Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്​ബാളി​െൻറ സ്വന്തം...

ഫുട്​ബാളി​െൻറ സ്വന്തം പൂള കാക്ക ഇനി ഒാർമ

text_fields
bookmark_border
ഫുട്​ബാളി​െൻറ സ്വന്തം പൂള കാക്ക ഇനി ഒാർമ
cancel

വേങ്ങര: കണ്ണമംഗലം കിളിനക്കോട് കാശ്മീർ ക്ലബ്​ മാനേജർ ഉത്തൻ കടവത്ത് അബ്​ദുറഹ്​മാൻ ഹാജി (പൂളക്കാക്ക-85) നിര്യാതനായി. മലബാറിലെ പന്തുകളി മൈതാനങ്ങളിലെ പഴയ ഫുട്​ബാൾ പ്രേമികളുടെ ആവേശമായിരുന്നു, എല്ലാവരും സ്നേഹപൂർവം ‘പൂളക്കാക്ക’ എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹം.

സെവൻസ് ഫുട്​ബാൾ മാമാങ്കങ്ങളിൽ കാശ്മീർ ക്ലബ്​ കിളിനക്കോട് എന്ന ടീമി​​​​െൻറ ഉടമയായിരുന്നു വേങ്ങര ടൗണിലെ പൂളക്കച്ചവടക്കാരൻ കൂടിയായിരുന്ന പൂളക്കാക്ക. ഭാര്യ: കദിയുമ്മ: മക്കൾ: ഇബ്രാഹിം (സൗദി), സൈതലവി, മുഹ്​യുദ്ദീൻ, അബ്​ദുറഊഫ്, കദീജ. മരുമക്കൾ: ഉമ്മർ, സുബൈദ, ആസ്യ, റജ്ന, ഹസീന. 

അന്തർദേശീയ താരങ്ങളെ വിളയിച്ച നാടൻ കർഷകൻ
മലപ്പുറം: ഫുട്ബാൾ കളിക്കാനോ പറഞ്ഞുകൊടുക്കാനോ അറിയാത്തൊരാൾ കാൽപ്പന്തുകളിയുടെ എല്ലാമായ ചരിത്രമുണ്ട് വേങ്ങര കിളിനക്കോട് ഗ്രാമത്തിന് പറയാൻ. പിൽക്കാലത്ത് ഇന്ത്യൻ ജഴ്സിയണിഞ്ഞ് അന്താരാഷ്​ട്ര മത്സരങ്ങളിൽ കളംവാണ ഒരുപിടി താരങ്ങളെ മൈതാനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത, ലുങ്കിയുടുത്ത് നീളൻ കുപ്പായമിട്ട് തലയിൽ തോർത്തുകൊണ്ട് അയഞ്ഞ കെട്ടുകെട്ടിയ തനി നാടൻ കർഷകൻ. ഇതിഹാസ തുല്യമായ ജീവിതത്തിന് ലോങ് വിസിൽ മുഴങ്ങുമ്പോൾ ഓർമയിലേക്ക് തിരിഞ്ഞുനടക്കുകയാണ് യു.കെ. അബ്​ദുറഹ്​മാൻ എന്ന പൂളക്കാക്ക. 

ഐ.എം. വിജയൻ, യു. ഷറഫലി, സി. ജാബിർ, ജോപോൾ അഞ്ചേരി, അൻസിൽ ഡിസിൽവ... എന്നിങ്ങനെ പൂളക്കാക്കയുടെ താരനിര നീളുകയാണ്. ഒരിക്കൽ തൃശൂരിൽ കപ്പക്കച്ചവടത്തിന് പോയപ്പോൾ മുനിസിപ്പൽ മൈതാനത്ത് പന്തുകൊണ്ട് മാജിക് കളിക്കുന്നു കറുത്ത് മെലിഞ്ഞ പയ്യൻ. അവനെ കൊണ്ടുവന്നത്​ ത​​െൻറ ഉടമസ്ഥതയിലുള്ള കിളിനക്കോട് കാശ്മീർ ക്ലബിന് വേണ്ടി. പയ്യ​​െൻറ രൂപം കണ്ട് ആളുകൾ കൂവുകയും പൂളക്കാക്കയെ കളിയാക്കുന്നുമുണ്ടായിരുന്നു. റഫറി ടച്ചിങ് വിസിൽ മുഴക്കി. അവൻ എതിർപോസ്​റ്റിൽ ഗോൾമഴ വർഷിപ്പിച്ചപ്പോൾ കാശ്മീർ ക്ലബ്​ എന്ന നാട്ടുസംഘം അട്ടിമറിച്ചത് സെവൻസ് ഫുട്ബാളിലെ രാജാക്കന്മാരായ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ. പയ്യൻ പിന്നീട് വളർന്ന് ഐ.എം. വിജയ​െനന്ന അന്തർദേശീയ താരമായി. തുടക്കകാലത്ത് ഷറഫലിയെ ഏറ്റവുമധികം കളിപ്പിച്ചത് കാശ്മീർ ക്ലബും പൂളക്കാക്കയുമാണ്. 
 

യു.കെ. അബ്​ദുറഹ്​മാൻ എന്ന പൂളക്കാക്ക സെവൻസ് ഗാലറിയിൽ (ഫയൽ ചിത്രം)
 


വയനാട്ടിൽ നാടൻ പണിയെടുത്ത് കഴിയവെ വോളിബാളിനോടായിരുന്നു കമ്പം. താമരശ്ശേരിയിൽ നടന്ന വോളിബാൾ ടൂർണമ​െൻറിൽ അബ്​ദുറഹ്​​മാനും സുഹൃത്തുക്കളും ഒരു ടീമിനെയിറക്കിയിരുന്നു. അതോടെ കിളിനക്കോട്ടെ ചെറിയ സ്ഥലമായ കാശ്മീരിൽ അബ്​ദുറഹ്​മാന് വലിയ പേരായി. നാട്ടുകാരുടെ സ്നേഹോപദേശത്തി​െൻറ ഫലമായാണ് കിളിനക്കോട് കാശ്മീർ ക്ലബ്​ പിറന്നത്. ടീമുടമ ഉത്തൻകടവകത്ത് അബ്​ദുറഹ്​മാൻ അങ്ങനെ ഫുട്ബാൾ പ്രേമികൾക്കിടയിൽ പൂളക്കാക്കയായി. മരച്ചീനി കച്ചവടത്തിന് കേരളത്തി​​െൻറ പല ഭാഗങ്ങളിലും സഞ്ചരിക്കവെ ക്ലബിലേക്ക് കളിക്കാരെയും കണ്ടുവെച്ചു. കാശ്മീർ ക്ലബ്​ സെവൻസിലെ നിറസാന്നിധ്യമായി. 

ഏതാനും വർഷംമുമ്പ് പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് മുറിവ് ഭേദമാകാത്തതിനാൽ പൂളക്കാക്കയുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റിയിരുന്നു. അതോടെ, ഫുട്ബാളുമായുള്ള ത​​െൻറ ബന്ധം അറ്റുപോയതായി അദ്ദേഹം സങ്കടപ്പെട്ടു. മൈതാനങ്ങളിൽനിന്ന്​ മൈതാനങ്ങളിലേക്ക് വിശ്രമമില്ലാതെ ഓടിനടന്നിരുന്ന അദ്ദേഹം വീൽചെയറിൽ വീടി​െൻറ നാല് ചുമരുകൾക്കുള്ളിലൊതുങ്ങി. കാശ്മീർ ക്ലബ് ഫുട്ബാൾ കമ്പക്കാർ ഏറ്റെടുത്തു. സി. ജാബിറുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു പൂളക്കാക്കക്ക്. 2016 നവംബറിലാണ് അവസാനമായി ഇരുവരും കണ്ടത്. രണ്ടാഴ്ച കഴിഞ്ഞ് കൊണ്ടോട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിൽ ജാബിർ മരിച്ചു. കാലിലെ കളിയും യൗവനവും തീരുംമുമ്പെ ജാബിർ പോയത് ആ വയോധികനെ ഏറെ തളർത്തിയിരുന്നു. ഒന്നര വർഷത്തിന് ശേഷം പൂളക്കാക്കയും.


 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballdeathmalabarmalayalam newssports newspoola kaka
News Summary - poola kaka death- Sports news
Next Story