ബലോടെല്ലിക്കെതിരെ വീണ്ടും വംശവെറി
text_fieldsറോം: ഇറ്റാലിയൻ ഫുട്ബാളിന് നാണക്കേടായി വീണ്ടും വംശവെറി. സീരി എയിൽ ഏറെയായി പന്തു തട്ടുന്ന മുൻനിര ദേശീയതാരം മരിയോ ബലോടെല്ലിയാണ് വീണ്ടും കുരങ്ങുവിളിക്കിരയായത് . ലാസിയോക്കെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിെൻറ 18ാം മിനിറ്റിൽ ബ്രസ്യക്കുവേ ണ്ടി ബലോടെല്ലി സ്കോർ ചെയ്തിരുന്നു. ഇതുകഴിഞ്ഞാണ് ഗാലറിയുടെ ഒരു വശത്തുനിന്ന് നിരന്തരം വംശീയ പരിഹാസം തുടങ്ങിയത്. കളി അൽപനേരം നിർത്തിവെച്ച് മുന്നറിയിപ്പ് നൽകിയതോടെ തൽക്കാലം ശമിച്ചെങ്കിലും കളി കഴിഞ്ഞ് താരം പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ രംഗത്തുവന്നു. ‘സ്റ്റേഡിയത്തിെല ലാസിയോ കാണികളോട് നാണം തോന്നുന്നു. വംശീയതയോട് അരുതെന്നു പറയൂ’ -ഇൻസ്റ്റഗ്രാം സന്ദേശം വളരെ പെട്ടെന്നാണ് വൈറലായത്.
സംഭവം വിവാദമായതോടെ ലാസിയോ അധികൃതർ മാപ്പപേക്ഷയുമായി രംഗത്തെത്തി. ക്ലബിന് സംഭവത്തിൽ പങ്കില്ലെന്നും വളരെ ചെറിയ ന്യൂനപക്ഷമാണ് ഇത്തരം പ്രതികരണങ്ങൾക്കു പിന്നിലെന്നും ക്ലബ് പുറത്തുവിട്ട വാർത്തക്കുറിപ്പ് പറയുന്നു. മത്സരത്തിൽ 1-2ന് ബലോടെല്ലിയുടെ ബ്രസ്യ പരാജയപ്പെട്ടിരുന്നു.
ഇറ്റലിയുടെ മാറാവ്യാധി
ആഫ്രിക്കൻ കുടിയേറ്റം മൈതാനങ്ങളെ അതിസമ്പന്നമാക്കിയിട്ടും ഇറ്റാലിയൻ ഫുട്ബാളിന് ഇനിയും ഭേദമാക്കാനാവാത്ത മാറാവ്യാധിയാണ് വംശവെറി. ഘാനയിൽനിന്ന് കുടിയേറിയ കുടുംബത്തിലെ അംഗമായ മരിയോ ബർവുവ ബലോടെല്ലി കഴിഞ്ഞ ആഗസ്റ്റിലാണ് ബ്രസ്യയുടെ ജഴ്സിയിലേക്കു മാറുന്നത്. നേരേത്ത ഇംഗ്ലണ്ടിലും പിന്നീട് ഫ്രാൻസിലും പന്തുതട്ടിയ താരം ഇടക്ക് ഇറ്റലിയിൽ കളിക്കുക മാത്രമല്ല, ഏറെയായി തങ്ങുന്നതും ഇതേ രാജ്യത്താണ്. ഫ്രഞ്ച് ക്ലബായ മാഴ്സയിൽനിന്നാണ് ഇറ്റലിയിലേക്ക് മടക്കം.
സീസണിൽ പലവട്ടം വംശവെറി നേരിട്ടിട്ടും ടീമിനോടും ഇറ്റലിയോടും ഇത്തിരി ഇഷ്ടം നിലനിർത്തിയ താരം കഴിഞ്ഞ പതിറ്റാണ്ടിലെ യൂറോപ്പു കണ്ട മികച്ച താരങ്ങളിലൊന്നാണ്. സീസൺ തുടക്കത്തിൽ വെറോണയിൽനിന്നാണ് ആദ്യമായി വംശവെറി നേരിട്ടത്. സഹതാരങ്ങൾക്കെതിരെ കഗ്ലിയാരി, ബെർഗാമോ, ജിനോവ എന്നിവിടങ്ങളിലും അടുത്തിടെ സമാന സംഭവങ്ങളുണ്ടായി. സ്വന്തം ആരാധകരിൽ ചിലർ പോലും ബലോടെല്ലിയുടെ നിറത്തെ പുച്ഛിക്കുന്നവരാണ്. അടുത്തിടെ ബ്രസ്യ ക്ലബ് പ്രസിഡൻറ് മോശമായി പറഞ്ഞതും വാർത്തയായിരുന്നു. കൗമാരം മുതലേ കേട്ടുപരിചയിച്ചതിനാലാകണം, ഓരോ തവണയും ഇത്തരം സംഭവങ്ങളോട് കരുതലോടെയാണ് ബലോടെല്ലിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.