ഇംഗ്ലീഷ് മണ്ണിൽ ആദ്യ കിരീടവുമായി ഗ്വാർഡിയോള
text_fieldsലണ്ടൻ: രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരുപിടി ലീഗ് കിരീടങ്ങളും ഷോകേസിലുള്ള പെപ് ഗ്വാർഡിയോളക്ക് ഇ.എഫ്.എൽ കിരീടം (ലീഗ് കപ്പ്) അത്ര പൊലിമയുള്ളതൊന്നുമല്ല. എന്നാൽ, ലോകത്തെ ഏറ്റവും കടുപ്പമേറിയ ആഭ്യന്തര ഫുട്ബാൾ നടക്കുന്നയിടം എന്ന വിശേഷണമുള്ള ഇംഗ്ലണ്ടിലേക്ക് ചുവടുമാറിയ ശേഷമുള്ള ആദ്യ കിരീട വിജയം എന്ന നിലക്ക് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള നേട്ടം ഗ്വാർഡിയോളക്ക് നൽകുന്ന ആശ്വാസവും ആവേശവും ചില്ലറയല്ല.
13 പോയൻറ് ലീഡുമായി പ്രീമിയർ ലീഗ് കിരീടം ഏറക്കുറെ ഉറപ്പിച്ച സിറ്റിക്ക് അതിനുമുമ്പുള്ള മധുരമായി ഇ.എഫ്.എൽ കപ്പ് നേട്ടം. 3^0 എന്ന ആധികാരിക സ്കോറിൽ തോൽപിച്ചത് കരുത്തരായ ആഴ്സനലിനെ ആണെന്നത് ഗ്വാർഡിയോളക്ക് ഇരട്ടിമധുരം പകരുന്നതായി. ‘‘ഇത് പ്രധാന നേട്ടമാണ്. ഇൗ വിജയം പൂർണമായും ക്ലബിനും ആരാധകർക്കും അവകാശപ്പെട്ടതാണ്. പ്രീമിയർ ലീഗിലെ ബാക്കി കളികളും വിജയിച്ച് കിരീടം ഉറപ്പാക്കാൻ ഇൗ നേട്ടം പ്രചോദനമാവും’’ -ഗ്വാർഡിയോള പറഞ്ഞു.
ഇംഗ്ലീഷ് ഫുട്ബാളിെൻറ പ്രതീകമായ വെംബ്ലിയിൽ നടന്ന കലാശപ്പോരിൽ സെർജിയോ അഗ്യൂറോ (18), വിൻസെൻറ് കൊംപനി (58), ഡേവിഡ് സിൽവ (65) ഗോളുകളാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയായിരുന്നു ഗ്വാർഡിയോളയുടെ ടീമിെൻറ വിജയം. ഒരാഴ്ച മുമ്പ് മൂന്നാം ഡിവിഷൻ ക്ലബായ വിഗാനോട് തോറ്റ് എഫ്.എ കപ്പിൽനിന്ന് പുറത്തായതോടെ സീസണിൽ നാല് കിരീടം എന്ന സ്വപ്നം തകർന്ന സിറ്റിക്ക് മികച്ച നേട്ടമായി ഇ.എഫ്.എൽ കപ്പ് വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.