നായകനില്ലാതെ മുംബൈ
text_fieldsമുംബൈ: അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ സെമിയിലെ രണ്ടാം പാദ പോരിന് പ്രിയതാരം ഡീഗോ ഫോര്‍ലാനില്ലാതെ മുംബൈ സിറ്റി ബൂട്ടണിയുമ്പോള്‍ ആരാധകരുടെ ഉള്ളില്‍ തീയാണ്. ആരാധകരില്‍ മാത്രമല്ല, മുഖ്യ പരിശീലകന്‍ അലക്സാണ്ടര്‍ ഗുമിറസ് ഉള്‍പ്പെടെ ടീമിന്‍െറ പിന്നണിയിലുള്ളവരിലുമുണ്ട് ആധി. ആദ്യ പാദത്തില്‍ 2-3ന്‍െറ ജയവുമായാണ് കൊല്‍ക്കത്ത മുംബൈ മണ്ണിലത്തെിയത്. സമനില മതി വംഗനാടന്‍ പടക്ക് ഫൈനലില്‍ ഇടം പിടിക്കാന്‍. ചൊവ്വാഴ്ച മുംബൈ അറീനയിലെ സ്വന്തം തട്ടകത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിക്കാനായില്ളെങ്കില്‍ എല്ലാം പാളും. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ട് മഞ്ഞ ക്കാര്‍ഡ് കണ്ട് പുറത്തായ ഫോര്‍ലാന് ഗാലറിയിലാണ് ചൊവ്വാഴ്ച സ്ഥാനം. ഉറുഗ്വായ് താരം ഗാലറിയില്‍ കാഴ്ചക്കാരനായ സ്വന്തം തട്ടകത്തിലെ കളികളില്‍ മുംബൈക്ക് ജയിക്കാനായിട്ടില്ളെന്നത് മുന്‍ അനുഭവങ്ങള്‍. ലീഗിലെ ഹോം മാച്ചില്‍ കൊല്‍ക്കത്തക്ക് എതിരെ ഫോര്‍ലാനില്ലാതെ കളിച്ച മുംബൈക്ക് 1-1 പിടിക്കാനെ കഴിഞ്ഞുള്ളൂ.
അഞ്ചു ഗോളും അത്രയും അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ച മാര്‍ക്വീ താരത്തിന്‍െറ അസാന്നിധ്യം നീലപ്പടയുടെ ആക്രമണ മുനയും തകര്‍ക്കും. കൊല്‍ക്കത്തയില്‍ ആദ്യ മിനിറ്റില്‍ പിന്നിലായപ്പോള്‍ ലിയൊ കോസ്റ്റ, ഗെര്‍സന്‍ വിയേറ എന്നിവരുടെ ഗോളിലൂടെ തിരിച്ചത്തെിയ മുംബൈക്ക് ഊര്‍ജമായത് ഫോര്‍ലാന്‍െറ അളന്നുമുറിച്ച ഫ്രീകിക്കുകളുമായിരുന്നു. എതിരാളിയുടെ ചങ്കുരുക്കുന്ന ഫ്രീകിക്കുകള്‍. ഫോര്‍ലാനില്ലാതെ എന്താകും ഫലമെന്ന് പ്രവചിക്കാന്‍ കോച്ച് അലക്സാണ്ടര്‍ ഗുമിറസും തയാറാവുന്നില്ല.
ഫോര്‍ലാന് പകരക്കാരനാകുന്നവന്‍ തങ്ങളെ ഫൈനലില്‍ എത്തിക്കാന്‍ കെല്‍പുള്ളവനാണെന്ന് അദ്ദേഹം പറയുന്നു. ഗാലറിയിലെ ആരാധകരുടെ ഇരമ്പല്‍ ടീമിന് ഊര്‍ജമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ആദ്യ പാദത്തില്‍ രണ്ട് ഗോളുകളിട്ട ഹിയാന്‍ ഹ്യൂമാകും മുംബൈ പ്രതിരോധത്തിലെ ലൂസിയാന്‍ ഗോയാന്‍, ഗെര്‍സന്‍ വിയേറ എന്നിവര്‍ക്ക് തലവേദനയാകുക.
ഒരു ഗോളിന്‍െറ ലീഡില്‍ പ്രതിരോധത്തിലേക്ക് വലിയാനില്ളെന്ന് കൊല്‍ക്കത്തയുടെ മുഖ്യപരിശീലകന്‍ ജോസ് മൊളീന പറയുന്നു. ആദ്യ പാദത്തിലെ വിജയം ചെറുസാധ്യത മാത്രമാണ്. ചൊവ്വാഴ്ചത്തെ മിടുക്കുപോലിരിക്കും ഫലം. ലീഗില്‍ രണ്ട് തോല്‍വിമാത്രമെ വഴങ്ങിയുള്ളൂ എന്നത് കേമം തന്നെ.
എന്നാല്‍, ഇത് തീര്‍ത്തും വ്യത്യസ്തമായ ഒരവസ്ഥയാണ്. ചൊവ്വാഴ്ചത്തെ കളിയാണ് ഫൈനല്‍ തീരുമാനിക്കുക -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.