ക്രൊയേഷ്യയുടെ വേൾഡ് ബെസ്റ്റ്
text_fieldsകൈയിൽ പിടിക്കാനും ചുംബിക്കാനും ലോകകപ്പ് കിട്ടിയില്ലെങ്കിലും ആരാധക ഹൃദയം ജയിച്ചായിരുന്നു റഷ്യയിൽനിന്ന് ക്രൊയേഷ്യ മടങ്ങിയത്. വെറും 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു രാജ്യം ലോക ഫുട്ബാളിൽ വിസ്മയമായി അവതരിച്ചപ്പോൾ ആരാധകലോകം അവർക്കൊപ്പം നിന്നു. ഫൈനലിൽ ഫ്രാൻസിനു മുന്നിൽ കീഴടങ്ങിയപ്പോൾ ക്രൊയേഷ്യയുടെ കണ്ണീർ കാൽപന്തുലോകത്തിനും വേദനയായി. അന്ന് കാത്തുവെച്ചതാണ് ക്രൊയേഷ്യയെ സന്തോഷിപ്പിക്കാനൊരു കിരീടം. ലൂക മോഡ്രിച് എന്ന നായകൻ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങുേമ്പാൾ സാക്ഷാത്കരിക്കപ്പെടുന്നതും ഇൗ സ്വപ്നംതന്നെ.
ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലെത്തിയപ്പോൾ ആ കുതിപ്പിെൻറ എൻജിൻ മോഡ്രിച് എന്ന 33കാരനായിരുന്നു. രണ്ടു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും അയാൾ ക്രോട്ടുകളുടെ തന്ത്രം മെനഞ്ഞു. ഇതിനുള്ള അംഗീകാരമായിരുന്നു ലോകകപ്പിെൻറ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം.
ലോകകപ്പ് കിരീടനഷ്ടത്തിെൻറ നിരാശ മായ്ക്കുന്നതായിരുന്നു ഗോൾഡൻ ബാൾ നേട്ടം. അധികം വൈകാതെ യൂറോപ്പിെൻറ മികച്ച താരമായി തിരഞ്ഞെടുത്തു. ലോകകപ്പിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനെ കിരീടമണിയിച്ചതുകൂടിയായിരുന്നു അംഗീകാരത്തിന് പരിഗണിച്ചത്. തൊട്ടുപിന്നാലെ ഇതാ ഫിഫയുടെ പുരസ്കാരവും.
‘‘ഇൗ പുരസ്കാരം എേൻറതു മാത്രമല്ല. റയൽ മഡ്രിഡിലെയും ക്രൊയേഷ്യയിലെയും എെൻറ സഹതാരങ്ങളുടേതുകൂടിയാണ്. കളിക്കാരനെന്ന നിലയിലെ യാത്രയിൽ ഒപ്പം നടന്ന കോച്ചുമാരും എെൻറ കുടുംബവുമില്ലായിരുന്നെങ്കിലും ഞാൻ എന്ന കളിക്കാരൻ ഉണ്ടാവുമായിരുന്നില്ല.
എല്ലാവർക്കും നന്ദി’’ -അവാർഡ് ഏറ്റുവാങ്ങി മോഡ്രിച് പറഞ്ഞു. യൂഗോസ്ലാവ്യയുടെയും സെർബുകളുടെയും യുദ്ധങ്ങളിൽ തകർന്നുപോയ ക്രൊയേഷ്യയെന്ന കൊച്ചു രാജ്യത്തിൽനിന്ന് അഭയാർഥികളായി ഒളിഞ്ഞുതാമസിച്ചാണ് മോഡ്രിച്ചിെൻറ കുടുംബം വളർന്നത്. യുദ്ധത്തിൽ മുത്തശ്ശൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു.
അതിനിടയിൽ ഫുട്ബാളിനെ പ്രണയിച്ച ലൂകയെ ഡിനാമോ സഗ്രെബ് എന്ന ക്രൊയേഷ്യൻ ക്ലബാണ് കണ്ടെത്തുന്നതും കളിക്കാരനാക്കി വളർത്തുന്നതും.
2008ൽ ടോട്ടൻഹാമിലെത്തിയ താരം നാലുവർഷത്തിനുശേഷം റയലിലെത്തി. ക്രൊയേഷ്യൻ കുപ്പായത്തിൽ ജൂനിയർ ടീമിൽ കളിച്ചശേഷം 2006 മുതൽ സീനിയർ ടീമിൽ.
ദാനം ചെയ്ത് നേടിയ അവാർഡ്
മൈതാനത്തിനു പുറത്തെ മനുഷ്യ സ്നേഹത്തിനാണ് ഇൗ വർഷത്തെ ഫിഫ ഫെയർ േപ്ല പുരസ്കാരം. ക്ലബിെൻറ നിർണായക മത്സരം ഉപേക്ഷിച്ച്, അർബുദബാധിതനായ രോഗിക്ക് രക്തം ദാനംചെയ്യാൻ പോയ ഡച്ച് ക്ലബിെൻറ സ്ട്രൈക്കർ ലെനാർട് തെയ് ആണ് ഫെയർേപ്ല സ്വന്തമാക്കിയത്. ഡച്ച് ലീഗിൽ വി.വി.വി വെൻലോയുടെ താരമായ ലെനാർട് പി.എസ്.വിക്കെതിരായ നിർണായക മത്സരത്തിനൊരുങ്ങുേമ്പാഴാണ് നേരേത്ത താൻ വിത്തുകോശം ദാനംചെയ്തയാൾക്ക് രോഗം വഷളായ വാർത്തയറിയുന്നത്. ടീമിനൊപ്പം കളിക്കണോ അതോ ആ രോഗിയെ രക്ഷിക്കണോയെന്ന ചോദ്യത്തിനു മുന്നിൽ ലെനാർട് മത്സരം ഉപേക്ഷിച്ച് ആശുപത്രിയിലേക്കോടി. തെൻറ ടീം 3-0ത്തിന് തോറ്റെങ്കിലും സ്റ്റേഡിയത്തിൽ അന്ന് ലെനാർട്ടായിരുന്നു താരം. സഹതാരങ്ങൾ ‘ലെനാർട്ടിനെ പിന്തുടരൂ’ എന്ന സന്ദേശമെഴുതി ജഴ്സിയണിഞ്ഞു. കളി കഴിഞ്ഞപ്പോൾ എതിരാളികൾ ഒരു പടികൂടി കടന്ന് മാൻ ഒാഫ് ദ മാച്ച് പുരസ്കാരം സ്റ്റേഡിയത്തിൽ പോലുമെത്താത്ത ലെനാർട്ടിന് സമ്മാനിച്ചു. ഏറ്റവും ഒടുവിലായി ഫിഫയുടെ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.