പെക്കർമാെൻറ വലിയ പിഴ; പോളണ്ടിെൻറയും
text_fieldsജപ്പാൻ ലോകകപ്പ് ചരിത്രത്തിലേക്ക് നടന്നുകയറിയപ്പോൾ കൊളംബിയയും അവരുടെ പരിശീലകൻ ഹോസെ പെക്കർമാനും സ്വയം വരുത്തിെവച്ച പിഴകൾക്കും തെറ്റായ തീരുമാനങ്ങൾക്കും വിലനൽകുകയായിരുന്നു. കഴിഞ്ഞ തവണ ഗ്രൂപ് റൗണ്ടിൽ ബ്ലൂ സമുറായികൾക്കെതിരെ നേടിയ തകർപ്പൻ ജയത്തിെൻറ (4-1) അമിത ആത്മവിശ്വാസം ചൊവ്വാഴ്ചയിലെ പെക്കർമാെൻറ ഗെയിംപ്ലാനിലും കണ്ടു. മത്സരഫലം ഒറ്റക്ക് തീരുമാനിക്കാൻ മികവുള്ള ഹാമിഷ് റോഡ്രിഗ്വസിനെ പുറത്തിരുത്തിക്കൊണ്ടായിരുന്നു ജപ്പാനെതിരെ ടീമിനെ അണിനിരത്തിയത്. വിശദീകരണമില്ലാത്ത ഒരു പിഴവായി അത് നിലനിൽക്കുകയും ചെയ്യും. ഒരേ ഫോർമേഷനിലായിരുന്നു ഇരു ടീമുകളും പോരാട്ടം തുടങ്ങിയത്. മൂന്നാം മിനിറ്റിൽ പാഞ്ഞുകയറിയ ഒസാക്കയുടെ ഒരു ലോബ് കൈകൊണ്ട് തടുത്തിട്ട കാർലോസ് സാഞ്ചസ് ഈ ലോകകപ്പിൽ ആദ്യ ഡയറക്ട് ചുവപ്പുകാർഡ് ചോദിച്ചു വാങ്ങിയതോെട കളിയുടെ ഗതിമാറി. പെനാൽറ്റി ഗോൾ വഴങ്ങി 10 പേരിൽ ചുരുങ്ങിയ കൊളംബിയ പ്രതിരോധത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കളി ജപ്പാെൻറ വഴിയിലായി.
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപിച്ച ആദ്യ ഏഷ്യൻ ടീം എന്ന ഖ്യാതി ബ്ലൂ സമുറായികൾക്കു നൽകിയത് ഹോസെ പെക്കർമാന് തന്ത്രത്തിൽ സംഭവിച്ച പിഴവുതന്നെയായിരുന്നു. എത്ര അമിതമായ ആത്മവിശ്വാസം കൈമുതലായിരുന്നാലും ഹാമിഷ് റോഡ്രിഗ്വസിനെപ്പോലെ പരിചയസമ്പന്നനായ ഒരാളെ പുറത്തിരുത്തിയതും ക്വഡ്രാഡയെ പെെട്ടന്ന് പിൻവലിച്ചതും ‘എെൻറ പിഴ, എെൻറ വലിയ പിഴ’ എന്ന് അദ്ദേഹത്തെക്കൊണ്ട് പലതവണ പറയിപ്പിച്ചേക്കും.
***
പോളണ്ടിനെതിരെ സെനഗാൾ നേടിയ വിജയം അവരുടെ 2002ലെ തേരോട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. െലവൻഡോവ്സ്കിയുടെ പോളണ്ടാണെന്നു കരുതാതെ തുടക്കം മുതൽ ആക്രമണ ഫുട്ബാൾ കെട്ടഴിച്ചുവിട്ടപ്പോൾ ബ്ലാഷിക്കോവ്സ്കിയുടെ നേതൃത്വത്തിൽ മാനെയെ പൂട്ടാനായിരുന്നു പോളണ്ട് ശ്രമിച്ചത്. എന്നാൽ, ദിയോഫും ഗിയെയും ഇദ്രീസ് നിയാങ്ങും കൂടി വശങ്ങൾ മാറി പന്തെത്തിച്ചപ്പോൾ പ്രശസ്തമായ പോളണ്ട് പിൻനിര പതറി. അത്തരം ഒരു വീഴ്ചയിലാണ് അവരുടെ ലെഫ്റ്റ് ബാക്ക് തിയാഗോ സിയോണക്കിെൻറ വക സെൽഫ് ഗോളിന് വഴിയൊരുക്കിയത്. ബയറൺ മ്യൂണിക്കിനുവേണ്ടി ഗോളടിച്ചുകൂട്ടി യൂറോപ്യൻ ഫുട്ബാളിലെ അനശ്വരനായ റോബർട്ട് ലെവൻഡോവ്സ്കിയെ അനങ്ങാനാകാതെ കൈകാര്യം ചെയ്ത സൈഫ് സനേയും വാഗും സെനഗാൾ വിജയത്തിൽ പ്രധാന പങ്കാളികളായി. ഇതിനിടയിൽ രണ്ടാം പിഴവ് മുതലെടുത്ത് ഇദ്രീസ് നിയാങ് പോളണ്ടിെൻറ ഒഴിഞ്ഞ പോസ്റ്റിൽ ഗോളടിച്ചു. ഗോളി ഷെസ്നി അഡ്വാൻസ് ചെയ്ത മുന്നിലെത്തിയപ്പോൾ ക്രിചോവെയ്ക് നൽകിയ ബാക്ക് പാസ് ചാടിവീണു പിടിച്ചെടുത്ത് ഒറ്റക്ക് ഓടി ഒഴിഞ്ഞ വലയിൽ കടത്തുക മാത്രമായിരുന്നു നിയാങ്ങിെൻറ നിയോഗം. മത്സരം അവസാനിക്കുംമുമ്പ് തെൻറ പിഴവിന് പ്രായശ്ചിത്തമായി ക്രിചോവെയ്ക് ഒരു ഗോൾ സെനഗാൾ വലയിലെത്തിെച്ചങ്കിലും സെനഗാൾ വിജയം ആഘോഷിച്ചുകഴിഞ്ഞിരുന്നു. പോളണ്ടിനും വിനയായത് അമിത ആത്മവിശ്വാസംതന്നെ.
***
ചാമ്പ്യന്മാരുടെ കളിയാണ് റഷ്യ കളിച്ചത്. സലാഹിെൻറ ഇൗജിപ്തിന് ഒരു പരിഗണനയും നൽകാതെയാണ് സോബിനും ചെറിഷേവും ജൂബയും ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. ഒന്നാം പകുതി മുഴുവൻ ശക്തമായ പ്രതിരോധനിര തീർത്ത ഈജിപ്ത് മുന്നേറ്റങ്ങളൊക്കെ തടയുകയും ചെയ്തു. പരിക്കിനും ചികിത്സക്കും ശേഷം തിരിച്ചെത്തിയ മുഹമ്മദ് സലാഹിന് റിഥം കണ്ടെത്താനും കഴിഞ്ഞില്ല. മാത്രമല്ല, ഒരു നിമിഷം അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ടാകും താൻ കളിക്കുന്ന ലിവർപൂൾ ടീം അല്ല തെൻറ ഈജിപ്ത് എന്ന്. അധിക നേരവും റഷ്യൻ നിരയിൽനിന്ന് സ്വയം പന്ത് തട്ടിയെടുത്തു മുന്നേറേണ്ട അവസ്ഥയുമുണ്ടായി. എന്നിട്ടും തുല്യശക്തികളുടെ ഏറ്റുമുട്ടലായി മാറിയ ഈ മത്സരത്തിെൻറ ഗതി റഷ്യക്ക് അനുകൂലമായതിനു കാരണം രണ്ടാംപകുതി തുടങ്ങിയ ഉടനെ മിസിരികളുടെ നായകൻ അഹമ്മദ് ഫതീഹ് റഷ്യക്കുവേണ്ടി നേടിയ സെൽഫ് ഗോളാണ്. അതോടെ ആവേശം വീണ്ടെടുത്ത ആതിഥേയർക്കുവേണ്ടി തുടർച്ചയായി ചെറിഷേവും ജൂബയും ഗോളുകൾ നേടിയപ്പോഴേക്കും ഈജിപ്തിെൻറ പ്രതീക്ഷകൾ ആസ്ഥാനത്തായി. എന്നിട്ടും സലാഹിെൻറ ഒറ്റപ്പെട്ട നീക്കങ്ങൾ റഷ്യൻ പ്രതിരോധത്തിൽ അശാന്തിയുടെ അലകളുണ്ടാക്കിയിരുന്നു. അങ്ങനെ ഒരു മുന്നേറ്റം പെനാൽറ്റിയിൽ അവസാനിക്കുന്ന ഫൗൾ ആയപ്പോൾ ഉരുക്കു ഞരമ്പുകളുള്ള സലാഹ് അതിമനോഹരമായി അത് അക്കിൻഫെയെഫീവിെൻറ വലയിലെത്തിച്ച് ലോകകപ്പിലും തെൻറ ഗോളടിമികവ് തെളിയിച്ചു. എത്ര പ്രശംസിച്ചാലും മതിവരാത്ത മികവും കെട്ടുറപ്പുമായിരുന്നു റഷ്യക്കാരുടെ പ്രതിരോധ-മധ്യനിരകൾക്കും മുന്നേറ്റനിരക്കും. ഈ രീതിയിൽ അവർ മുന്നേറുകയാണെങ്കിൽ ചുരുങ്ങിയത് സെമിവരെയെങ്കിലും കോച്ച് ചെക്കോസെവിെൻറ ടീമിനെ നമുക്ക് കാണാനായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.