തുടരെ എട്ടാം കിരീടം, ചരിത്രനേട്ടത്തിലേക്ക് വല കുലുക്കി ബയേൺ
text_fieldsമ്യൂണിക്: തുടരെ എട്ടുതവണ ബുണ്ടെസ്ലിഗ കിരീടത്തിലേക്ക് വല കുലുക്കി ബയേൺ മ്യൂണികിെൻറ ചരിത്രനേട്ടം. ആദ്യപകുതിയിൽ സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിൽ വെർഡർ ബ്രമെൻറ കടുത്ത വെല്ലുവിളി 1-0ത്തിന് അതിജീവിച്ചാണ് ചെമ്പട ജർമൻ ഫുട്ബാളിെൻറ രാജകിരീടത്തിലേക്ക് വീണ്ടും ആധികാരികതയോടെ നടന്നുകയറിയത്. ഇൗ ജയത്തോടെ 32 കളികളിൽ 76 പോയൻറ് നേടിയ ബയേൺ ഒന്നാം സ്ഥാനത്ത് അനിഷേധ്യമായ പത്തു പോയൻറിെൻറ ലീഡുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്മുണ്ടിന് 31 കളികളിൽ 66 പോയൻറാണുള്ളത്. ലീഗിൽ മൂന്നു മത്സരം ബാക്കിയുള്ള ഡോർട്മുണ്ട് മൂന്നിലും ജയിച്ചാലും ബയേണിനൊപ്പമെത്താനാവില്ല. 62 പോയൻറുമായി ലൈപ്സിഷാണ് മൂന്നാം സ്ഥാനത്ത്.
കൊറോണ മഹാമാരിക്കു നടുവിൽ പുനരാരംഭിച്ച ലീഗിൽ തങ്ങളുടെ അപ്രമാദിത്വം അടിയറവെക്കാതെയാണ് ബയേണിെൻറ വിജയഭേരി. 2013ൽ കിരീടത്തിലേറിയ ശേഷം ബുണ്ടസ്ലീഗ കിരീടം മ്യൂണിക്കുകാർ മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. കോവിഡ് 19 കാരണം കാണികൾക്ക് പ്രവേശനമില്ലാത്ത സ്േറ്റഡിയത്തിലായിരുന്നു ബയേൺ കളിക്കാരുടെ ആഹ്ലാദാരവങ്ങൾ.
വെർഡർ ബ്രമെൻറ തട്ടകമായ വെസെർസ്റ്റേഡിയോണിൽ ചാറ്റൽ മഴക്കിടയിൽ പന്തുരുണ്ടു തുടങ്ങിയ കളിയിൽ വ്യക്തമായ മേധാവിത്വം സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും ജയത്തിലേക്ക് വല കുലുക്കാനുള്ള ഊർജം ചാമ്പ്യൻ ടീമിന് വേണ്ടുവോളമുണ്ടായിരുന്നു. ഇടവേളക്ക് തൊട്ടുമുമ്പ് ജെറോം ബോട്ടെങ്ങിെൻറ അളന്നുകുറിച്ച പാസ് ഓഫ്സൈഡ് ട്രപ് പൊട്ടിച്ച് സ്വീകരിച്ച് ബോക്സിനുള്ളിൽ കയറി ലെവൻഡോവ്സ്കി തൊടുത്ത േപ്ലസിങ് ഷോട്ട് തടയാൻ ബ്രമൻ ഗോളിക്കായില്ല. സീസണിൽ പോളണ്ട് താരത്തിെൻറ 31ാം ഗോളായിരുന്നു അത്. ഒരു മത്സരത്തിലെ സസ്പെൻഷനുശേഷം ബ്രമനെതിരെ കളത്തിലിറങ്ങിയ ലെവൻഡോവ്സ്കിക്ക് മത്സരത്തിൽ പിന്നീട് ഉറച്ച പല അവസരങ്ങളും ലഭിച്ചെങ്കിലും ലീഡുയർത്താനായില്ല. 1972ൽ ഗെർഡ് മ്യൂളർ സ്ഥാപിച്ച സീസണിൽ 40 ഗോളുകളെന്ന റെക്കോർഡ് മറികടക്കാൻ ലെവൻേഡാവ്സ്കി ഇനിയും ഗോളുകൾ അടിച്ചുകൂട്ടണം.
അൽഫോൻസോ ഡേവീസ് ചുകപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ബയേണിനെതിരെ അവസാന പത്തുമിനിറ്റിൽ ബ്രമൻ മൂർച്ചയുള്ള മുന്നേറ്റങ്ങളുമായി ആക്രമണം ശക്തമാക്കി. എന്നാൽ, േഗാളി മാനുവൽ നൂയറുടെ മിടുക്കിനെ കീഴ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ 11 കളികളിലും തുടർച്ചയായി വിജയം കുറിച്ചാണ് ബയേൺ വീണ്ടും ജേതാക്കളായത്. ഡിസംബർ ആദ്യവാരം ബൊറൂസിയ മോൺഷെങ്ഗ്ലാബാക്കിനോട് 2-1ന് തോറ്റശേഷം അപരാജിത കുതിപ്പാണ് ചാമ്പ്യൻ ടീമിേൻറത്. ഫെബ്രുവരിയിൽ ലൈപ്സിഷിനോട് ഗോൾരഹിത സമനില വഴങ്ങിയതൊഴിച്ചാൽ മറ്റു മത്സരങ്ങളിലെല്ലാം വിജയം ബയേണിെനാപ്പമായിരുന്നു. സീസണിെൻറ തുടക്കത്തിൽ ഏറെ പിന്നിലായശേഷമാണ് ഹാൻസി ഫ്ലിക് പരിശീലിപ്പിച്ച ടീം തുടർജയങ്ങളോടെ മുന്നേറിയത്.
ഇതോടെ ബുണ്ടസ്ലീഗയിൽ 30 തവണ കിരീടമുയർത്തുന്ന ടീമായി ബയേൺ. യൂറോപ്പിൽ, 35 തവണ സീരീ എ കിരീടം നേടിയ യുവൻറസും 33തവണ ലാ ലീഗ കിരീടം നേടിയ റയൽ മഡ്രിഡുമാണ് കിരീടനേട്ടത്തിൽ മ്യൂണിക്കുകാർക്ക് മുന്നിൽ. സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് തന്ത്രങ്ങൾ മെനയുന്ന ബയേണിന് മുന്നിൽ ഇനി ജർമൻ കപ്പ് ഫൈനലും ചാമ്പ്യൻസ് ലീഗുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.