റഫറി കൊളംബിയയെ തോൽപിച്ചെന്ന് മറഡോണ; ഫിഫക്ക് അമർഷം
text_fieldsമോസ്കോ: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പ്രീക്വാർട്ടറിൽ കൊളംബിയയെ റഫറി തോൽപിക്കുകയായിരുന്നുവെന്ന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിമർശത്തിൽ ഫിഫക്ക് കടുത്ത അമർഷം. ഫിഫ റഫറി പാനൽ അധ്യക്ഷൻ പിയർലൂയിജി കൊളീന ഗൂഗ്ൾ ചെയ്താണ് അമേരിക്കക്കാരനായ റഫറി മാർക് ഗീഗറെ മത്സരം നിയന്ത്രിക്കാൻ ഏൽപിച്ചതെന്നും ഇത്രയും കടുത്ത പോരാട്ടത്തിന് യോജിച്ചവനായിരുന്നില്ല ഇയാളെന്നുമായിരുന്നു മറഡോണയുടെ വിമർശനം.
മത്സരവേദിയിൽ ഫിഫ അതിഥിയായി കൊളംബിയൻ ജഴ്സിയണിഞ്ഞ് പ്രത്യക്ഷപ്പെട്ട മറഡോണ വെനിസ്വേലൻ ടെലിവിഷൻ ചാനൽ ടെലിസൂറിന് നൽകിയ അഭിമുഖത്തിലായിരുന്നു രൂക്ഷ പ്രതികരണം നടത്തിയത്. എന്നാൽ, ഫുട്ബാളിൽ സ്വന്തമായി ചരിത്രംകുറിച്ച ഒരു താരത്തിൽനിന്നുള്ള അരുതാത്ത വാക്കുകൾ ദുഃഖകരമായിപ്പോയെന്ന് ഫിഫ വാർത്ത കുറിപ്പിൽ അറിയിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും നിരുത്തരവാദപരമാണെന്നും വാർത്താകുറിപ്പ് പറയുന്നു.
റഫറിക്കെതിരെ കൊളംബിയൻ ക്യാപ്റ്റൻ റഡമൽ ഫൽകാവോയും രംഗത്തെത്തിയിരുന്നു. ഇരുവശത്തും സാധ്യതകൾ നിലനിന്നപ്പോഴൊക്കെ ഇംഗ്ലണ്ടിനൊപ്പം പക്ഷം പിടിച്ച ഗീഗറുടെ പ്രകടനം അപമാനകരമെന്നായിരുന്നു ഫൽകാവോയുടെ വിമർശനം.
പെനാൽറ്റി ബോക്സിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്നിനെ കാർലോസ് സാഞ്ചസ് തള്ളിയതിന് ഗീഗർ അനുവദിച്ച പെനാൽറ്റിയാണ് കൊളംബിയയുടെ വിധി നിർണയിച്ചത്. ജോർഡൻ ഹെൻഡേഴ്സണെ തലകൊണ്ടിടിച്ചതിന് കൊളംബിയയുടെ വിൽമർ ബാരിയേഴ്സിന് റഫറി മഞ്ഞക്കാർഡ് നൽകിയതും സംശയമുനയിലായിരുന്നു. പാനമയും മെക്സികോയും ഏറ്റുമുട്ടിയ 2015ലെ ഗോൾഡ് കപ്പ് സെമിഫൈനലിൽ വിവാദ തീരുമാനങ്ങളുടെ പേരിൽ ആറുമാസം ഫിഫ വിലക്കിയ റഫറിയാണ് ഗീഗർ. 2014 ലോകകപ്പിൽ ഗ്രീസ്-കൊളംബിയ മത്സരത്തിലും വിസിലൂതിയത് ഗീഗറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.