മാഞ്ചസ്റ്ററിന് വിജയപ്പൂക്കളുമായി യുനൈറ്റഡ്
text_fieldsസ്റ്റോക്ഹോം: സ്വന്തം നഗരത്തിൽ 22 പേരുടെ ജീവൻ െപാലിഞ്ഞ ദുഃഖവാർത്തയുമായാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് യുറോപ്പ ലീഗ് ഫൈനലിനൊരുങ്ങിയത്. ദുരന്തത്തിെൻറ വിട്ടുമാറാത്ത ഞെട്ടലിനിടയിലും മനസ്സുപതറാതെ പൊരുതിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡിന് ചരിത്രത്തിലാദ്യമായി യുവേഫ യൂറോപ്പ ലീഗ് കിരീടം. ഡച്ച് കരുത്തരായ അയാക്സ് ആംസ്റ്റർഡാമിനെ 2-0ത്തിന് തോൽപിച്ചാണ് ഹോസെ മൗറീന്യോയും സംഘവും ചരിത്രത്തിലിടം കണ്ടെത്തിയത്. ഇതോടെ കോച്ചും പടയാളികളും ഏറെ ആഗ്രഹിച്ച ചാമ്പ്യൻസ്ലീഗ് യോഗ്യതയും മാഞ്ചസ്റ്ററിലെ ഗ്ലാമർ ക്ലബിനെ തേടിയെത്തി.
സ്റ്റോക്ഹോമിലെ ഫ്രൻഡ്സ് അരീനയിൽ 90 മിനിറ്റും വീറും വാശിയും നീണ്ടുനിന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ പോൾ പൊഗ്ബ, ഹെൻറിക് മിഖിതാരിയൻ എന്നിവരുടെ ഗോളുകളിലാണ് യുനൈറ്റഡ് കപ്പ് നേടിയത്. നേരത്തെ കമ്യൂണിറ്റിഷീൽഡും ലീഗ് കപ്പും സ്വന്തമാക്കിയിരുന്ന യുനൈറ്റഡ്, ലീഗിൽ ആറാം സ്ഥാനത്തായെങ്കിലും യുവേഫ യൂറോപ്പ ലീഗും ഒാൾഡ് ട്രഫോഡിലെത്തിച്ച് 2016-17 സീസൺ വർണാഭമാക്കി.
പ്രതിരോധ തന്ത്രവുമായി മൗറീന്യോ
33 തവണ ഡച്ച് ഫുട്ബാൾ ലീഗ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ പകിട്ടുള്ള അയാക്സിനെ യൂറോപ്പ ലീഗ് ഫൈനലിൽ നേരിടാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് എത്തുേമ്പാൾ ഫുട്ബാൾ േലാകം ഉറ്റുനോക്കിയിരുന്നത് മൗറീന്യോയുടെ തന്ത്രങ്ങളിലേക്കായിരുന്നു. ആക്രമണാത്മക ഫുട്ബാൾ കളിക്കുന്ന അയാക്സിനെതിരെ കളിജയിക്കാൻ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് നന്നായറിയാമായിരുന്ന ഹോസെ മൗറീന്യോക്ക് ഒരേയൊരു തന്ത്രം മാത്രമേയുണ്ടായിരുന്നുള്ളൂ. ഇരുപകുതികളിലും പ്രതിരോധിക്കുക. അറ്റാക്കിങ് മുഖമുദ്രയായുള്ള ക്ലബിെൻറ പെെട്ടന്നുള്ള ചുവടുമാറ്റം പിടികിട്ടാതെ അയാക്സ് താരങ്ങൾ കളംനിറഞ്ഞു കളിച്ചെങ്കിലും കാര്യമായ അവസരങ്ങൾ തുറന്നെടുക്കാനായില്ല. ഇടക്ക് ലഭിച്ച അവസരങ്ങൾ മുതലെടുത്ത് ഇരു പകുതികളിലായി നേടിയ രണ്ടു ഗോളുകൾക്ക് യുനൈറ്റഡ് കിരീടം നേടുകയും ചെയ്തു. 33 ശതമാനം മാത്രമാണ് യുനൈറ്റഡ് പന്ത് കൈവശംവെച്ചിരുന്നതെങ്കിലും എതിരാളികൾക്ക് ഗോളിലേക്ക് ഉന്നംവെക്കാൻ ഇടംനൽകാതെ കോട്ടകെട്ടിയ പ്രതിരോധമാണ് യുനൈറ്റഡിനെ കാത്തത്.
പൊഗ്ബ സ്റ്റാർ
െപാന്നും വിലക്ക് മാഞ്ചസ്റ്ററിലെത്തിയ പോൾ പൊഗ്ബയിലൂടെ 18ാം മിനിറ്റിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് കിരീടവഴിയിലേക്ക് ആദ്യ ചുവടുവെക്കുന്നത്. അയാക്സ് കളി നിയന്ത്രിക്കുന്നതിനിടെ യുനൈറ്റഡ് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് പൊഗ്ബ സ്കോർ ചെയ്തത്. മറൗനെ ഫെല്ലിനി നൽകിയ പാസിൽ വാരകൾക്കകലെനിന്ന് പൊഗ്ബ ഷോട്ടുതിർക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന അയാക്സിെൻറ പ്രതിരോധഭടൻ ഡാവിസൺ സാഞ്ചസിെൻറ ഇടതുകാലിൽ തട്ടി ഗതിമാറിയ പന്ത് വലയിലേക്ക് നീങ്ങിയപ്പോൾ ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനായിരുന്നില്ല. യുൈനറ്റഡ് ജഴ്സിയിൽ പൊഗ്ബയുടെ പത്താം ഗോളായിരുന്നു ഇത്. ഒരു ഗോളിന് മുന്നിലെത്തിയതോടെ ആദ്യ പകുതി അവസാനിക്കുവോളം മാഞ്ചസ്റ്റർ പ്രതിരോധം കടുപ്പിച്ചിരുന്നു.
മിഖിതാരിയൻ ടച്ച്
രണ്ടാം പകുതിയുടെ ആദ്യത്തിലാണ് (48ാം മിനിറ്റ്) യുനൈറ്റഡ് ലീഡ് വർധിപ്പിച്ച് നിലയുറപ്പിക്കുന്നത്. യുവാൻ മാറ്റയുടെ കോർണറാണ് ഗോളിന് വഴിയൊരുക്കിയത്. മഴവില്ലുകണക്കെ ഉയർന്നുവന്ന പന്ത് ക്രിസ് സ്മാളിങ് ഗോളിക്കു മുന്നിലേക്ക് ഹെഡ് ചെയ്തു നൽകുകയായിരുന്നു. മുന്നിലുണ്ടായിരുന്ന മിഖിതാരിയൻ ഉയർന്നു ചാടി പോസ്റ്റിലേക്ക് പന്ത് വഴിതിരിച്ചുവിട്ടു. തിരിച്ചടിക്കാൻ അയാക്സ് കൊണ്ടുപിടിച്ച് പരിശ്രമിച്ചെങ്കിലും മൗറീന്യോയുടെ പ്രതിരോധ തന്ത്രങ്ങളിൽ തട്ടിവീഴുകയായിരുന്നു.
മൂന്ന് യൂറോപ്യൻ കപ്പുകളും സ്വന്തമാക്കിയ അഞ്ചാം ടീം
പ്രഥമ യൂറോപ്പ കിരീടവും സ്വന്തമാക്കിയതോടെ യൂറോപ്പിലെ മൂന്ന് കപ്പുകളും സ്വന്തമാക്കുന്ന അഞ്ചാം ക്ലബായി മാഞ്ചസ്റ്റർ യുനൈറ്റഡ്. യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, മുമ്പുണ്ടായിരുന്ന യൂറോപ്യൻ കപ്പ്, വിന്നേഴ്സ് കപ്പ് എന്നീ സുപ്രധാന യുറോപ്യൻ ബഹുമതികൾ സ്വന്തമാക്കിയവരുടെ പട്ടികയിലാണ് യുനൈറ്റഡും ഇടംപിടിച്ചത്. നേത്തേ അയാക്സ്, യുവൻറസ്, ബയേൺ മ്യൂണിക്, ചെൽസി ടീമുകൾ ഇൗ മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.