ഷൂട്ടൗട്ടിൽ കീഴടങ്ങി സ്പെയിൻ ലോകകപ്പിൽ നിന്നും പുറത്ത് (3-4)
text_fieldsമോസ്കോ: തോൽക്കാനൊരുക്കമല്ലായിരുന്നു അവർ. കടന്നൽക്കൂട്ടംപോലെ ഇരമ്പിയാർത്ത സ്പാനിഷ് പടക്കു മുന്നിൽ 11 പേർ ഒരു മെയ്യായി പൊരുതി. നിശ്ചിത സമയവും അധികസമയവും പിന്നിട്ട് 120 മിനിറ്റ് പോരടിച്ചിട്ടും സ്പെയിനിന് വിജയിക്കാനുള്ള ഗോളുകൾക്ക് അവസരം നൽകാതെ പിടിച്ചുനിന്ന റഷ്യ ആരാധകരുടെ സ്വപ്നം കാത്ത് വിശ്വമേളയുടെ ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്ത് സെൽഫ് ഗോളിലൂടെ (11ാം മിനിറ്റ്) സ്പെയിൻ ലീഡ് നേടിയെങ്കിലും ആദ്യപകുതി പിരിയും മുേമ്പ റഷ്യ പെനാൽറ്റിയിലൂടെ കടം വീട്ടി (41ാം മിനിറ്റ്, അർടം സ്യൂബ). ശേഷം േഗാൾവല കുലുങ്ങാത്ത നീണ്ട മണിക്കൂർ. ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ഞായറാഴ്ചയിലെ സായാഹ്നം തേൻറതെന്നു പ്രഖ്യാപിച്ച അകിൻഫീവ് റഷ്യക്കാരുടെ ജീവിക്കുന്ന ‘ലെവ് യാഷിനായി’ മാറി.
സ്പെയിനിെൻറ കോകെയും ഇയാഗോ ആസ്പാസും തൊടുത്ത ഷോട്ടുകളെ ഇടറാത്ത കരളുറപ്പുമായി നേരിട്ട അകിൻഫീവ് തട്ടിയകറ്റി. അതേസമയം, സ്പെയിനിെൻറ കേളികേട്ട ഗോളി ഡേവിഡ് ഡി ഗിയക്ക് ഒരു ഷോട്ടും രക്ഷപ്പെടുത്താനായില്ല. ഫെഡർ സ്മോളോവ്, സെർജി ഇഗ്നഷെവിച്, അലക്സാണ്ടർ ഗൊളോവിൻ, ഡെനിസ് ചെറിഷേവ് എന്നിവരെല്ലാം ഉന്നം പിഴക്കാതെ നിറയൊഴിച്ചപ്പോൾ, സ്പെയിനിെൻറ ആന്ദ്രെ ഇനിയേസ്റ്റ, ജെറാഡ് പിക്വെ, സെർജിയോ റാമോസ് എന്നിവർക്കു മാത്രമേ പന്ത് വലയിലെത്തിക്കാനായുള്ളൂ. കോകെയുടെ ഷോട്ട് കുത്തിയകറ്റിയും ആസ്പാസിനെ ബൂട്ടിൽ ഹിറ്റ്ചെയ്തുമാണ് അകിൻഫീവ് ചരിത്ര വിജയമൊരുക്കിയത്. 79 ശതമാനം പന്തടക്കവുമായി നിറഞ്ഞുകളിച്ച സ്പെയിനിനെ ഫുൾടൈമിലും അധികസമയത്തും കൃത്യമായ പൊസിഷനിങ്ങും ഉഗ്രൻ സേവുകളുമായി പിടിച്ചുനിർത്തിയ അകിൻഫീവ് നിർണായക നിമിഷത്തിൽ അവരുടെ രക്ഷകനുമായി.
2010ലെ ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ മടങ്ങിയപ്പോൾ, സോവിയറ്റ് തകർച്ചക്കു ശേഷമുള്ള റഷ്യ ആദ്യമായാണ് ക്വാർട്ടറിൽ കടക്കുന്നത്. 1966ൽ സോവിയറ്റ് റഷ്യ നാലാം സ്ഥാനത്തെത്തിയിരുന്നു.
സ്പെയിൻ കളിച്ചു, ഗോളടിച്ചില്ല
പരിചയസമ്പന്നനായ ഇനിയേസ്റ്റയെ ബെഞ്ചിലിരുത്തി യുവതാരം അസൻസിയോയിലാണ് സ്പാനിഷ് കോച്ച് ഹെയ്റോ വിശ്വാസമർപ്പിച്ചത്. കാർവയാലിന് പകരം നാചോ റൈറ്റ് ബാക്ക് പൊസിഷനിലും തിയാഗോ അൽകൻറാരക്കു പകരം കോകെ മധ്യനിരയിലുമെത്തി. ഇരുവിങ്ങുകളെയും ചലനാത്മകമാക്കി ആക്രമണത്തിന് മൂർച്ചകൂട്ടിയെത്തിയ സ്പെയിനിനെ നേരിടാൻ റഷ്യൻ കോച്ച് സ്റ്റാനിസ്ലാവ് ചെർചസോവ് കടുത്ത തീരുമാനത്തിനുതന്നെ തയാറായി. ഇതുവരെ കളിച്ചിരുന്ന നാലുപേരുടെ പ്രതിരോധത്തിൽനിന്ന് മൂന്നിലേക്ക് ചുരുക്കി. എന്നാൽ, മധ്യനിരയിൽ 4-2 േഫാർമേഷൻ പാലിച്ചതോടെ കളിയുടെ ഗതിക്കനുസരിച്ച് മുന്നേറ്റവും പ്രതിരോധവുമെന്നതാണ് ശൈലിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഗോളടിയന്ത്രം ഡെനിസ് ചെറിഷേവിനെ പുറത്തിരുത്തി കോച്ച് ആരാധകരെ ഞെട്ടിച്ചു. ചെറിഷേവിന് പകരം ഷിർകോവിനായിരുന്നു ഇടതുവിങ്ങിെൻറ ചുമതല. സസ്പെൻഷനിലായ വിങ്ബാക്ക് ഇഗർ സ്മോൾനിേകാവിന് പകരം ഫെർണാണ്ടസുമെത്തി. കുസിയേവും ഗൊളോവിനും വന്ന് മധ്യനിര സജീവമാക്കിയതോടെ സ്പെയിനിെൻറ ‘ടികി ടാക’യെ മുളയിലേ നുള്ളാനുള്ള തന്ത്രമെന്നുറപ്പായി. സെനിതിെൻറ താരം അർടം സ്യൂബയായിരുന്നു ആക്രമണം നയിച്ചത്. ഗാലറിയിൽ ഇരമ്പിയാർത്ത നാട്ടുകാരായിരുന്നു റഷ്യയുടെ 12ാമൻ. കേളികേട്ട സ്പാനിഷ് നിര ബുസ്ക്വറ്റ്സും ആൽബയും സൃഷ്ടിക്കുന്ന നീക്കങ്ങളിലൂടെ വിങ്ങുകൾ വഴി പന്ത് ഇസ്കോ-അസൻസിയോ വഴി റഷ്യൻ ബോക്സിനുള്ളിലെത്തിക്കാൻ തുടങ്ങി. എന്നാൽ, അവിടെ കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. സ്യൂബയെ മാത്രം എതിർ ഗോൾമുഖത്തേക്ക് കയറൂരിവിട്ട്, ശേഷിച്ചവരെല്ലാം സ്വന്തം പാതിയിൽ തന്നെ പ്രതിരോധമല തീർത്തു. വർധിത പ്രഹരശേഷിയുള്ള ഗോൾമെഷീൻ ഡീഗോ കോസ്റ്റയും ഇസ്കോ-അസൻസിയോ-കോകെ എന്നിവരടങ്ങിയ മധ്യനിരക്കുമിടയിൽ ഇല്ലി ക്യൂറ്റ്പോവും ഫെഡർ കുദിറിഷോവും വന്മതിലുകളായി. ഉയരവും ആരോഗ്യ ദൃഢതയുംകൊണ്ട് വെല്ലുവിളിച്ച റഷ്യൻ പ്രതിരോധക്കാരെ മറികടന്നുപോവുന്ന പന്തുകൾ െഎഗർ അകിൻഫീവ് എന്ന ആതിഥേയരുടെ സൂപ്പർ ഗോളിക്കു മുന്നിൽ അപാരമായ അനുസരണക്കാരായി.
ഗോളടിക്കാൻ ഒരു തിടുക്കവുമില്ലാതെയാണ് റഷ്യ പൊരുതിയത്. വല്ലപ്പോഴും വീണുകിട്ടുന്ന പന്തുമായി സ്യൂബയും ഗൊളോവിനും കിതച്ചുപായുേമ്പാൾ റാമോസ്-പിക്വെ-നാചോ പ്രതിരോധം മുനയൊടിച്ച് മടക്കി. ഇതിനിടെയാണ് 11ാം മിനിറ്റിൽ സെർജി ഇഗ്നഷെവിചിെൻറ സെൽഫ് ഗോളിൽ സ്പെയിൻ ലീഡ് പിടിക്കുന്നതും 41ാം മിനിറ്റിൽ പിക്വെയുടെ ഹാൻഡ്ബാളിന് ലഭിച്ച പെനാൽറ്റിയിലൂടെ അർടം സ്യൂബ സമനില ഗോൾ നേടുന്നതും. രണ്ടാം പകുതിയിൽ കൂടുതൽ ഏകോപനത്തോടെയുള്ള മുന്നേറ്റത്തിനാണ് സ്പെയിൻ മുതിർന്നത്. മൂന്ന് സബ്സ്റ്റിറ്റ്യൂഷനുമായി റഷ്യ ഉൗർജം നിറച്ചു. സ്പാനിഷ് നിരയിൽ സിൽവക്ക് പകരം ഇനിയേസ്റ്റയും പരിക്കേറ്റ നാചോക്കു പകരം കാർവയാലും വന്നു. എങ്കിലും മാറ്റങ്ങെളാന്നും കളിയുടെ ഗതി തിരിച്ചില്ല. 80ാം മിനിറ്റിൽ കോസ്റ്റയെ വിളിച്ച് ഇയാഗോ അസ്പാസിനെയിറക്കി വാൾമുന ചെത്തിമിനുക്കിയെങ്കിലും തഥൈവ. കളി അധികസമയവും കടന്ന് ഷൂട്ടൗട്ടിലേക്ക്. പിന്നെ കണ്ടതെല്ലാം ചരിത്രം.
11ാം മിനിറ്റ്
സെർജി ഇഗ്നഷെവിച്-െസൽഫ്(സ്പെയിൻ)
നാചോയെ യുറി ഷിർകോവ് വലതു വിങ്ങിൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് സ്പെയിനിന് അനുകൂലമായി ഇൻഡയറക്ട് ഫ്രീകിക്ക്. കിക്കെടുക്കാനായി അസൻസിയോ എത്തുേമ്പാൾ പ്രതിരോധപ്പൂെട്ടാരുക്കി റഷ്യ തയാറെടുത്തു. പോസ്റ്റിെൻറ വലതുമൂലയിലേക്ക് ഉയർന്നുവന്ന പന്ത് റാമോസിലെത്തുന്നത് തടയാൻ ശ്രമിച്ച റഷ്യൻ ഡിഫൻഡർ ഇഗ്നഷെവിചിന് പിഴച്ചു. തിരിഞ്ഞുനിന്നുള്ള പ്രതിരോധശ്രമത്തിനിടെ പന്ത് ഇഗ്നഷെവിചിെൻറ മടമ്പിൽ കൊണ്ട് സ്വന്തം വലയിലേക്ക്.
41ാം മിനിറ്റ്
അർടം സ്യൂബ-പെനാൽറ്റി(റഷ്യ)
അനാവശ്യമായ ഹാൻഡ്ബാളിൽ സ്പെയിൻ പെനാൽറ്റി വഴങ്ങി. കോർണർ കിക്കിലൂെടയെത്തിയ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഡ്യൂബയുടെ ഹെഡർ പിക്വെയുടെ ഉയർന്നുപൊങ്ങിയ ഇടതുകൈയിൽ. കണ്ടമാത്രയിൽ സംശയമൊന്നുമില്ലാതെ റഫറിയുടെ പെനാൽറ്റി വിസിൽ. പിക്വെയും സിൽവയും വാദിച്ചുനോക്കിയെങ്കിലും റഫറി മഞ്ഞക്കാർഡു വീശി മറുപടി നൽകി. കിക്കെടുത്തത് റഷ്യൻ സ്ട്രൈക്കർ അർടം ഡ്യൂബതന്നെ. ഡി ഗിയയുടെ ഡൈവിങ്ങിനടിയിലൂടെ പന്ത് വലയിൽ. ഗാലറി നിറച്ച ആതിഥേയ കാണികളെ ഇരിപ്പിടം വിെട്ടഴുന്നേൽപിച്ച സമനില ഗോൾ. ആത്മവിശ്വാസം നിറച്ച് റഷ്യ കളത്തിൽ തിരിച്ചെത്തിയ നിമിഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.