പ്രീമിയർ ലീഗ്: യുനൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിന് കുഞ്ഞന്മാരായ ബ്രൈറ്റൻ ആൻഡ് ഹോവ് ആൽബിയനോട് അപ്രതീക്ഷിത പരാജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജോസ് മൗറീന്യോയുടെ ടീമിെൻറ അടിയറവ്. ബ്രൈറ്റെൻറ തട്ടകമായ അമക്സ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 57ാം മിനിറ്റിൽ പാസ്കൽ ഗ്രോസ് ആണ് ഹെഡറിലൂടെ നിർണായക ഗോൾ സ്കോർ ചെയ്തത്.
ബ്രൈറ്റനോട് യുനൈറ്റഡ് പരാജയപ്പെടുന്നത് 36 വർഷത്തിനുശേഷമാണ്. 1989-90 സീസണിനുശേഷം ആദ്യമായാണ് യുനൈറ്റഡ് സീസണിൽ പ്രമോഷൻ നേടിയെത്തിയ മൂന്ന് ടീമുകേളാട് തോൽക്കുന്നത്. നേരത്തേ, ഹേഡർസ്ഫീൽഡിനോടും ന്യൂകാസിൽ യുനൈറ്റഡിനോടും പരാജയപ്പെട്ടിരുന്നു.
ഇൗ സീസണിൽ പ്രമോട്ട് ചെയ്യപ്പെെട്ടത്തിയ മൂന്ന് ടീമുകളോടും തോറ്റ ഏക ടീമും യുനൈറ്റഡാണ്. സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുകാകുവിന് വിശ്രമം നൽകിയ മൗറീന്യോ മാർകസ് റഷ്ഫോർഡിനും ആൻറണി മാർഷലിനും ആദ്യ ഇലവനിൽ അവസരം നൽകിയിരുന്നു. എന്നാൽ, രണ്ടുപേരും തിളങ്ങിയില്ല. ഇവരുടെ പ്രകടനത്തിൽ കോച്ച് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് (93) ഭീഷണിയുയർത്താനാവില്ലെങ്കിലും ബ്രൈറ്റനെതിരെ ജയിച്ചിരുന്നുവെങ്കിൽ യുനൈറ്റഡിന് (77) രണ്ടാം സ്ഥാനം ഉറപ്പാക്കാമായിരുന്നു. എന്നാൽ, അടുത്ത രണ്ട് കളികളും യുനൈറ്റഡ് തോൽക്കുകയും ലിവർപൂൾ (72) ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഞായറാഴ്ച കരുത്തരുടെ പോരിൽ ലിവർപൂൾ, ചെൽസിയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.