ഒറ്റയാൻ പട്ടാളമോ സംഘശക്തിയോ
text_fieldsആത്യന്തികമായി ഫുട്ബാൾ ഒരു ടീം ഗെയിമാണ്. സംഘഗാനം പോലെ ആസ്വാദ്യകരമായ അനുഭവം. എന്നാൽ, ചിലപ്പോഴെങ്കിലും ഏതെങ്കിലും ഒരു പ്രതിഭാധനെൻറ പ്രകടനങ്ങളുടെ മികവിൽ ചില ടീമുകൾ നേട്ടങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കും.
പെലെയും മറഡോണയും മെസ്സിയും റൊണാൾഡോയും ഒക്കെ അണിനിരക്കുന്ന ടീമുകളുടെ നേട്ടങ്ങളിൽ ചിലതു സംഘബലത്തേക്കാൾ അവരുടെ വ്യക്തിഗത മികവുകളിലൂടെ ആയിരുന്നുവെന്ന് നമുക്ക് അംഗീകരിക്കേണ്ടിവരുന്നു. അത്തരമൊരു ഒറ്റയാൻ തെരോട്ടമാണ് ആഫ്രിക്കയിലെ ആദ്യ ഫുട്ബാൾ രാജാക്കന്മാരെ ഇത്തവണ റഷ്യയിൽ എത്തിച്ചിരിക്കുന്നത്. യോഗ്യത മത്സരങ്ങളിൽ അവർ നേടിയ ഗോളുകളിൽ 75 ശതമാനവും മുഹമ്മദ് സലാഹ് എന്ന ആധുനിക ഫറോവയുടെ ബൂട്ടുകളിൽനിന്നായിരുന്നു. പ്രത്യേകിച്ച് കോംഗോക്കെതിരെ നടന്ന ഏറ്റവും നിർണായക മത്സരത്തിലെ പെനാൽറ്റി ഗോൾ.
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ടീം ആണ് ഈജിപ്ത്. ആഫ്രിക്കൻ വൻകരയിൽനിന്ന് ആദ്യമായി ലോകകപ്പിന് മത്സരിച്ചതും അവരാണ്. 1934ൽ ആദ്യമായി ലോകകപ്പ് കളിച്ചശേഷം, രണ്ടാം അവസരത്തിന് 1990 ഇറ്റലി വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടുവട്ടവും ഗ്രൂപ് റൗണ്ടിനപ്പുറം കടന്നില്ല. വീണ്ടും 28 വർഷങ്ങൾ ക്ക് ശേഷം മറ്റൊരു ലോകകപ്പ്.
ഇത്തവണ വിസ്മയങ്ങളുമായിട്ടാണ് ഫറോവമാരുടെ വരവ്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഗോൾകീപ്പർമാരിലൊരാളായിരുന്നു പലപ്പോഴും അവരുടെ രക്ഷകൻ. ടീമിൽ എന്നും മൂന്നാം നമ്പർ ഗോളിയാണ് ഇസാം എൽ ഹദാരി എന്ന 45കാരൻ. പ്രതിഭയും ഏറിയപങ്ക് ഭാഗ്യവുമാണ് അയാളുടെ മിടുക്ക്.
കളിക്കിടയിൽ ഒന്നും രണ്ടും നമ്പർ ഗോളിമാർ പരിക്കുമായി പുറത്തു പോകുമ്പോൾ പകരക്കാരനായി അവസരം ലഭിക്കും. കളത്തിലിറങ്ങിയാൽ പ്രതിയോഗികളുടെ പെനാൽറ്റികൾ ഈ ‘വയസ്സൻ’ ചാടുന്നിടത്തേ വന്നു പതിക്കാറുമുള്ളൂ. ഇത്തവണ ടീം റഷ്യയിലേക്ക് വിമാനം കയറുംമുേമ്പ അത് സംഭവിച്ചുകഴിഞ്ഞു. ഈജിപ്ത് ലീഗ് മത്സരത്തിനിടെ ഒന്നാം നമ്പർ ഗോളി അഹമ്മദ് അൽ ഷാനാവിക്ക് പരിക്കേറ്റു. ഇതോടെ, ഇസാം ഹദാരിക്ക് വീണ്ടും സാധ്യത തെളിഞ്ഞു.
പ്രതിരോധാത്മക കളിയിലൂടെ കാണികളെ വെറുപ്പിച്ചവരെന്ന പേരുദോഷം ഇല്ലാതാക്കിയത് മുഹമ്മദ് സലാഹിെൻറ ഗതിവേഗ ഫുട്ബാളാണ്. മധ്യനിരയിൽ മുഹമ്മദ് നസീർ അൽസയ്ദ് എൽനേനിയും അബ്ദുല്ല എൽ സൈദും കൂടിയാകുമ്പോൾ ആകർഷകമായ പ്രകടനം കാഴ്ചവെക്കുവാൻ അവർക്കാകും. എന്നാൽ, ഒരുകാലത്തു ലോക ഫുട്ബാളിലെത്തന്നെ ഏറ്റവും കരുത്തുറ്റ പ്രതിരോധനിരയുണ്ടായിരുന്നവർ ഇന്ന് അശക്തമാണ്.
ടീമിെൻറ കരുത്തു കളിക്കാരേക്കാൾ ഹെക്ടർ റൗൾ കൂപ്പർ എന്ന അർജൻറീനക്കാരൻ കോച്ചിെൻറ മനഃശാസ്ത്രപരമായ സമീപനങ്ങളാണ്. 1984ൽ അർജൻറീനക്ക് കളിച്ച ഈ 62കാരൻ ഫറോവയുടെ നാട്ടുകാർക്ക് ഒരു ലാറ്റിനമേരിക്കൻ ശൈലിതന്നെ പറഞ്ഞു കൊടുത്തിരിക്കുന്നു. ആതിഥേയരായ റഷ്യക്കാരും സൗദി അറേബ്യയും ഉറുഗ്വായ്യും ആണ് അവർക്കു ഒപ്പമുള്ളത്. ഹെക്ടർ കൂപ്പർ മനസ്സിൽ കുറിച്ചിട്ട കാര്യങ്ങൾ സലാഹും കൂട്ടുകാരും പ്രാവർത്തികമാക്കുമെങ്കിൽ മിസിരികളുടെ മൂന്നാം പങ്കാളിത്തം എക്കാലത്തും ഓർമിക്കാവുന്നതായിമാറും. പ്രീ ക്വാർട്ടറിലെങ്കിലും അവരെ നമുക്ക് കാണാം.
നാളെ ഉറുഗ്വായുടെ വിശേഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.