കോവിഡിനെ കീഴടക്കിയെത്തി ഡിബാല കളംനിറഞ്ഞു
text_fieldsടൂറിൻ: കോവിഡിനെതിരെ പൊരുതുന്ന ലോകത്തിെൻറ പ്രതീകമാണ് യുവൻറസിെൻറ അർജൻറീന താരം പൗലോ ഡിബാല. ആശുപത്രിയിലും വീട്ടിലുമായി ഒന്നര മാസമായിരുന്നു കോവിഡ് ഡിബാലയെ ബന്ദിയാക്കി തളച്ചിട്ടത്. ഇറ്റലിയിൽ മരണനിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ച നാളിൽ തളരാത്ത വീര്യവുമായി പോരാടിയ ഡിബാല കോവിഡിനുമേൽ വിജയം വരിച്ചു. മൂന്നു മാസത്തെ ഇടവേളക്കുശേഷം ഇറ്റലിയിൽ കളി മൈതാനമുണർന്നപ്പോൾ അവിടെ പടനയിക്കാൻ മുന്നിൽ നിന്നതും അതേ ഡിബാല തന്നെ.
വെള്ളിയാഴ്ച രാത്രി നടന്ന ഇറ്റാലിയൻ കപ്പിെൻറ സെമിയിൽ യുവൻറസും എ.സി മിലാനും ഏറ്റുമുട്ടിയ രണ്ടാം പാദത്തിൽ കളി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാഴാക്കിയ പെനാൽറ്റിയും എവേഗോളിൽ യുവൻറസിെൻറ ഫൈനൽ പ്രവേശനവുമെല്ലാം ഡിബാലയുടെ തിരിച്ചുവരവിന് പിന്നിലേ വരൂ.
ശ്വാസതടസ്സം നേരിട്ട് കോവിഡിെൻറ രൂക്ഷ അവസ്ഥയിൽ നിന്നായിരുന്നു ഡിബാലയുടെ ജീവിതത്തിലേക്കുള്ള മടക്കം. ആറാഴ്ചക്കുള്ളിൽ നാലു തവണയും കോവിഡ് പോസിറ്റിവായതോടെ രോഗംമാറിയാലും താരത്തിന് കളത്തിലേക്ക് തിരിച്ചുവരാൻ സമയമെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഏവരെയും വിസ്മയിപ്പിച്ച് സൂപ്പർതാരം ഫിറ്റ്നസ് വേഗത്തിൽ വീണ്ടെടുത്തു. ഒടുവിൽ, കോവിഡിന് ശേഷം ഇറ്റലിയിൽ ആദ്യമായി പന്തുരുണ്ട ദിനത്തിൽ ഏറ്റവും മികച്ച കളിയുമായിതന്നെ ഡിബാല കൈയടി നേടി.
യുവൻറസിെൻറ വേദിയായ അലയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഡഗ്ലസ് കോസ്റ്റക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം െപ്ലയിങ് ഇലവനിൽ തന്നെ ഡിബലായുണ്ടായിരുന്നു. 15ാം മിനിറ്റിൽ മിലാൻ ഡിഫൻഡർ ആന്ദ്രെ കോൻറിയുടെ ഹാൻഡ്ബാൾ പെനാൽറ്റിയായപ്പോൾ 100 ദിവസത്തിനു ശേഷം ഇറ്റലിയിൽ ആദ്യ ഗോളിെൻറ പിറവി ഉറപ്പിച്ചു.
പക്ഷേ, ക്രിസ്റ്റ്യാനോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നീടുള്ള മിനിറ്റിൽ ഡിബാല, ക്രിസ്റ്റ്യാനോ, മിറാലം പ്യാനിച് എന്നിവർ പലവട്ടം ഷോട്ടുതിർത്തെങ്കിലും മിന്നുന്ന ഫോമിലായിരുന്ന എതിർ ഗോളി ജിയാൻലൂയിജി ഡോണറുമ്മയെ കീഴടക്കാനായില്ല. 16ാംമിനിറ്റിൽ സ്ട്രൈക്കർ ആെൻറ റെബിച് മാരക ഫൗളിന് ചുവപ്പുകാർഡുമായി പുറത്തായതോടെ മിലാൻ 10 പേരുമായാണ് ഏറിയ സമയവും കളിച്ചത്.
ഫെബ്രുവരിയിൽ നടന്ന ആദ്യ പാദത്തിൽ എവേ ഗോളടിച്ച് യുവൻറസ് (1-1) സമനില പാലിച്ചത് ഇക്കുറി അനുഗ്രഹമായി. ഇൻറർ മിലാൻ - നാപോളി മത്സരത്തിലെ വിജയികളാവും ഫൈനലിലെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.