റഷ്യൻ വിപ്ലവത്തിന് ബിഗ് സല്യൂട്ട്
text_fieldsമോസ്കോ: 2016 ആഗസ്റ്റിലാണ് റഷ്യൻ ടീമിനെ പരിശീലിപ്പിക്കാൻ മുൻ ദേശീയ താരം കൂടിയായ സ്റ്റാനിസ്ലാവ് ചെർഷെസോവിനെ ഫുട്ബാൾ ഫെഡറേഷൻ വിളിക്കുന്നത്. സോവിയറ്റ് യൂനിയനും പിന്നീട് റഷ്യക്കും വേണ്ടി വലകാത്ത സ്റ്റാനിസ്ലാവിന് പരിശീലക കരിയറിൽ എണ്ണിപ്പറയാൻ അപ്പോൾ കൂടുതലൊന്നും ഉണ്ടായിരുന്നില്ല. യൂറോപ്പിലെ, വമ്പന്മാരുമായി മാറ്റുരാക്കാൻ പോകുന്ന വിശ്വപോരാട്ടത്തിന്, യൂറോപ്യൻ കോച്ചുമാർ തന്നെ വേണമെന്ന വാദങ്ങൾക്കിടെയായിരുന്നു ഇത്. ആ വിമർശനങ്ങൾ പോലെത്തന്നെയായി കാര്യങ്ങൾ. ലോകകപ്പിനു തൊട്ടുമുമ്പ് കളിച്ച ഏഴ് സൗഹൃദമത്സരങ്ങളിൽ റഷ്യ ഒന്നിൽ പോലും വിജയിച്ചില്ല. നാലു തോൽവിയും മൂന്ന് സമനിലയും. ഇതോടെ കോച്ചിനെ മാറ്റാൻ മുറവിളിയായി. ലോകകപ്പിൽ ഗ്രൂപ് റൗണ്ട് പോലും കടക്കാതെ 70ാം സ്ഥാനക്കാർ മടങ്ങുമെന്ന് പലരും പ്രവചിച്ചു.
എന്നാൽ, ലോകം കണ്ടത് മറ്റൊന്നായിരുന്നു. സ്റ്റാനിസ്ലാവ് ചെർഷെസോവിെൻറ കുട്ടികൾ കോച്ചിനോടുള്ള വിശ്വാസം കാത്തു. മറ്റൊരു ‘റഷ്യൻ വിപ്ലവത്തിന്’ ലോകം സാക്ഷിയായി. ഡെനിസ് ചെറിഷേവും ആർടം സ്യൂബയും ഗൊലോവിനുമടങ്ങിയ സംഘം തിമർത്തുകളിച്ചു. ഏഷ്യയിലെ കൊമ്പന്മാരായ സൗദിയെ 5-0ത്തിന് തോൽപിച്ച് ടൂർണമെൻറിലെ കറുത്തകുതിരകൾ തങ്ങൾ തന്നെയെന്ന് പ്രഖ്യാപിച്ചായിരുന്നു തുടക്കം.
പിന്നാെല, ഗ്ലാമർ താരം മുഹമ്മദ് സലാഹിെൻറ ഇൗജിപ്തിനെ രണ്ടാം മത്സരത്തിൽ 3-1നും തോൽപിച്ച് നേരത്തെതന്നെ നോക്കൗട്ടുറപ്പിച്ചു. ഉറുഗ്വായ്യോട് തോറ്റെങ്കിലും കളിമികവിന് മങ്ങലൊന്നും വന്നില്ല.
പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരും യൂറോപ്പിലെ അതികായകരുമായ സ്പെയിനിനെ ലഭിച്ചപ്പോൾ, കഥ കഴിഞ്ഞെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ, ആയിരത്തിലധികം പാസുകളുമായി കളംവാണു കളിച്ച സ്പെയിനിന് റഷ്യയെ തോൽപിക്കാനായില്ല.
ക്ലബ് ഫുട്ബാളിലെ ഗ്ലാമർ താരങ്ങളെല്ലാം അകിൻഫീവ് എന്ന പറക്കും ഗോൾകീപ്പർക്കുമുന്നിൽ മുട്ടുമടക്കി നാട്ടിലേക്കുമടങ്ങി. ഒടുവിൽ ക്വാർട്ടറിൽ ക്രൊയേഷ്യക്കുമുന്നിൽ ഷൂട്ടൗട്ടിൽ തോൽവി സമ്മതിച്ചെങ്കിലും ആതിഥേയ ടീമിന് തലയുയർത്തിത്തന്നെ കളംവിടാം. െഎസ്ഹോക്കിയെ മാത്രം പ്രോത്സാഹിപ്പിച്ചിരുന്ന റഷ്യക്കാർ ഫുട്ബാളും തങ്ങൾക്ക് വഴങ്ങുമെന്ന് മനസ്സിലാക്കിയിരിക്കുന്നു. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പോലും കോച്ചിനെ അഭിനന്ദിച്ച് രംഗത്തുവന്നു. ചെർഷസോവിെൻറ ഗോളുകളെ പുകഴ്ത്താനും പ്രസിഡൻറ് മറന്നില്ല.
പുടിൻ മാത്രമല്ല, ഫുട്ബാൾ ലോകം ഒന്നടങ്കം എഴുന്നേറ്റുനിന്ന് ആ കളിക്കാർക്ക് കൈയടിക്കുകയാണ് ചന്തമാർന്ന നീക്കവുമായി പുൽമൈതാനിയിൽ വമ്പന്മാരെ വിറപ്പിച്ച് 21ാം ലോകകപ്പിലെ അത്ഭുതങ്ങളായിമാറിയ ചെർഷസോവിെൻറ ചുവന്ന ചെകുത്താന്മാർക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.