ലിവർപൂൾ 4 - മാഞ്ചസ്റ്റർ സിറ്റി 3; സിറ്റിയുടെ കുതിപ്പിന് ലിവർപൂൾ പൂട്ട്
text_fieldsലിവർപൂൾ: ഒടുവിൽ ആൻഫീൽഡിൽ യുർഗൻ ക്ലോപ് കുഴിച്ച കുഴിയിൽ പെപ് ഗ്വാർഡിയോളയുടെ ടീം വീണു. മാഞ്ചസ്റ്റർ സിറ്റിയുടെ പരാജയമറിയാതെയുള്ള 30 മത്സരങ്ങളുടെ കുതിപ്പിനാണ് ലിവർപൂൾ അന്ത്യം കുറിച്ചത്. ആദ്യന്തം ആവേശകരമായ മത്സരത്തിൽ ലിവർപൂൾ 4-3നാണ് ജയിച്ചുകയറിയത്. രണ്ട് മികച്ച കോച്ചുമാർ തമ്മിലുള്ള പോരാട്ടത്തിൽ വിജയം ക്ലോപ്പിനൊപ്പം നിന്നു. ഇതോടെ പെപ്പിനെതിരായ മത്സരങ്ങളിൽ മുൻതൂക്കം നേടാനും ക്ലോപ്പിനായി. ഇതുവരെ വിവിധ ക്ലബുകളുടെ പരിശീലകരായി ഇരുവരും 11 തവണ കൊമ്പുകോർത്തപ്പോൾ അഞ്ച് വിജയങ്ങളുമായി തുല്യതയായിരുന്നു. ഒരു കളി സമനിലയിലും. ഒടുവിലത്തെ വിജയത്തോടെ ക്ലോപ്പിന് 6-5 മുൻതൂക്കമായി.
അപാരമായ ആക്രമണ മികവുള്ള രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം എന്ന വിശേഷണം ശരിവെക്കുന്ന പോരാട്ടമായിരുന്നു ആൻഫീൽഡിൽ അരങ്ങേറിയത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നേരിയ മുൻതൂക്കം ലിവർപൂളിന് കൽപിക്കപ്പെട്ടിരുന്നു. അതിനുകാരണം 37 വർഷത്തിനിടെ ഇവിടെ സിറ്റിക്ക് ഒരൊറ്റ വിജയം മാത്രമാണ് കരസ്ഥമാക്കാനായത് എന്ന കണക്കും. തുടക്കം മുതൽ ഇരമ്പിക്കയറിയ ലിവർപൂളാണ് ആദ്യം ലീഡെടുത്തതും. ഒമ്പതാം മിനിറ്റിൽ അലക്സ് ഒക്സലെയ്ഡ് ചേംബർലീനിെൻറ സൂപ്പർ ഗോളിലായിരുന്നു തുടക്കം. എന്നാൽ, ആദ്യ പകുതി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ലിറോയ് സനെയുടെ സുന്ദര ഗോളിൽ സിറ്റി ഒപ്പംപിടിച്ചു.
രണ്ടാം പകുതിയിൽ പത്ത് മിനിറ്റിനിടെയാണ് കളി മാറിയത്. ഒന്നിനുപിറകെ ഒന്നായുള്ള ലിവർപൂൾ തിരമാലയിൽ സിറ്റി പ്രതിരോധം ആടിയുലഞ്ഞപ്പോൾ തുടരെ തുടരെ വല കുലുങ്ങി. 59ാം മിനിറ്റിൽ റോബർേട്ടാ ഫിർമിനോ, 61ൽ സാദിയോ മനെ, 68ൽ മുഹമ്മദ് സലാഹ്. എല്ലാം ഒന്നിനൊന്ന് മികച്ച ഗോളുകൾ. ജോൺ സ്റ്റോൺസും നികോളാസ് ഒട്ടമെൻഡിയും അണിനിരന്ന ഡിഫൻസിെൻറയും വലക്കുമുന്നിൽ എമേഴ്സണിെൻറയും പിഴവുകളിൽനിന്നായിരുന്നു ഗോളുകൾ. എന്നാൽ, അവസാനം വരെ പൊരുതിയ സിറ്റി 84ാം മിനിറ്റിൽ ബെർണാഡോ സിൽവയുടെയും ഇൻജുറി ടൈമിൽ ഇൽകായ് ഗുൻഡഗോെൻറയും ഗോളുകളിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമനില ഗോൾ അകന്നുനിന്നു.
ബാഴ്സലോണയിലേക്ക് കൂടുമാറിയ ഫിലിപ് കുടീന്യോയുടെ അഭാവം ബാധിക്കാത്തവിധം ലിവർപൂൾ ആക്രമിച്ചുകയറിയപ്പോൾ സീസണിൽ മിന്നും ഫോമിലായിരുന്ന കെവിൻ ഡിബ്രൂയ്നും മുൻ ലിവർപൂൾ താരം കൂടിയായ റഹീം സ്റ്റെർലിങ്ങും നിറംമങ്ങിയത് സിറ്റിക്ക് തിരിച്ചടിയായി. 23 മത്സരങ്ങളിൽ 62 പോയൻറുമായി സിറ്റി തന്നെയാണ് ബഹുദൂരം മുന്നിൽ. 47 പോയൻറുമായി മാഞ്ചസ്റ്റർ യുനൈറ്റഡും ലിവർപൂളും ചെൽസിയുമാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.