ഫ്രാൻസിൽ പി.എസ്.ജിയെ വെല്ലാൻ ആര്; ലീഗ് കപ്പും സ്വന്തം
text_fieldsപാരിസ്: ഫ്രാൻസിൽ അപ്രമാദിത്വം തുടർന്ന് പാരിസ് സെൻറ് ജെർമെയ്ൻ. നേരത്തെ ലീഗ് വണും ഫ്രഞ്ച് കപ്പും സ്വന്തമാക്കിയ പി.എസ്.ജി ഫ്രഞ്ച് ലീഗ് കപ്പിലും കിരീടം ചൂടിയാണ് സീസണിലെ മൂന്നാം കിരീടത്തിൽ മുത്തമിട്ടത്.
ഒളിമ്പിക് ലിയോണിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5നാണ് കീഴടക്കിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും 0-0ത്തിന് തുല്യത പാലിച്ചു. പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാെപ്പ ഇല്ലാതെ ഇറങ്ങിയ പി.എസ്.ജിക്ക് ലഭിച്ച ഗോളവസരങ്ങൾ മുതലാക്കാനായില്ല.
പി.എസ്.ജിക്കായി പെനാൽറ്റി കിക്കെടുത്ത എയ്ഞ്ചൽ ഡിമരിയ, മാർകോ വെറെട്ടി, ലിയാൻഡ്രോ പരഡെസ്, സറാബിയ, ആൻഡെർ ഹെരേര, നെയ്മർ, പാബ്ലോ സറാബിയ എന്നിവർ ലക്ഷ്യം കണ്ടു.
ലിയോണിെൻറ ബെർ ട്രാൻഡ് ട്രയോരയുടെ കിക്ക് തടുത്തിട്ട കെയ്ലർ നവാസാണ് പി.എസ്.ജിയുടെ ഹീറോ. 119ാം മിനിറ്റിൽ ഡിമരിയയെ ഫൗൾ ചെയ്ത ലിയോൺ താരം റാഫേൽ ഡിസൽവക്ക് റഫറി ചുവപ്പ് കാർഡ് സമ്മാനിച്ചു.
മികച്ച സേവുകളുമായി കളം നിറഞ്ഞു നിന്ന ലിയോൺ ഗോൾകീപ്പർ ആൻറണി ലോപസാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. നെയ്മറിെൻറ മൂന്ന് ഷോട്ടുകളും ഡിമരിയ, ഇദ്രീസ ഗ്വിയെ എന്നിവരുടെ ശ്രമങ്ങളും ലോപസ് നിഷ്ഫലമാക്കി.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഇത് നാലാം തവണയാണ് ഫ്രാൻസിൽ പി.എസ്.ജി ട്രിപ്ൾ തികക്കുന്നത്. പി.എസ്.ജിയുടെ ഒമ്പതാമത്തെയും കഴിഞ്ഞ എട്ട് വർഷത്തിനിടെ നേടുന്ന ഏഴാമത്തെയും ലീഗ് കപ്പ് കിരീടമാണിത്.
ഫ്രഞ്ച് ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലിയോണിന് ഇതോടെ 1993ന് ശേഷം ആദ്യമായി യൂറോപ്പ ലീഗിന് യോഗ്യത നേടാനാകാതെ പോയി.
നിലവിൽ ഫ്രാൻസിൽ പി.എസ്.ജിക്ക് എതിരാളികൾ ഇല്ലെന്നതാണ് സമീപകാലത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഫ്രഞ്ച് കപ്പ് ഫൈനലിൽ സെൻറ് എറ്റിയന്നയെ 1-0ത്തിന് പി.എസ്.ജി കീഴടക്കിയിരുന്നു.
ആഗസ്റ്റ് 12ന് പോർചുഗലിലെ ലിസ്ബണിൽ അത്ലാൻറക്കെതിരെ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലാണ് ഇനി പി.എസ്.ജിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.