സന്തോഷ് ട്രോഫി : കേരളത്തെ സീസൻ നയിക്കും
text_fieldsകൊച്ചി: വംഗനാടൻ മണ്ണിൽ പിടിച്ചെടുത്ത രാജ്യത്തിെൻറ ഫുട്ബാൾ കിരീടം നിലനിർത്താനു ള്ള കേരളത്തിെൻറ 20 അംഗപടയാളികൾ ആയി. മുൻ ഇന്ത്യൻ താരം വി.പി ഷാജി പരിശീലിപ്പിക്കുന്ന ടീ മിനെ എസ്.ബി.െഎയുടെ പരിചയ സമ്പന്നനായ താരം എസ്. സീസൺ നയിക്കും. തമിഴ്നാട്ടിലെ നെയ് വേലിയിൽ നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള 20 അംഗ ടീ മിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ കേരളത്തിന് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗോൾകീപ്പർ വി. മിഥുനാണ് വൈസ് ക്യാപ്റ്റൻ. ഒമ്പത് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയപ്പോൾ ബംഗാളില്‍ കിരീടം നേടിയ ടീമിലെ പത്തു പേരും ഇടം നേടി. പരിചയ സമ്പത്തിനും യുവത്വത്തിനും ഒരേപോലെ മുൻതൂക്കം നൽകിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
മുഹമ്മദ് ഷരീഫ്, ഫ്രാന്‍സിസ്, സ്റ്റെഫിന് ദാസ്, അലക്സ് സജി, മുഹമ്മദ് അസ്ഹർ, മുഹമ്മദ് സലാഹ്, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്ത്, സഫ്വാൻ, ഗിഫ്റ്റി ഗ്രേഷ്യസ് എന്നിവരാണ് പുതുമുഖങ്ങൾ. മറ്റു താരങ്ങളില്‍ ജിപ്സണ്‍ ഒഴികെ മറ്റുള്ളവർ ചാമ്പ്യൻ ടീമിലെ അംഗങ്ങളായിരുന്നു. 21 വയസിന് താഴെയുള്ള അഞ്ചു താരങ്ങളും ടീമിലുണ്ട്. വി.പി ഷാജിക്കു കീഴിൽ 2017 സന്തോഷ് ട്രോഫിയില്‍ കേരളം സെമിഫൈനൽ വരെയെത്തിയിരുന്നു. മില്‍ട്ടണ്‍ ആൻറണിയാണ് സഹ പരിശീലകൻ. എസ്.ഗീവര്‍ഗീസ് ടീം മാനേജർ. കഴിഞ്ഞ വർഷം സതീവൻ ബാലൻ പരിശീലിപ്പിച്ച ടീം ഫൈനലിൽ ബംഗാളിനെ കീഴടക്കിയാണ് കപ്പടിച്ചത്.
ദക്ഷിണമേഖലാ യോഗ്യത റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ് ബിയിലാണ് കേരളം. ഫെബ്രുവരി നാലിന് തെലങ്കാനയെയും, ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സർവിസസിനെയും നേരിടും.
വാർത്തസമ്മേളനത്തിൽ കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ മേത്തർ, രാംകോ സിമൻറ്സ് ലിമിറ്റഡ് മാർക്കറ്റിങ് വൈസ് പ്രസിഡൻറ് രഞ്ജിത് ജേക്കബ് മാത്യൂസ്, എ. ഗോപകുമാർ, കെ.പി. സണ്ണി, രഞ്ജി കെ.ജേക്കബ്, പി.അഷ്റഫ്, എം.ആർ. രഞ്ജിത്, രാംകോ സിമൻറ് ബോർഡ് മാനേജ്മെൻറ് ഡെപ്യൂട്ടി മാനേജർ വി. വിവേക് എന്നിവർ പങ്കെടുത്തു. യോഗ്യതാ മത്സരത്തിനുള്ള കേരള ടീം 31ന് രാവിലെ 7.10ന് ടീം പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.