ഞ ആ നല്ല കാലത്തിന് മൂന്നു പതിറ്റാണ്ട് പൂർത്തിയാകുകയാണ്. ചരിത്രമായി മാറിയ ഫസ്റ്റ് ഡിവിഷെൻറ പിൻഗാമി പ്രീമിയർ ലീഗിനും ഏകദേശം അതേ വയസ്സ്. ലിവർപൂൾ പക്ഷേ, കാത്തിരിപ്പിലാണ്. മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും ആഴ്സണലും മുതൽ ലെസ്റ്റർ വരെ മുത്തമിട്ട പ്രീമിയർ ലീഗ് കിരീടം ഒരിക്കലെങ്കിലും നെഞ്ചോടുേചർക്കാൻ.
ഇത്തവണ േക്ലാപും കുട്ടികളും പഴുതടച്ച കളിമികവുമായി എല്ലാമുറപ്പിച്ച ഘട്ടത്തിലാണ് കോവിഡ് മൈതാനം പിടിച്ചത്. 25 പോയൻറ് ലീഡുമായി കിരീടത്തിലേക്ക് രണ്ടു കളി മാത്രം അകലെ നിൽക്കെ അനിശ്ചിതമായി നിർത്തിയ കളി ഉടനെങ്ങും പുനരാരംഭിക്കുന്ന ലക്ഷണമില്ല. അടച്ചിട്ട മൈതാനങ്ങളിൽ വീണ്ടും കളി ആരംഭിക്കാൻ ചർച്ച പുരോഗമിക്കുന്നുണ്ട്. പക്ഷേ, യൂറോപ്പിൽ എല്ലാ മുൻനിര ടൂർണമെൻറുകളും അവസാനിപ്പിക്കണമെന്ന് ആവശ്യവും സമ്മർദവും ശക്തമാകുേമ്പാൾ ലിവർപൂളിന് ഭാഗ്യം ഒപ്പമുണ്ടാകുമോ?
80കളെ അതിജീവിച്ച ടീം
മാർഗരറ്റ് താച്ചർ ബ്രിട്ടനെ മാത്രമല്ല, ആഗോള രാഷ്ട്രീയത്തെ പൊതുവായും നിയന്ത്രിച്ച 80കൾ ബ്രിട്ടന് പ്രതീക്ഷയുടെ പതിറ്റാണ്ടായിരുന്നുവെങ്കിലും തുറമുഖ നഗരമായ ലിവർപൂളിന് അങ്ങനെയായിരുന്നില്ല. വളർച്ച ക്ഷയിച്ച് നാശോൻമുഖമായ നഗരം ചരിത്രത്തിലേക്ക് പിൻമടങ്ങാൻ ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് കരുതിയവരേറെ. കാൽപന്ത് മൈതാനത്തെ എതിരാളികളായ ചെൽസിയും മറ്റുള്ളവരും വൻകുതിപ്പ് നടത്തുേമ്പാഴായിരുന്നു ലിവർപൂളിന് മാത്രം ഈ ദുർഗതി. നഗരത്തെ പതിയെ ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് താച്ചറുടെ മന്ത്രിസഭ ചർച്ച ചെയ്ത നാളുകൾ. കൂനിൻമേൽ കുരുവായി 1989 ഏപ്രിൽ 15ന് ഹിൽസ്ബറോ ദുരന്തവും.
നിരവധി ലിവർപൂൾ ആരാധകർ കൊല്ലപ്പെട്ട സംഭവത്തിൽ പക്ഷേ, ഉത്തരവാദിത്തത്തിെൻറ ഭാരം വന്നുഭവിച്ചതും അവരുടെ തലയിൽ. എന്നിട്ടും, വലിയ നിരയുടെ പെരുമയില്ലാതെ മൈതാനത്ത് പ്രതികാരം കുറിച്ച ലിവർപൂൾ കിരീടങ്ങൾ സ്വന്തമാക്കികൊണ്ടിരുന്നു. 10 വർഷത്തിനിടെ അവർ സ്വന്തമാക്കിയത് ആറ് ചാമ്പ്യൻഷിപ്പുകൾ. 1992ൽ പ്രീമിയർ ലീഗ് പിറവിയോടെ ഒന്നാം ഡിവിഷൻ ഫുട്ബാളിന് ഗ്ലാമർ കൂടിയതിൽ പിന്നെയാണ് ലിവർപൂളിന് നിർഭാഗ്യം വില്ലനായത്. പലവട്ടം, കിരീടത്തിനരികെ എത്തിയവർ ഒരിക്കൽ പോലും ജേതാക്കളായില്ല. മറുവശത്ത്, അലക്സ് ഫെർഗുസൺ മാത്രം മാഞ്ചസ്റ്റർ യുനൈറ്റഡിനെ ജേതാക്കളാക്കിയത് 13 തവണ. ‘ലിവർപൂൾ ഇരിക്കുന്ന കൊമ്പ് മുറിച്ചുകളയലാണ്’ തെൻറ ലക്ഷ്യമെന്ന് അന്ന് ഫെർഗുസെൻറ വെല്ലുവിളി പ്രശസ്തമാണ്.
ലിവർപൂളിെൻറ തിരിച്ചുവരവ് കഴിഞ്ഞ സീസണോടെ വീണ്ടും ശക്തിപ്പെട്ടതാണ്. അവസാനനാൾ വരെ പ്രതീക്ഷയുമായി ഒപ്പം നിന്നതിനൊടുവിൽ ഒരു പോയൻറിെൻറ മികവിനാണ് മാഞ്ചസ്റ്റർ സിറ്റി അന്ന് കിരീടവുമായി മടങ്ങിയത്. ഇത്തവണ പക്ഷേ, ചരിത്രം വഴിമാറിയ കുതിപ്പുമായാണ് ലിവർപൂൾ ജൈത്രയാത്ര തുടർന്നത്. റെക്കോഡുകൾ പലതും പഴങ്കഥയായി. രണ്ടാമതുള്ള സിറ്റിയെക്കാൾ ലീഡ് 25 പോയൻറ്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായവർ ഇത്തവണ പ്രീമിയർ ലീഗ് ട്രോഫിയും ഉറപ്പാക്കി. എന്നിട്ടും, കൊറോണ വൈറസ് എല്ലാം കൊണ്ടുപോയാൽ... മേയ് 25നകം ലീഗുകൾ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കണമെന്ന് യുവേഫ അന്ത്യശാസനം നൽകിയ സാഹചര്യത്തിൽ കളി തുടർന്നാലും അവസാനിപ്പിച്ചാലും കപ്പുയർത്താമെന്ന് ചെമ്പട സ്വപ്നം കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.