പ്രീമിയർ ലീഗ്: ടോട്ടൻഹാമിന് തോൽവി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരിൽ വിജയവുമായി ലിവർപൂൾ അജയ്യരാ യി തുടരുന്നു. ടോട്ടൻഹാം ഹോട്സ്പറിനെ 2-1ന് കീഴടക്കിയ യുർഗൻ ക്ലോപ്പിെൻറ കുട്ടികൾ അഞ്ചു കളികളിൽ അഞ്ചു വിജയവുമായി പോയൻറ് പട്ടികയിൽ മുന്നിലെത്തി.
ടോട്ടൻഹാമിെൻറ താൽക്കാലിക ഹോംഗ്രൗണ്ടായ വെംബ്ലിയിൽ നടന്ന കളിയിൽ ഇരുപകുതികളിലുമായി ജിയോർജിയോ വെയ്നാൾഡും (39), റോബർേട്ടാ ഫിർമീന്യോ (54) എന്നിവരാണ് ലിവർപൂളിന് വിജയമൊരുക്കിയത്. ഇഞ്ച്വറി സമയത്ത് (90+3) എറിക് ലമേല നേടിയ ഗോളിൽ ടോട്ടൻഹാം പരാജയഭാരം കുറച്ചു. അഞ്ചു മത്സരങ്ങളിൽ ലിവർപൂളിന് 15ഉം ടോട്ടൻഹാമിന് ഒമ്പതും പോയൻറാണുള്ളത്.
അതിവേഗ പ്രത്യാക്രമണങ്ങളുമായി ടോട്ടൻഹാം ഡിഫൻസിെൻറ ഉറക്കം കെടുത്തിയ മുൻനിരയുടെ കരുത്തിൽ ലിവർപൂളിനായിരുന്നു മത്സരത്തിലുടനീളം ആധിപത്യം. മുഹമ്മദ് സലാഹും സാദിയോ മനെയും ഫിർമീന്യോയുമടങ്ങിയ ലിവർപൂൾ മുന്നേറ്റനിര മികച്ച ഫോമിലായിരുന്നു. കളി തുടങ്ങി ഒരു മിനിറ്റാവും മുമ്പ് തന്നെ ലിവർപൂൾ എതിർനിരയിൽ പന്തെത്തിച്ചിരുന്നു. വലതുവിങ്ങിൽനിന്ന് ജെയിംസ് മിൽനർ നൽകിയ ക്രോസ് ഫിർമീന്യോ തിരിച്ചുവിട്ടത് ടോട്ടൻഹാം ഗോളി മൈക്കൽ വോമിനെ മറികടന്ന് വലയിൽ കയറിയെങ്കിലും ഇടക്ക് ഒാഫ്സൈഡ് പൊസിഷനിലുണ്ടായിരുന്ന മനെ കാൽനീട്ടിയത് തിരിച്ചടിയായി.
പിന്നാലെ, സലാഹിെൻറ പൊള്ളുന്ന ഷോട്ട് തട്ടിയകറ്റിയ വോമിന് പക്ഷേ, ഇടവേളക്ക് ആറു മിനിറ്റ് മുമ്പ് പിഴച്ചു. കോർണറിൽ പന്ത് പഞ്ച് ചെയ്യുന്നതിൽ വോം വരുത്തിയ അബദ്ധം മുതലെടുത്ത് വെയ്നാൾഡും ഹെഡ് ചെയ്ത പന്ത് തട്ടിയകറ്റാൻ വീണ്ടും ശ്രമിച്ചെങ്കിലും പന്ത് ഗോൾവര കടന്നതായി റഫറിയുടെ വാച്ചിൽ തെളിഞ്ഞു. പരിക്കേറ്റ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിന് പകരമാണ് വോം ഗ്ലൗസണിഞ്ഞത്.
ഇടവേളക്കുശേഷം ടോട്ടൻഹാം വിങ്ങർ ലൂകാസ് മൗറ ഗോളിനടുത്തെത്തിയെങ്കിലും പോസ്റ്റ് തടസ്സമായി. പിറകെ, വോമിെൻറ പിഴവ് വീണ്ടും ഗോൾ വഴങ്ങാൻ കാരണമായി. മനെയുടെ ക്രോസ് യാൻ വെർേട്ടാൻഗൻ ഒഴിവാക്കാൻ ശ്രമിച്ചത് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ പിടിച്ചെടുക്കാൻ വോമിനായില്ല. പന്ത് കിട്ടിയ ഫിർമീന്യോ അനായാസം ലക്ഷ്യംകണ്ടു. വിജയം ഉറപ്പിച്ച ലിവർപൂളിെൻറ അലസത മുതലെടുത്ത് അവസാന നിമിഷത്തിൽ പകരക്കാരൻ ലമേലയാണ് ടോട്ടൻഹാമിെൻറ ആശ്വാസ ഗോൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.