മെസ്സി അവതരിച്ചു; റയൽ കീഴടക്കി ബാഴ്സ (2-3)
text_fieldsമഡ്രിഡ്: തികച്ചും അസാധാരണമായിരുന്നു അത്. കളി ഏതാണ്ട് അവസാനിച്ചുകഴിഞ്ഞ നിമിഷത്തിൽ ഒരു മഞ്ഞക്കാർഡ്. അതും എതിരാളികൾക്കുമേൽ മെക്കിട്ടു കയറിയതിനല്ല. 10ാം നമ്പർ ജഴ്സി ഉൗരി പതിനായിരക്കണക്കായ ആരാധകർക്കുനേരെ നീട്ടിപ്പിടിച്ചതിന്. ചുവപ്പുകാർഡായാൽപോലും ലയണൽ മെസ്സി എന്ന ഫുട്ബാൾ മിശിഹക്ക് അതൊരു പ്രശ്നമാവില്ല. കാരണം, തനിക്കുനേരെ ഉയർന്ന ഒരുപാട് ചോദ്യങ്ങളുടെ ഉത്തരമായിട്ടായിരുന്നു റയൽ മഡ്രിഡിെൻറ പരാജയമുറപ്പിച്ച അവസാന ഗോളിനുശേഷം മെസ്സി അതു ചെയ്തത്. ഫുട്ബാളിെൻറ നിയമങ്ങൾക്കു വിരുദ്ധമായതിനാൽ റഫറി മഞ്ഞക്കാർഡ് വീശി.
സാധാരണ എതിരാളികളെ ഫൗൾ ചെയ്യാൻപോലും നിൽക്കാതെ തെൻറ കളി കളിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നൊരാൾ. എതിരാളികളാൽ ആവോളം വീഴ്ത്തപ്പെടുന്നൊരാൾ. അങ്ങനെയൊരാൾക്കുപോലും അടങ്ങിയിരിക്കാൻ കഴിയാത്ത ആഹ്ലാദമായിരുന്നു ഞായറാഴ്ചയിലെ ക്ലാസിക് രാവിൽ മഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ അണപൊട്ടിയൊഴുകിയത്. 3-2ന് പരമ്പരാഗത വൈരികളായ റയലിനെ തകർത്തെറിഞ്ഞ് ബാഴ്സലോണ ലാ ലിഗയിൽ തിരിച്ചുവരുന്ന ഉജ്ജ്വല മുഹൂർത്തം.
വാസ്തവത്തിൽ സ്വന്തം തട്ടകത്തിൽ എവിടെയാണ് റയലിന് പിഴച്ചത്?
ചാമ്പ്യൻസ് ലീഗിൽ യുവൻറസിനെതിരെ ഒറ്റ ഗോളുേപാലും തിരിച്ചടിക്കാനാവാതെ സെമിപോലും കാണാതെ പുറത്തായ ബാഴ്സയുടെ കാലം കഴിഞ്ഞതായി സിനദിൻ സിദാെൻറ കുട്ടികൾക്ക് തോന്നിയിരിക്കാം. പോരാത്തതിന് എം.എൻ.എസ് ത്രയത്തിലെ നെയ്മർ കളത്തിലില്ലാതിരിക്കെ. ജർമനിയിെല കൊലകൊമ്പന്മാരായ ബയേൺ മ്യൂണികിനെ തകർത്തെറിഞ്ഞതിെൻറ അതിരുകവിഞ്ഞ ആത്മവിശ്വാസവുമായാണ് കറ്റാലൻ പടയെ നേരിടാൻ റയൽ മഡ്രിഡ് എത്തിയത്. യുവൻറസിനോട് തലകുത്തിവീണ മെസ്സിയെയും കൂട്ടരെയുമല്ല സാൻറിയാഗോ ബെർണബ്യൂവിൽ 90 മിനിറ്റും കണ്ടത്.
യുവൻറസിനെതിരെ ന്യൂകാംപിൽ തലകുത്തിവീണ മെസ്സിയുടെ ചോരയാണ് ഞായറാഴ്ച ബെർണബ്യൂവിലെ പുൽപ്പരപ്പിൽ വീണത്. വായിൽനിന്ന് ഒഴുകിയ ചോരയിൽനിന്ന് ഉയിർത്തെഴുന്നേറ്റ മെസ്സിയെയാണ് പിന്നെ മൈതാനം കണ്ടത്. എല്ലാവരും എഴുതിത്തള്ളിയ ‘വയസ്സൻ മെസ്സി’ വിശ്വരൂപംപൂണ്ട് സടകുടഞ്ഞെഴുന്നേറ്റപ്പോൾ ലോകം കാത്തിരുന്ന എൽക്ലാസികോ രാവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും 3-2ന് തോറ്റു. ബ്രസീൽതാരം കസമിറോ, കൊളംബിയൻ സ്ട്രൈക്കർ ഹാമിഷ് റോഡ്രിഗസ് എന്നിവരിലൂടെ റയൽ വലകുലുക്കിയപ്പോൾ മറുപടിയായി ഇവാൻ റാക്കിറ്റിച്ചും രണ്ടു ഗോളുമായി ലയണൽ മെസ്സിയും തിരിച്ചടിച്ചേതാടെ സിനദിൻ സിദാെൻറ ചാണക്യതന്ത്രങ്ങൾക്ക് തിരുമുറ്റത്തുതന്നെ പിഴച്ചു. നെയ്മറില്ലാത്ത ബാഴ്സലോണക്കെതിരെ ഒരുക്കങ്ങൾ നടത്തിയെങ്കിലും ഗാരത് ബെയ്ലിെൻറ പരിക്കും സെർജിയോ റാമോസിെൻറ ചുവപ്പുകാർഡും പിന്നെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘നിർഭാഗ്യവും’ ഒത്തൊരുമിച്ച് വന്നതാണ് തോൽവി വഴങ്ങിയതെന്ന് റയൽ മഡ്രിഡ് ആരാധകർക്ക് വിലയിരുത്താം. അടിയും തിരിച്ചടിയും ഫൗളും കാർഡും ആവശ്യത്തിന് കണ്ട പോരാട്ടരാവിൽ രണ്ടു ഗോൾ നേടി, മൂന്നു വർഷത്തോളം തുടർന്ന റയൽ മഡ്രിഡിനെതിരായ ഗോൾവരൾച്ചക്ക് മെസ്സി വിരാമമിട്ടു.
തോൽവിയോടെ ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റയൽ മഡ്രിഡിെൻറ കസേരക്ക് ഇളക്കം സംഭവിച്ചു. ബാഴ്സക്കും റയലിനും 75 പോയൻറാണെങ്കിലും ഗോൾ ശരാശരിയിൽ ഏറെ മുന്നിലുള്ള കറ്റാലന്മാർ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ഗോൾ ശരാശരിയിൽ 84.36 പോയൻറ് റയലിനും 94.32 പോയൻറ് ബാഴ്സക്കും. ബാഴ്സയേക്കാൾ ഒരു കളി കുറവ് കളിച്ചവരാണ് തങ്ങളെന്ന യാഥാർഥ്യത്തിൽ റയലിന് വിശ്വസിക്കാം. ഇനി സ്പാനിഷ് ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. ബാഴ്സക്ക് ബാക്കിയുള്ളത് മൂന്നും റയലിന് നാലും മത്സരങ്ങൾ. ഇതിൽ ഒരു മത്സരത്തിലും കാലിടറാെത മുന്നേറിയാൽ സാൻറിയാഗോ ബെർണബ്യൂവിലെ ഷെൽഫിൽ 33ാം ലാ ലിഗ കിരീടം ക്രിസ്റ്റ്യാനോക്കും സംഘത്തിനും എത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.