റയലിന് വീണ്ടും ജയം; മൂന്ന് പോയൻറ് അകലെ കിരീടം
text_fieldsഗ്രനേഡ: സ്പാനിഷ് ലാ ലീഗിൽ റയൽ മാഡ്രിഡ് കിരീടത്തിനടുത്ത്. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ ഗ്രനേഡയെയാണ് സിദാനും കൂട്ടരും തകർത്തത് (1-2). ആദ്യ പകുതിയിലായിരുന്നു റയലിെൻറ രണ്ട് ഗോളുകളും.
ഫ്രഞ്ച് താരങ്ങളായ ഫെർലാൻഡ് മെൻഡിയും കരിം ബെൻസേമയുമാണ് ഗോളുകൾ നേടിയത്. 10ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. കസെമിറയിൽനിന്ന് പന്ത് സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ മെൻഡി ഇടത് മൂലയിൽനിന്ന് അതിമനോഹരമായി പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. കഴിഞ്ഞവർഷം ടീമിലെത്തിയ ഈ പ്രതിരോധഭടെൻറ ആദ്യ ഗോളായിരുന്നവത്.
ആറ് മിനിറ്റിന് ശേഷം രണ്ടാമത്തെ ഗോളും വീണു. ലൂകോ മോഡ്രിച്ച് നൽകിയ പാസ് ബെൻസേമ നിഷ്്പ്രയാസം വലയിലെത്തിച്ചു. 50ാം മിനിറ്റിൽ മാച്ചിസാണ് ആതിഥേയരുടെ ആശ്വാസ ഗോൾ നേടിയത്.
കോവിഡ് ലോക്ഡൗണിനുശേഷം ലാലിഗയിൽ റയലിെൻറ തുടർച്ചയായ ഒമ്പതാം വിജയമാണിത്. 36 മത്സരങ്ങളിൽനിന്ന് 83 പോയൻറായി റയലിന്. രണ്ട് മത്സരങ്ങൾ ബാക്കിയുള്ള റയലിന് മൂന്നു പോയൻറ് കൂടി ലഭിച്ചാൽ കിരീടം സ്വന്തമാക്കാം. രണ്ട് സീസണുകൾക്ക് ശേഷമാണ് മാഡ്രിഡുകാർ വീണ്ടും കിരീടം നേടാൻ ഒരുങ്ങുന്നത്. 36 മത്സരങ്ങളിൽനിന്ന് 79 പോയിൻറാണ് രണ്ടാംസ്ഥാനത്തുള്ള ബാഴ്സലോണക്ക്. ഹാട്രിക് കിരീടം തേടിയിറങ്ങിയ ബാഴ്സയുടെ പ്രതീക്ഷകൾ ഏകദേശം അസ്തമിച്ച മട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.