ജൂനിയർ മീറ്റ്: അപർണ റോയിക്ക് ദേശീയ റെക്കോഡ്്; അബിതക്കും സ്വർണം
text_fieldsറാഞ്ചി: അഞ്ച് ദേശീയ റെക്കോഡുകൾ പിറന്ന 34ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിെൻറ സ്വർണത്തിന് രാജ്യാന്തര തിളക്കം. ദേശീയ മീറ്റുകളിൽ കുത്തകയായിരുന്ന ഹർഡിൽസിൽ മൂക്കുകുത്തി വീണ കേരളം അന്തർദേശീയ മീറ്റിലെ സ്വന്തം പ്രകടനം തിരുത്തിയെഴുതിയ അപർണ റോയിയിലൂടെയാണ് രണ്ടാം ദിനം തലയുയർത്തി നിന്നത്. അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലാണ് അപർണ സ്വർണമണിഞ്ഞത്. 13.76 സെക്കൻഡാണ് പുതിയ സമയം. അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്ററിൽ ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സിലെ അബിത മേരി മാനുവലാണ് മറ്റൊരു സുവർണതാരം. 55.49 സെക്കൻഡിലാണ് അബിത ലക്ഷ്യം മറികടന്നത്. രണ്ട് സ്വർണത്തിനു പുറമെ അഞ്ച് വെള്ളിയും ആറ് വെങ്കലവും കൂടി രണ്ടാം ദിനം കേരളം സഞ്ചിയിലാക്കി.
അണ്ടർ 16 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അലീന വർഗീസ് (14.92 സെക്കൻഡ്), അണ്ടർ 16 പെൺകുട്ടികളുടെ 400 മീറ്ററിൽ എൽഗ തോമസ് (58.12 സെക്കൻഡ്), അണ്ടർ 18 ഹൈജംപിൽ ഗായത്രി ശിവകുമാർ (1.27 മീറ്റർ), അണ്ടർ 18ൽ 1500 മീറ്ററിൽ ആദർശ് ഗോപി (3.58.45 സെക്കൻഡ്), അണ്ടർ 20ൽ 1500 മീറ്ററിൽ അഭിനന്ദ് സുന്ദരേശൻ (3.51.50 സെക്കൻഡ്) എന്നിവർ വെള്ളി നേടി.അണ്ടർ 20 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം സായിയുടെ മുഹമ്മദ് ഫായിസ് (14.07), അണ്ടർ18 നാനൂറ് മീറ്ററിൽ എ.എസ്. സാന്ദ്ര (56.25 സെക്കൻഡ്), അണ്ടർ 14 നൂറു മീറ്ററിൽ സി. അനുഗ്രഹ (13.22 സെക്കൻഡ്), അണ്ടർ 18 നൂറു മീറ്ററിൽ സി. അഭിനവ് (10.92സെക്കൻഡ്), അണ്ടർ 18 പെൺകുട്ടികളുടെ 1500 മീറ്ററിൽ മിന്നു പി. റോയ് (4.40.33 സെക്കൻഡ്), അണ്ടർ 20 നൂറു മീറ്ററിൽ നെവിൽ ഫ്രാൻസിസ് (10.95 സെക്കൻഡ്) എന്നിവരാണ് വെങ്കലം നേടിയത്. ഇതോടെ അഞ്ച് സ്വർണം, ആറ് വെള്ളി, എട്ട് വെങ്കലം ഉൾപ്പെടെ 19 മെഡലുകൾ കേരളത്തിനു സ്വന്തം. ഞായറാഴ്ച 26 ഫൈനലുകൾ നടക്കും.
അപരാജിതം അപർണ
100 മീറ്റർ ഹർഡിൽസിൽ 13.76 സെക്കൻഡിലാണ് അപർണ ഒാടിയെത്തിയത്. 2008ൽ തമിഴ്നാടിെൻറ ഗായത്രി ഗോവിന്ദ് സ്ഥാപിച്ച (14.02 സെക്കൻഡ്) മീറ്റ് റെക്കോഡ് ആദ്യം വീണു. പിന്നാലെയാണ് കേരള ടീമിനാകെ സന്തോഷം നൽകിയ ഫലപ്രഖ്യാപനം വന്നത്. 2018 ബാങ്കോക്കിൽ നടന്ന യൂത്ത് ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ സ്ഥാപിച്ച 13.98 എന്ന സ്വന്തം റെക്കോഡും അപർണ തിരുത്തിയിരിക്കുന്നു. രണ്ടു ദിവസമായി ഏഴോളം ദേശീയ റെക്കോഡുകൾ പിറന്ന മീറ്റിൽ കേരളത്തിന് അഭിമാനിക്കാൻ അന്താരാഷ്ട്ര മാറ്റുള്ള സ്വർണം. യൂത്ത് ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ ഏഴാമതായിരുന്നു അപർണയുടെ സ്ഥാനം. എന്നാൽ, സംസ്ഥാന സ്കൂൾ, ദേശീയ ജൂനിയർ മീറ്റ് എന്നിവ ലക്ഷ്യമിട്ട് യൂത്ത് ഒളിമ്പിക്സിൽ പങ്കെടുത്തില്ല. കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിൽ സീനിയർ പെൺകുട്ടികളുടെ ഹർഡിൽസിൽ സ്വർണമണിഞ്ഞു.
ദേശീയ സീനിയർ സ്കൂൾ മീറ്റ്, ഹൈദരാബാദിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് മീറ്റ്, തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യൂത്ത് അത്ലറ്റിക്സ് മീറ്റ് എന്നിവയിൽ പലകുറി റെക്കോഡ് തിരുത്തിയെഴുതി. തുർക്കിയിലെ ലോക സ്കൂൾ മീറ്റിൽ പങ്കെടുത്ത അപർണക്ക് ഹർഡിൽസിൽ ലോ ലെവലിൽ 14.01, ഹൈ ലെവലിൽ 14.25 ആണ് മികച്ച സമയം. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ സ്വദേശിയായ അപർണ മലബാർ സ്പോർട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.