ചാമ്പ്യന്മാർക്ക് ഹാപ്പിയല്ല ക്രിസ്മസ്
text_fieldsലണ്ടൻ: യൂറോപ്യൻ ലീഗുകളിൽ ഇത്തവണ ചാമ്പ്യന്മാർക്ക് കാലിടറുകയാണോ? ലീഗിെൻറ ആദ്യ പകുതിയിൽ നിലവിലെ ചാമ്പ്യന്മാർക്കൊന്നും നല്ല സമയമല്ല. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയും ജർമനിയിൽ ബേയൺ മ്യൂണിക്കും ഇറ്റലിയിൽ യുവൻറസുമെല്ലാം ചാമ്പ്യൻ പദവി ഭാരത്താൽ പിന്നിലാണ്. സ്പെയിനിൽ രണ്ടു പോയൻറിെൻറ ലീഡ് നേടാനായെങ്കിലും ബാഴ്സലോണക്കും കാര്യങ്ങൾ അത്ര സുഖകരമല്ല. ഫ്രഞ്ച് ലീഗിൽ പി.എസ്.ജി മുന്നിലുണ്ടെങ്കിലും കഴിഞ്ഞ സീസണിലെ പോലെയുള്ള ഏകാധിപത്യമില്ല.
റയലിെൻറ വീഴ്ചയിൽ ബാഴ്സ മുന്നിൽ
കഴിഞ്ഞ രണ്ടു സീസണിലും കാര്യമായ വെല്ലുവിളികളില്ലാതെ സ്പാനിഷ് ലാ ലിഗ കിരീടം നേടിയ ലയണൽ മെസ്സിയുടെ ബാഴ്സലോണക്ക് ഇത്തവണ കാര്യങ്ങൾ അത്ര ശുഭകരമല്ല. ക്രിസ്മസിനും പുതുവർഷത്തിനും മുമ്പുള്ള അവസാന മത്സരത്തിൽ സിനദിൻ സിദാെൻറ റയൽ മഡ്രിഡ് അത്ലറ്റികോ ബിൽബാവോയുമായി ഗോൾരഹിത സമനില വഴങ്ങിയതിനാൽ മാത്രമാണ് ബാഴ്സക്ക് ലീഗിൽ ഒറ്റക്ക് മുന്നിലെത്താനായത്. ഏണസ്റ്റോ വാൽവർദെ തന്ത്രം മെനയുന്ന ബാഴ്സക്ക് കഴിഞ്ഞ വർഷങ്ങളിലെ ഫോമിെൻറ അയലത്തെങ്ങും എത്താനായിട്ടില്ല. അത്ലറ്റികോ മഡ്രിഡിൽനിന്ന് അേൻറാണിയോ ഗ്രീസ്മാനെ വൻതുകക്ക് എത്തിച്ചെങ്കിലും പഴയകാല പ്രതാപത്തിെൻറ നിഴൽ മാത്രമാണ് ഇന്ന് ബാഴ്സ.
ക്രിസ്മസിന് മുമ്പുള്ള ആഴ്ചയിൽ സ്വന്തം മൈതാനമായ നൂകാംപിൽ റയലിനോട് ഭാഗ്യത്തിെൻറ അകമ്പടിയോടെയാണ് സമനില ലഭിച്ചത്. 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സക്ക് 39ഉം റയലിന് 37ഉം സെവിയ്യക്ക് 34ഉം അത്ലറ്റികോ മഡ്രിഡിന് 32ഉം പോയൻറാണുള്ളത്. ജനുവരിയിൽ രണ്ടാം പകുതി ആരംഭിക്കുേമ്പാൾ ലാ ലിഗ നിലനിർത്തണമെങ്കിൽ ബാഴ്സ കടുത്ത മത്സരംതന്നെ നേരിടേണ്ടിവരുമെന്നാണ് ഇതുവരെയുള്ള പ്രകടനം നൽകുന്ന സൂചന.
നെയ്മറുടെ തിരിച്ചുവരവ്
നിലവിലെ ചാമ്പ്യന്മാർക്ക് കാര്യമായ വെല്ലുവിളിയില്ലാത്തത് ഫ്രഞ്ച് ലീഗിൽ മാത്രമാണ്. കിലിയൻ എംബാപെ, നെയ്മർ, എഡിൻസൺ കവാനി, എയ്ഞ്ചലോ ഡി മരിയ തുടങ്ങി കരുത്തർ ഒരുപാടുള്ള പി.എസ്.ജിക്ക് ലീഗ് വണിൽ കാര്യമായ വെല്ലുവിളിയുയർത്താൻ ആരുമില്ല. എന്നാൽ, കഴിഞ്ഞ വർഷത്തെപ്പോലെ ഏകപക്ഷീയ മുന്നേറ്റം നടത്താൻ ഇത്തവണ കഴിഞ്ഞിട്ടില്ല. 18 കളികളിൽ 15 ജയത്തോടെ 45 പോയൻറ് നേടിയെങ്കിലും ടച്ചലിെൻറ ടീമിന് മൂന്നു തോൽവികൾ വഴങ്ങേണ്ടിവന്നു.
റോ-റി ഇല്ലാത്ത ബേയൺ
പതിറ്റാണ്ടിലധികം ബേയൺ മ്യൂണിക്കിനെ ഇരുപാർശ്വങ്ങളിലും നിന്ന് നയിച്ച ഫ്രാങ്ക് റിബറിയും അർയൻ റോബനും ഉൾക്കൊള്ളുന്ന റോ- റി സഖ്യം പോയതോടെ ജർമൻ ജേതാക്കളുടെ നട്ടെല്ലൊടിഞ്ഞ അവസ്ഥയാണ്. ജർമൻ ബുണ്ടസ് ലിഗയിൽ എതിരാളികളില്ലാത്ത കുതിപ്പ് നടത്തിയിരുന്ന ടീം 17 കളികളിൽനിന്ന് 33 പോയൻറ് മാത്രം തേടി മൂന്നാം സ്ഥാനത്താണുള്ളത്. 17 കളികളിൽ 37 പോയൻറുള്ള ലീപ്സിഷും 35 പോയൻറുള്ള മോൻഷൻഗ്ലാഡ്ബാഷുമാണ് ബുണ്ടസ് ലിഗയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.