യുണൈറ്റഡിനോട് തോറ്റ് റയൽ; ബാഴ്സലോണ തകർത്ത് റോമ
text_fieldsന്യൂയോർക്: ഇൻറർനാഷനൽ ചാമ്പ്യൻസ്കപ്പിൽ സ്പാനിഷ് വമ്പന്മാർക്ക് തോൽവി. റയൽ മഡ്രിഡിനെ 2-1ന് മാഞ്ചസ്റ്റർ യുനൈറ്റഡ് തോൽപിച്ചപ്പോൾ, ബാഴ്സലോണയെ എ.എസ്. റോമ 4-2ന് തകർത്തുവിട്ടു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനുശേഷം ആദ്യ മത്സരത്തിനിറങ്ങിയ റയലിനെ മാഞ്ചസ്റ്റർ യുനൈറ്റഡ് പൂർണ ആധിപത്യത്തോടെയാണ് തോൽപിച്ചത്. ബ്രസീൽ കൗമാര താരം വിനീഷ്യസ് ജൂനിയർ ആദ്യ ഇലവനിൽ ഉൾപ്പെട്ട മത്സരത്തിൽ 18ാം മിനിറ്റിൽ തന്നെ റയൽ ഗോൾ വഴങ്ങി. ഗണ്ണേഴ്സിൽനിന്ന് കഴിഞ്ഞ സീസണിൽ ക്ലബിലെത്തിയ അലക്സിസ് സാഞ്ചസാണ് ഗംഭീര ഫിനിഷിങ്ങിലൂടെ യുനൈറ്റഡിനെ മുന്നിലെത്തിച്ചത്. വിങ്ങർ മാറ്റിയോ ഡാർമിെൻറ ക്രോസാണ് ഗോളിലേക്ക് വഴിയൊരുക്കുന്നത്.
പിന്നാലെ 27ാം മിനിറ്റിൽ സാഞ്ചസിെൻറ പാസിൽ തന്നെ ആൻഡർ ഹെരേരയും വല കുലുക്കിയതോടെ റയൽ അപകടം മണത്തു. കരീം ബെൻസേമയും ഗാരത് ബെയ്ലും മാർകോസ് ലോറെെൻറയും ചേർന്ന് നടത്തിയ കൗണ്ടർ അറ്റാക്കുകളൊന്നും ഫലം കണ്ടില്ല. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കെ, തിയോ ഹെർണാണ്ടസ് നൽകിയ ഒന്നാന്താരം പാസിൽ കരീം ബെൻസേമ(45) ഗോൾ നേടിയപ്പോൾ, റയൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല. ഇസ്കോ, ക്രൂസ്, നാച്ചോ തുടങ്ങി സീനിയർ താരങ്ങളെ കോച്ച് യൂലിയൻ ലോപ്പറ്റ്ഗുയി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല.
തങ്ങൾ സ്വന്തമാക്കാനാഗ്രഹിച്ച മാൽക്കമിനെ തട്ടിയെടുത്തതിനുള്ള കണക്കുതീർക്കലായിരുന്നു ബാഴ്സക്കെതിരെ റോമയുടേത്. ആറാം മിനിറ്റിൽ തന്നെ ബ്രസീൽ താരം റഫീന്യയുടെ ഗോളിൽ ബാഴ്സ മുന്നിലെത്തി. എന്നാൽ, 35ാം മിനിറ്റിൽ സ്റ്റീഫൻ അൽഷറാവിയുടെ ഗോളിൽ റോമ സമനില പിടിച്ചു. മത്സരത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്ന മാൽകം (49) തന്നെ രണ്ടാം പകുതി സ്കോർ ചെയ്തതോടെ ബാഴ്സ വീണ്ടും മുന്നിലെത്തി. പിന്നീടെല്ലാം അപ്രതീക്ഷിതമായിരുന്നു. എട്ടു മിനിറ്റിനിടെ മൂന്നു ഗോളുകൾ നേടി റോമ ബാഴ്സയുടെ കഥ കഴിച്ചു. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം എ.സി മിലാനെ 1-0ന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.