ഫുട്ബാൾ ഇതിഹാസങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചില്ല; മോദിയെ വിമർശിച്ച് സുഭാഷ് ഭൗമിക്
text_fieldsകൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസങ്ങളായ പി.കെ. ബാനർജിയുടെയും ചുനി ഗോസാമിയുടെയും നിര്യാണത്തിൽ രാജ്യത്താകമാനമുള്ള കായിക പ്രേമികളെല്ലാം കണ്ണീർ പൊഴിച്ചു. എന്നാൽ പ്രമുഖരായ ആര് മരിച്ചാലും സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും മറ്റും അനുശോചനം അറിയിക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരുടെയും നിര്യാണ സമയത്ത് മൗനം പാലിച്ചതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഫോർവേഡും പ്രശസ്ത പരിശീലകനുമായ സുഭാഷ് ഭൗമിക് രംഗത്തെത്തി.
‘നമ്മുടെ രാജ്യത്തിൻെറ പ്രധാനമന്ത്രിക്ക് ഇന്ത്യൻ ഫുട്ബാളിലെ രണ്ട് മഹാൻമാരായ കളിക്കാർക്കായി ഒരു സെക്കൻഡ് സമയം പോലും മാറ്റിവെക്കാനായില്ല. ഒരു സന്ദേശമയക്കുകയോ ട്വീറ്റ് ചെയ്യുകയോ അദ്ദേഹം ചെയ്തില്ല. അദ്ദേഹത്തിനറിയുമോ എന്നെനിക്കറിയില്ല, നമ്മുടെ ദേശീയ ഗാനം ഇന്ത്യക്ക് പുറത്ത് ഒരുപാട് തവണ ഉയർന്ന് കേൾപ്പിച്ചതിൽ വലിയ പങ്കുവഹിച്ച രണ്ടുപേരായിരുന്നു അവർ’ ഭൗമിക് പറഞ്ഞു.
ഇരുതാരങ്ങൾളുടെയും ഓർമപുതുക്കാൻ ഈസ്റ്റ് ബംഗാൾ ഫേസ്ബുക്കിലൂടെ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഭൗമിക് പൊട്ടിത്തെറിച്ചത്. മുൻ ഇന്ത്യൻ താരങ്ങളായ ബെയ്ചുങ് ബൂട്ടിയ, ശ്യാം ഥാപ, അരുൺ ഘോഷ്, ഭൗമിക് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
‘എൻെറ മുഴുവൻ ഫുട്ബാൾ ജീവിതത്തിലും ഞാൻ പ്രദീപ് ദായോട് ഏറെ കടപ്പെട്ടിരിക്കുന്നു. എൻെറ മാതാപിതാക്കളാണ് എന്നെ ഈ ലോകത്തിലെത്തിച്ചത് എന്നാൽ അദ്ദേഹമാണ് എനിക്ക് വഴികാണിച്ചത്’ ഭൗമിക് ബാനർജിയെ ഓർത്തു. 1972ൽ മോഹൻ ബഗാൻ തഴഞ്ഞ ഭൗമികിനെ ഈസ്റ്റ് ബംഗാളിലെത്തിച്ച് മികവിൻെറ ഉന്നതിയിലേക്കെത്തിച്ചത് പി.കെ ബാനർജിയായിരുന്നു.
‘അദ്ദേഹം ഹോക്കിയും ടെന്നിസും ഒരേമികവിൽ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുറച്ച് കൂടി സമയം ടെന്നിസിനായി ചെലവഴിച്ചിരുന്നെങ്കിൽ അദ്ദേഹം ഡേവിസ് കപ്പ് കളിക്കുമായിരുന്നു’ ഭൗമിക് ഗോസാമിയെ അനുസ്മരിച്ചു. ഫുട്ബാളിനെ കൂടാതെ ബംഗാളിനായി രണ്ട് രഞ്ജി ട്രോഫി ഫൈനൽ കളിച്ച ഗോസാമി ഒന്നിൽ നായകനുമായിരുന്നു. 1967-68 സീസണിൽ സ്പോർടിങ് യൂനിയനായി കളിക്കുേമ്പാൾ ഇരുവർക്കുമെതിരെ പന്തുതട്ടാനായത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഏപ്രിൽ 20നാണ് പി.കെ. ബാനർജി മരിച്ചത്. ഏപ്രിൽ 30ന് ഹൃദയാഘാതം മൂലമായിരുന്നു ഗോസാമിയുടെ അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.