യുനൈറ്റഡിനെ വീഴ്ത്തി ആഴ്സനൽ; സിറ്റിക്ക് ജയം
text_fieldsലണ്ടൻ: പുതിയ പരിശീലകനു കീഴിൽ പുതുവർഷമാഘോഷിച്ച് ഗണ്ണേഴ്സ്. കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മൈക്കൽ ആർട്ടെറ്റയുടെ സംഘം തകർത്തത് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക്. സ്വന്തം തട്ടകമായ എമിറേറ്റ്സ് മൈതാനത്ത് ആർത്തുവിളിച്ച കാണികളെ സാക്ഷിയാക്കി നിരന്തരം അവസരങ്ങൾ സൃഷ്ടിച്ച ആഴ്സനൽ ആദ്യ പകുതിയിൽതന്നെ യുനൈറ്റഡിനെ തരിപ്പണമാക്കിയ രണ്ട് ഗോളുകളും സ്വന്തമാക്കിയിരുന്നു.
കളിയുടെ എട്ടാം മിനിറ്റിൽ ഐവറി കോസ്റ്റ് താരം നികൊളാസ് പെപെയാണ് ഗണ്ണേഴ്സിനായി ആദ്യ വെടി പൊട്ടിച്ചത്. ഇടതുവിങ്ങിൽ തുടങ്ങിയ ആഴ്സനൽ മുന്നേറ്റം യുൈനറ്റഡ് പ്രതിരോധത്തിൽ തട്ടി മടങ്ങിയെങ്കിലും ഒഴിഞ്ഞുകിട്ടിയത് പെപെക്ക് കാൽപാകത്തിൽ. ഗോളിയെയും പ്രതിരോധത്തെയും സ്തബ്ധരാക്കി വെടിച്ചില്ലു കണക്കെ പോസ്റ്റിലേക്ക് പായിക്കാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. തുടക്കത്തിലേ ഗോൾ വീണതോടെ ഉണരേണ്ട യുൈനറ്റഡ് കൂടുതൽ ആശയക്കുഴപ്പം കാണിച്ചതാണ് അടുത്ത ഗോളിലേക്കും നയിച്ചത്. ഇത്തവണ പക്ഷേ, ഗോൾ പിറന്നത് കോർണറിൽ. നേടിയത് സോക്രട്ടീസ് പാപസ്റ്റതോപൂലസും. മെസൂത് ഓസിലും ഗ്രാനിത് ഷാകയും ചേർന്ന് മധ്യനിര നടത്തിയ മുന്നേറ്റങ്ങളാണ് കളിയിലുടനീളം ഗണ്ണേഴ്സിന് മേൽക്കൈ നൽകിയത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ റാഷ്ഫോഡും സംഘവും നടത്തിയ ചെറിയ നീക്കങ്ങൾ പക്ഷേ, ഫലം കണ്ടില്ല.
മറ്റൊരു കളിയിൽ, മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എവർട്ടനെ മറികടന്നു. രണ്ടാം പകുതിയിൽ ഗബ്രിയേൽ ജീസസ് നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് അർഹിച്ച ജയം നൽകിയത്. റിച്ചാർലിസൺ എവർടണിനായി ആശ്വാസ ഗോൾ നേടി. ലീഗിൽ ലിവർപൂളിനും ലെസ്റ്ററിനും പിറകെ മൂന്നാമതാണ് സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.