ബ്രസീൽ ഫുട്ബോൾ താരങ്ങൾ സഞ്ചരിച്ച വിമാനം തകർന്നു വീണു; 76 മരണം
text_fieldsബൊഗോട്ട (കൊളംബിയ): ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്ബാള്‍ ക്ളബായ ചാപ്പെകോയന്‍സ് ടീമംഗങ്ങളടക്കം സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് 75 പേര്‍ മരിച്ചു. 72 യാത്രക്കാരും ഒമ്പത് ജീവനക്കാരുമടക്കം 81 പേര്‍ സഞ്ചരിച്ച വിമാനത്തില്‍നിന്ന് ആറുപേര്‍ രക്ഷപ്പെട്ടു. 25 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 22 ടീമംഗങ്ങളും 21 മാധ്യമപ്രവര്‍ത്തകരും ടീം ഒഫീഷ്യലുകളുമടക്കമുള്ളവര്‍ സഞ്ചരിച്ച പ്രത്യേക വിമാനം ബൊളീവിയയിലെ സാന്താക്രൂസില്‍നിന്ന് കൊളംബിയയിലെ മെഡലിനില്‍ ഇറങ്ങുന്നതിന് മുമ്പാണ് ദുരന്തം. ബ്രസീലിലെ സാവോപോളോയില്‍നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.35ന് പുറപ്പെട്ട വിമാനം സാന്താക്രൂസില്‍ ഇറങ്ങിയ ശേഷം മെഡലിനിലേക്ക് പറക്കുകയായിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി പത്തുമണിക്കാണ് (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 8.30) വിമാനം തകര്‍ന്നുവീണത്.
മെഡലിന്‍ വിമാനത്താവളത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ കെറോ ഗോര്‍ഡോ എന്ന പര്‍വതപ്രദേശത്താണ് ദുരന്തമുണ്ടായത്. അപകടകാരണം വ്യക്തമല്ളെങ്കിലും ഇന്ധനം തീര്‍ന്നതാണെന്ന് സൂചനയുണ്ട്. വൈദ്യുതിത്തകരാറുണ്ടെന്ന് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് സന്ദേശം കിട്ടിയ ശേഷം വിമാനത്തെക്കുറിച്ച് വിവരമില്ലായിരുന്നെന്ന് മെഡലിന്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞു. ബ്രിട്ടീഷ് ഏറോസ്പേസ് -146 വിമാനം ബൊളീവിയയിലെ ലാമിയ കമ്പനിയുടേതാണ്. ഏവിയേഷന്‍ അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് സാവോപോളോയില്‍നിന്ന് മെഡലിനിലേക്ക് നേരിട്ട് പറക്കാനിരുന്ന വിമാനം ബൊളീവിയ വഴി യാത്രതിരിച്ചത്. ഈ മാസം ആദ്യം നടന്ന ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അര്‍ജന്‍റീന ടീമും മുമ്പ് വെനിസ്വേല ടീമും സഞ്ചരിച്ചത് 1999ല്‍ നിര്‍മിച്ച ഇതേ വിമാനത്തിലായിരുന്നു.
തെക്കേ അമേരിക്കയിലെ രണ്ടാമത്തെ പ്രമുഖ ഇന്‍റര്‍ക്ളബ് ടൂര്‍ണമെന്‍റായ കോപ സുഡാമേരിക്കാനയുടെ ആദ്യപാദ ഫൈനലില്‍ കളിക്കാനാണ് ചാപ്പെകോയന്‍സ് ടീം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ യാത്രതിരിച്ചത്. കൊളംബിയന്‍ ടീമായ അത്ലറ്റികോ നാഷനലായിരുന്നു ബുധനാഴ്ച നടക്കേണ്ടിയിരുന്ന മത്സരത്തിലെ എതിരാളികള്‍. അപകടത്തെതുടര്‍ന്ന് ഫൈനല്‍ മാറ്റിവെച്ചു. പ്രതിരോധ താരം അലന്‍ റഷല്‍, ഗോള്‍കീപ്പര്‍ ജാക്സണ്‍ ഫോള്‍മാന്‍, ഫിസിയോതെറപ്പിസ്റ്റായ റാഫേല്‍ ഗൊബാട്ടോ എന്നിവരാണ് രക്ഷപ്പെട്ട ടീമംഗങ്ങള്‍. രണ്ട് മാധ്യമപ്രവര്‍ത്തകരും രക്ഷപ്പെട്ടു.
ഇവര്‍ ചികിത്സയിലാണ്. മറ്റൊരു ഗോള്‍കീപ്പറായ ഡാനിലോ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അപകടം അറിഞ്ഞയുടന്‍ കൊളംബിയന്‍ അധികൃതര്‍ അര്‍ധരാത്രി രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, കനത്തമഴ കാരണം പിന്നീട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. മലമ്പ്രദേശമായതിനാല്‍ ഹെലികോപ്ടറുകള്‍ വഴി രക്ഷാപ്രവത്തകര്‍ക്ക് സ്ഥലത്തത്തൊന്‍ പറ്റാത്തതും തിരിച്ചടിയായി. നേരം വെളുത്ത ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്ത് തുടങ്ങിയത്്. തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചിരുന്നില്ല. ദുരന്തത്തില്‍ ബ്രസീല്‍ പ്രസിഡന്‍റ് മൈക്കല്‍ ടെമര്‍ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.