റയൽ മാഡ്രിഡും ബയൺ മ്യൂണിക്കും ചാമ്പ്യൻസ് ലീഗ് സെമിയിൽ
text_fieldsമഡ്രിഡ്: സാൻഡിയാഗോ ബെർണബ്യൂവിലെ ആ രാത്രി യുവൻറസ് ഒരിക്കലും മറക്കാനിടയില്ല. ചാമ്പ്യൻസ് ലീഗ് സെമിയിലേക്കുള്ള ഉയിർത്തെഴുന്നേൽപിന് തടയിട്ട് 93ാം മിനിറ്റിൽ റയൽ മഡ്രിഡിനായി റഫറി െപനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയതോടെ എല്ലാം നഷ്ടമായെന്ന് യുവൻറസ് ഉറപ്പിച്ചു. കാരണം, കിക്കെടുക്കാൻ പോവുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ തടയാൻ ചുവപ്പുകാർഡുമായി കയറിയ ഗിയാൻലുയിഗി ബുഫണിന് പകരക്കാരനായ വോചെക്ക് ഷെസനിയുടെ മികവ് മതിയാവില്ലെന്നുറപ്പായിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു. രണ്ടാംപാദം 3-1ന് തോറ്റിട്ടും അഗ്രഗേറ്റ് സ്കോറിെൻറ (4-3) മികവിൽ നിലവിലെ ചാമ്പ്യന്മാർ സെമിയിലേക്ക്. സെവിയ്യയോട് ഗോൾരഹിത സമനില വഴങ്ങിയ ബയേൺ മ്യൂണിക് ആദ്യപാദത്തിലെ 2-1 ജയത്തിെൻറ മികവിലാണ് അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്.
എതിരാളികളുടെ തട്ടകത്തിൽ മൂന്നു ഗോളുകൾ നേടി തിരിച്ചുവന്നിട്ടും ഇഞ്ചുറി സമയത്തെ പെനാൽറ്റി ഗോളിൽ തോറ്റ യുവൻറസ് തലയുയർത്തിത്തന്നെയാണ് മടങ്ങിയത്. സമ്മർദ സമയത്ത് തെൻറ കാലുകൾ പിഴവ് വരുത്തില്ലെന്ന് തെളിയിച്ച് നിർണായക കിക്ക് വലയിലെത്തിച്ച റൊണാൾഡോ തന്നെയായിരുന്നു റയലിെൻറ ഹീറോ. റഫറിയുടെ പെനാൽറ്റി തീരുമാനത്തിൽ പ്രതിഷേധിച്ച ബുഫണിന് ചുവപ്പു കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നതും യുവെക്ക് തിരിച്ചടിയായി.
കൈയടിക്കണം
യുവൻറസിന്
ബാഴ്സലോണക്കെതിരെ എ.എസ്. റോമ തിരിച്ചുവന്നതിെൻറ പ്രചോദനത്തിലായിരിക്കണം സാൻഡിയാഗോ ബെർണബ്യൂവിൽ യുവൻറസ് പന്തുതട്ടിയത്. സ്വന്തം മുറ്റത്ത് 3-0ത്തിന് തോറ്റിരിക്കുന്ന ഒരു ടീം എതിർ തട്ടകത്തിൽ ഒരു തിരിച്ചുവരവ് ഫുട്ബാൾ ലോകം ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. റയലിെൻറ താരനിരകളെ കാഴ്ച്ചക്കാരാക്കി യുവൻറസ് അരങ്ങുതകർത്തത് തീർത്തും അത്ഭുതംതന്നെ.
76ാം സെക്കൻഡിൽ തന്നെ റയലിെൻറ വലയിൽ പന്തെത്തിച്ച് തിരിച്ചുവരവിെൻറ സൂചന നൽകിയാണ് യുവൻറസ് തുടങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ സ്വന്തം തട്ടകത്തിൽ റയൽ വഴങ്ങുന്ന അതിവേഗ ഗോൾ. സാമി ഖെദീരയുടെ ക്രോസ് മാരിയോ മൻസൂക്കിച്ച് ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിടുേമ്പാൾ മാർക്ക് ചെയ്യാൻ റയലിെൻറ ഒരു ഡിഫൻഡറും ഉണ്ടായിരുന്നില്ല. സെർജിയോ റാമോസിെൻറ വിടവ് നന്നായി അനുഭവപ്പെട്ട നിമിഷം. 37ാം മിനിറ്റിൽ ഹെഡറിൽ തന്നെ മൻസൂക്കിച്ച് രണ്ടാം േഗാളും നേടിയപ്പോൾ റയൽ വീണ്ടും ഞെട്ടി. 60ാം മിനിറ്റിൽ ഗോളി കെയ്ലർ നാവാസിെൻറ പിഴവിൽ ബ്ലെയ്സ് മറ്റ്യൂഡിയിലൂടെ മൂന്നാം ഗോളും യുവൻറസ് അടിച്ചതോടെ റയൽ ആരാധകർ ശരിക്കും തലയിൽ കൈവെച്ചു.
കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ചിരിക്കെയാണ് നാടകീയത അരങ്ങേറിത്. 93ാം മിനിറ്റിൽ ക്രിസ്റ്റ്യനോയുടെ ഹെഡർ പാസ് ഗോളിലേക്ക് തട്ടിയിടാൻ ശ്രമിച്ച വാസ്ക്വസിനെ മെഹ്ദി ബെനാസിയ ഫൗൾ ചെയ്തതിന് റഫറി മൈക്കൽ ഒലിവർ പെനാൽറ്റി വിധിക്കുകയായിരുന്നു.
റഫറിയുടെ തീരുമാനത്തിൽ ക്ഷുഭിതനായ ബുഫണിന് മാർച്ചിങ് ഒാർഡർ. പിന്നെ േലാകം മുഴുവൻ ഉറ്റുനോക്കിയത് റൊണാൾഡോയുടെ ബൂട്ടുകളിലേക്കായിരുന്നു. സമ്മർദത്തിെൻറ മുൾമുനയിലും ബുള്ളറ്റ് ഷോട്ടിൽ ക്രിസ്റ്റ്യാനോ വലതുളച്ചു. 4-3െൻറ ജയത്തോടെ റയൽ സെമിയിൽ.
സമനിലയിലും ജയിച്ചുകയറി ബയേൺ
എതിർ തട്ടകത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ ജർമൻ കരുത്തരെ തടയിട്ട സെവിയ്യക്ക് അഭിമാനത്തോടെ മടങ്ങാം. രണ്ടാംപാദം ഗോൾരഹിത സമനിലയിലായതോടെ സെവിയ്യയുടെ തട്ടകത്തിെല 2-1െൻറ ജയത്തിെൻറ കരുത്തിൽ ബയേൺ മ്യൂണിക് അവസാന നാലിൽ ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.