അന്ന് സിദാനെ പ്രകോപിപ്പിച്ചതെന്തായിരുന്നു?; തുറന്നുപറഞ്ഞ് മറ്റെരാസി
text_fieldsപാരിസ്: 2006 ലോകകപ്പിലെ ഫൈനൽമത്സരത്തിലെ സിനദിൻ സിദാനും മാർക്കോ മറ്റെരാസിയും തമ്മിലുള്ള കയ്യാങ്കളി ലോകം ഇന്നും മറന്നിട്ടില്ല. മറ്റെരാസിയെ തലകൊണ്ട് ഇടിച്ചിട്ടതിന് പിന്നാലെ ചുവപ്പ് കാർഡ് കണ്ട് സിദാൻ കളത്തിന് പുറത്തായിരുന്നൂ.
പൊതുവേ കളിക്കളത്തിലെ മാന്യനായി അറിയപ്പെടുന്ന സിദാനെ അത്രമേൽ പ്രകോപിപ്പിക്കാൻ മാത്രം മറ്റെരാസി എന്താണ് പറഞ്ഞെതെന്ന് ഫുട്ബാൾ ലോകം ഒരുപാട് ചർച്ച ചെയ്തതാണ്. എന്നാൽ അന്ന് എന്താണ് സംഭവിച്ചതെന്ന് ഇറ്റാലിയൻ മാധ്യമത്തിനായി വെളിപ്പെടുത്തിയിരിക്കുകയാണ് മറ്റെരാസി.
‘‘ഫ്രാൻസിനായി സിദാൻ ആദ്യഗോൾ നേടിയതോടെ അദ്ദേഹത്തെ മാർക്ക് ചെയ്യേണ്ട ചുമതല എനിക്കായിരുന്നു. ഗട്ടൂസോയുടെ വായിൽ നിന്നും വഴക്ക് കേൾക്കാതിരിക്കാനായി ഞാൻ സിദാൻെറ ഷർട്ടിൽ പിടിത്തമിട്ടു. ഷർട്ട് കുറച്ചുകഴിഞ്ഞ് ഊരിത്തരാമെന്ന് സിദാൻ പറഞ്ഞു. എനിക്ക് വേണ്ടത് നിൻെറ സഹോദരിയെയാണെന്ന് ഞാൻ തിരിച്ചടിച്ചു’’ -മറ്റെരാസി പറഞ്ഞു
ഇത്കേട്ടതോടെ പ്രകോപിതനായ സിദാൻ മുന്നോട്ട് നീങ്ങി തന്നെ തലകൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സിദാനെ ഫ്രഞ്ചുകാർ പിന്തുണച്ചു. പക്ഷേ തന്നെ സ്വന്തം രാജ്യക്കാർ തന്നെ കൊത്തിക്കീറിയെന്നും മറ്റെരാസി കൂട്ടിച്ചേർത്തു.
സിദാൻെറ ഗോളിന് മറ്റെരാസിയിലൂടെ ഇറ്റലി തിരിച്ചടിച്ചപ്പോൾ മത്സരം നിശ്ചിത സമയത്തും അധികസമയത്തും സമനിലയിൽ പിരിഞ്ഞിരുന്നു. എന്നാൽ ഷൂട്ടൗട്ടിൽ ഫ്രാൻസിൻെറ ഡേവിഡ് ട്രെസഗെക്ക് പിഴച്ചതോടെ കിരീടം അസൂറിപ്പട സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.