ക്ലാസിക് രാവ്
text_fieldsമഡ്രിഡ്: കാത്തുകാത്തിരുന്ന പോരാട്ട രാവ് ഇന്ന്. ഫുട്ബാൾ ലോകം രണ്ടു ചേരിയായി തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മഡ്രിഡിനും ലയണൽ മെസ്സിയുടെ ബാഴ്സലോണക്കുമായി പക്ഷംപിടിക്കുന്ന മണിക്കൂറുകൾ. ലോകഫുട്ബാളിലെ ഏറ്റവും വീറുറ്റ വൈരത്തിെൻറ കഥപറയുന്ന സ്പാനിഷ് എൽക്ലാസികോയുടെ 233ാം പോരിന് മഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂ ഇന്നുണരും. ഇന്ത്യൻ സമയം, അർധരാത്രി 12.15 മുതലാണ് കളി.
കിരീടനിർണയം
ഇക്കുറി എൽക്ലാസികോക്ക് പതിവിലേറെ വീറും വാശിയുമുണ്ട്. ലാ ലിഗയിൽ കിരീടപ്പോരാട്ടത്തിെല അതിനിർണായക മത്സരമെന്ന സവിശേഷത. 31 കളിയിൽ 75 പോയൻറുമായി ഒന്നാം സ്ഥാനത്താണ് റയൽ മഡ്രിഡ്. തൊട്ടുപിന്നിലുള്ള ബാഴ്സലോണക്ക് 32 കളിയിൽ 72 േപായൻറ്. ജയം തുടർന്നാൽ, റയൽ മഡ്രിഡിന് ആറു പോയൻറ് ലീഡുമായി മുന്നേറാം. എന്നാൽ, മറിച്ച് സംഭവിച്ചാൽ ബാഴ്സയും റയലും ഒപ്പത്തിനൊപ്പമാവും. ഇതോടെ, ലാ ലിഗയിലെ അങ്കം മുറുകുമെന്നുറപ്പ്. നൂകാംപിൽ നടന്ന സീസണിലെ ആദ്യ എൽക്ലാസികോയിൽ 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
മുറിവേറ്റ ബാഴ്സ; ഗർജനത്തോടെ റയൽ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഒരു ഗോൾപോലും നേടാതെ നാണംകെട്ട് കീഴടങ്ങിയ ബാഴ്സലോണ തലയും താഴ്ത്തിയാണ് മഡ്രിഡിലെത്തുന്നത്. ലാ ലിഗ കിരീടത്തിന് മാത്രമല്ല, ലോകമെങ്ങുമുള്ള ആരാധകരുടെ മാനംകാക്കാനും എൽക്ലാസികോയിലെ ജയം നിർണായകമാണ്. തുടർച്ചയായ തോൽവികളും കളിക്കളത്തിലെ വീഴ്ചകളുമെല്ലാം ബാഴ്സലോണക്കും കോച്ച് എൻറിക്വെക്കും തലവേദനയാവുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ രണ്ടു മത്സരങ്ങളിലായി കളിച്ചിട്ടും യുവൻറസിെൻറ വല ഒരു തവണപോലും എം-എസ്-എൻ ത്രയത്തിന് ഇളക്കാൻ കഴിഞ്ഞില്ല. പ്രതിരോധത്തിലെ പിഴവുകളും തുറന്നുകാട്ടപ്പെട്ടു. ജോർഡി ആൽബ-ഉമിറ്റിറ്റി, ജെറാഡ് പിക്വെ, സെർജിയോ റോബർേട്ടാ എന്നിവരടങ്ങിയ ഒന്നാം നിര പ്രതിരോധം പ്ലെയിങ് ഇലവനിൽ ഇറങ്ങുമെങ്കിലും ഇവരുടെ ചോർച്ചകൾ അടക്കാനായിട്ടില്ല. സബ്സ്റ്റിറ്റ്യൂഷനുപോലും ഡിഫൻഡർമാരില്ലെന്നത് അടുത്ത പ്രശ്നവും സൃഷ്ടിക്കുന്നു.
അതേസമയം, ഇൗയൊരു മത്സരത്തിനായുള്ള കാത്തിരിപ്പിലായിരുന്നു റയൽ. ഇതിനിടയിൽ, ബയേൺ മ്യൂണികിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലും മഡ്രിഡ് ഡെർബിയും അടക്കമുള്ള വൻ പോരാട്ടങ്ങൾ തലയെടുപ്പോടെ നീന്തിക്കയറിയ റയൽ മഡ്രിഡിന് നിലവിലെ ഫോമിൽ എൽക്ലാസികോ ഒരു വെല്ലുവിളിയേ അല്ല. ബയേൺ മ്യൂണികിനെ 6-3ന് തോൽപിച്ചപ്പോൾ, അത്ലറ്റികോ മഡ്രിഡിനെ 1-1ന് സമനിലയിൽ തളച്ചു. വൻ പോരാട്ടങ്ങൾക്കിടെ സ്പോർട്ടിങ് ജിയോണിനെതിരെ രണ്ടാം നിരയെ കളിപ്പിച്ച് നേടിയ വിജയംകൂടി ചേർക്കുേമ്പാൾ റയലിെൻറ മുൻനിരയും ബെഞ്ചും ഒരുപോലെ ശക്തമാണ്. സിനദിൻ സിദാെൻറ ഗെയിംപ്ലാനിെൻറ കരുത്തും ഇതുതന്നെ. ഗാരെത് ബെയ്ൽ കൂടി തിരിച്ചെത്തുന്നതോടെ ‘ബി.ബി.സി’ അറ്റാക്ക് സജ്ജമായി. എങ്കിലും അമിതാവേശമില്ലാതെയാവും കളത്തിലിറങ്ങുകയെന്ന് സിനദിൻ സിദാൻ വ്യക്തമാക്കി. ബാഴ്സയെ തോൽപിച്ചാൽ കിരീടം ഉറപ്പിച്ചുവെന്ന് വിശ്വസിക്കേണ്ടെന്നും ഇനിയും മുന്നേറാനുണ്ടെന്നും കോച്ച് ഒാർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.