മരണപോരാട്ടത്തില് മെസ്സിക്ക് ഹാട്രിക്; ഇക്വഡോറിനെ തോല്പ്പിച്ച് അര്ജന്റീന ലോകകപ്പിന്- VIDEO
text_fieldsകീറ്റോ: 9000 അടി ഉയരെ, അപരിചിതരെ ശ്വാസം മുട്ടിക്കുന്ന മൈതാനിയിൽ അർജൻറീനൻ പടയാളികൾ ബൂട്ടണിയുേമ്പാൾ കോച്ച് ജോർജ് സാംപോളി അവസാനമായി അവരോട് പറഞ്ഞു: ‘‘അർജൻറീനക്ക് മെസ്സി ഒരു ലോകകപ്പ് നൽകുകയെന്നതിനേക്കാൾ, മെസ്സിക്ക് ഒരു ലോകകപ്പ് സമ്മാനിക്കാൻ ഫുട്ബാൾ ലോകം കടപ്പെട്ടിരിക്കുന്നു. മെസ്സിയില്ലാതെ എന്ത് ഫുട്ബാളും ലോകകപ്പും. ഇതെല്ലാം മനസ്സിൽവെച്ച് നിങ്ങൾ പടപൊരുതണം. പ്രതിസന്ധികളും സമ്മർദവും നമുക്ക് കരുത്താവുകയേ ഉള്ളൂ. തിരിച്ചടികൾക്കിടയിൽ ഇന്ന് ജയിച്ച് യോഗ്യത നേടിയാൽ അർജൻറീന ഫുട്ബാളിെൻറ ഭാവി ശോഭനമാവും’’ -പരിശീലക കുപ്പായത്തിൽ ലോകം വെട്ടിപ്പിടിച്ച സാംപോളിക്ക് മരണമുഖത്തെ 11 പോരാളികൾക്ക് മുമ്പാകെ മറ്റൊരു മന്ത്രവും ചൊല്ലാനുണ്ടായിരുന്നില്ല.
അടവും തന്ത്രങ്ങളുമെല്ലാം അറിയുന്ന 11 പേരിൽ ടീം എന്ന ഉത്തേജകം കുത്തിെവക്കുകയായിരുന്നു ചിലിയിലും സെവിയ്യയിലും അദ്ഭുതങ്ങൾ സൃഷ്ടിച്ച പരിശീലകൻ. എക്വഡോറിയൻ മലനിരകൾക്കിടയിലെ കളിമുറ്റത്ത് പന്തുരുണ്ട് തുടങ്ങുേമ്പാൾ സൂര്യൻ അസ്തമിക്കാനൊരുങ്ങുകയായിരുന്നു. ഇങ്ങ് ഇന്ത്യയിലും ഏഷ്യയിലുമെല്ലാം നേരം പുലരാനുള്ള തയാറെടുപ്പും. പക്ഷേ, കളിയാരാധകർക്ക് ഉറക്കമില്ലാരാവായിരുന്നു അത്. വിരുന്നുകാരെ എന്നും ശ്വാസം മുട്ടിക്കുന്ന ഒളിമ്പികോ അതാഹുൽപ മൈതാനത്ത് മെസ്സിക്കും ഡിമരിയക്കും മഷറാനോക്കുമെല്ലാം അവസാനമിനിറ്റ് വരെ പൊരുതാനുള്ള ഉൗർജത്തിനായി ആരാധക ലോകം മനമുരുകി പ്രാർഥിച്ചു.
സാംപോളിയുടെ വാക്കുകൾ മനസ്സിൽ പലവട്ടം ഉരുവിട്ട് അവർ മെസ്സിക്കായി കളിച്ചു. ഒരു ടീമായി പോരാടിയപ്പോൾ ലയണൽ മെസ്സി അർജൻറീനയുടെ ‘മിഷിഹയായും’ അവതരിച്ചു. ഹാട്രിക് ഗോളുമായി ആരാധകഹൃദയം കവർന്ന താരം അർജൻറീനക്ക് തെക്കനമേരിക്കൻ യോഗ്യത പോരാട്ടത്തിൽ 3-1െൻറ ജയത്തോടെ നേരിട്ട് ലോകകപ്പ് ബർത്തും സമ്മാനിച്ചു. വിമർശകരുടെ വായടപ്പിച്ച് അർജൻറീനയും മെസ്സിയും 2018 റഷ്യയിൽ പന്തുതട്ടാനുണ്ടാവും.
സർവം മെസ്സി
നിലനിൽപിെൻറ പോരാട്ടമായിരുന്നു അർജൻറീനക്കിത്. സാഹചര്യങ്ങളെല്ലാം എതിരായിട്ടും ലോകകപ്പ് യോഗ്യതക്കുള്ള ഒടുക്കത്തെ അവസരം അവരെ മരണപോരാട്ടത്തിലേക്ക് തള്ളിയിട്ടു. ഒാടിത്തളരാതിരിക്കാൻ 3-4-2-1 ഫോർമേഷനിൽ ടീമിനെ ഒരുക്കിയാണ് സാംപോളി നിർണായക അങ്കത്തിനിറങ്ങിയത്. ഇകാർഡിയും ഡിബാലയും ബെഞ്ചിലായപ്പോൾ ഡാരിയോ ബെനഡറ്റോയെ മുന്നിൽനിർത്തി ലയണൽ മെസ്സിയും ഡി മരിയയും ആക്രമണത്തിന് വേഗം നൽകി. പ്രതിരോധത്തിൽ ഒടമെൻഡിയും മെർകാഡോയും നിലയുറപ്പിച്ചു. പക്ഷേ, കളമുണരുംമുേമ്പ അർജൻറീനയുടെ നെഞ്ചകം പിളർത്തി എക്വഡോറാണ് സ്കോർ ചെയ്തത്.
കീേറ്റായും ബ്വേനസ് എയ്റിസും മുതൽ മലപ്പുറത്തെ ആരാധകക്കൂട്ടം വരെ തളർന്നുപോയ നിമിഷം. പക്ഷേ, വരാനിരിക്കുന്ന ദുരന്തത്തെ ഫലപ്രദമായി ചെറുത്തുകൊണ്ട് 12ാം മിനിറ്റിൽ മെസ്സി ഗോളടിച്ചു തുടങ്ങി. ബോക്സിന് മുന്നിൽ നിന്നു പന്തെടുത്ത മെസ്സിയുടെ മൂന്നാം കണ്ണിൽ ഡിമരിയ തെളിഞ്ഞപ്പോൾ ഗോളിനുള്ള വഴിതുറക്കുകയായിരുന്നു. വിങ്ങിലൂടെയെത്തിയ ഡിമരിയക്ക് മറിച്ചു നൽകിയ പന്ത് തിരിച്ചെടുത്ത് ഗോളി മാക്സിനോ ബൻഗുവേരയെയും വെട്ടിച്ച് വലയിലേക്ക്. ആത്മവിശ്വാസം വീണ്ടെടുത്ത പ്രത്യാക്രമണം.
ശേഷം 20ാം മിനിറ്റിൽ മെസ്സിയുടെ പ്രതിഭ വരച്ചിട്ട ഗോളിലൂടെ ലീഡ്. ഇത്തവണ മധ്യവരയോട് ചേർന്ന് ഡിമരിയ നൽകിയ ക്രോസുമായി ഒാടിക്കയറിയ മെസ്സി രണ്ട് പ്രതിരോധനിരക്കാരെയും വീഴ്ത്തി തൊടുത്ത ഷോട്ടിൽ ഗോളിയും വീണു. രണ്ടാം പകുതിയിലെ 62ാം മിനിറ്റിൽ എൻസോ പെരസ് നൽകിയ ക്രോസിൽ ചടുല നീക്കങ്ങളോടെ ഡ്രിബ്ലിങ്. ഒടുവിൽ, അഡ്വാൻസ് ചെയ്യാൻ ശ്രമിച്ച ഗോളിയെയും മറികടന്ന് ചിപ് ഷോട്ടിലൂടെ പന്ത് ഉയർത്തുേമ്പാൾ വലക്കണ്ണി മൂന്നാംവട്ടവും കുലുങ്ങി. മെസ്സിയുടെ ഹാട്രിക്കിനൊപ്പം അർജൻറീന റഷ്യയിലേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.